ചൈനയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 വിമാനങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിനായി പ്രത്യേക സംഘങ്ങളെ അയച്ചതായും ഡി.ജി.സി.എ. അറിയിച്ചു. 

To advertise here,

തിങ്കളാഴ്ചയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737-800 വിമാനം  132 യാത്രക്കാരുമായി തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കുന്‍മിങില്‍നിന്നു ഗാങ്‌ഷോയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ 737-800 വിമാനങ്ങളും ചൈന ഈ സ്റ്റേണ്‍ എയര്‍ലൈന്‍സ് താഴെ ഇറക്കി. 

വിമാനങ്ങളുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും തങ്ങള്‍ സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യന്‍ വ്യോമയാന അതോറിറ്റിയായ ഡി.ജി.സി.എ. മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. അതിന്റെ ഭാഗമായി ബോയിങ് 737 വിമാനങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ബോയിങ് 737 വിമാനങ്ങളുണ്ട്. 

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ചൈനയുമായി സഹകരിക്കുമെന്ന് വിമാന നിര്‍മാതാക്കളായ ബോയിങ് പറഞ്ഞു. 4208 ബോയിങ് 737-800 പാസഞ്ചര്‍ പ്രെയിനുകള്‍ സേവനം നടത്തുന്നുണ്ടെന്നാണ് ഏവിയേഷന്‍ അനലറ്റിക്‌സ് സ്ഥാപനമായി സിറിയം പറയുന്നത്. അതില്‍ കാല്‍ ഭാഗവും ചൈനയിലാണ്. 

1990-കളിലാണ് 737-800 വിമാനങ്ങള്‍ ആദ്യമായി നിര്‍മിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ഇതിനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട വിമാനത്തിന് ഏഴ് വര്‍ഷം മാത്രമേ പഴക്കം ഉണ്ടായിരുന്നുള്ളൂ. കത്തിയമര്‍ന്ന വിമാനത്തില്‍നിന്നു ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.