നാസയുടെ ESCAPADE ചൊവ്വ ദൗത്യത്തിന് തുടക്കം. ചൊവ്വയിലേക്കുള്ള പേടകങ്ങള്‍ ബ്ലൂ ഒറിജിന്റെ കൂറ്റന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചു. പ്രതികൂല കാലാവസ്ഥയും ശക്തമായ സൗരക്കാറ്റും കാരണം പലതവണ മാറ്റിവെച്ച ദൗത്യം കേപ് കാനവെറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 36-ല്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്.

To advertise here,

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിക്കും ബഹുഗ്രഹ പര്യവേക്ഷണത്തിന്റെ ഭാവിക്കും ഒരു ചരിത്ര ദിനമാണ് ഇന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്. 321 അടി ഉയരമുള്ള കൂറ്റന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റിന്റെ രണ്ടാമത്തെ മാത്രം വിക്ഷേപണമാണിത്. ഇതോടെ റോബോട്ടിക് ചൊവ്വാ പര്യവേക്ഷണത്തിലും വാണിജ്യപരമായ ഹെവി-ലിഫ്റ്റ് റോക്കറ്റുകളുടെ രംഗത്തും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.

പേടകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുക 2027-ഓടെ

ബ്ലൂ, ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഇരട്ട എസ്‌കപേഡ് പേടകങ്ങളാണ് ഈ ദൗത്യത്തിന്റെ കാതല്‍. ചൊവ്വയ്ക്ക് അതിന്റെ അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും എങ്ങനെ നഷ്ടപ്പെട്ടു എന്ന് പഠിക്കാനാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗ്രഹത്തിന്റെ പരിണാമത്തെയും വാസയോഗ്യതയെയും കുറിച്ച് മനസിലാക്കുന്നതിനുള്ള ഒരു അടിസ്ഥാന ചോദ്യമാണിത്.

നാസയുടെ സിംപ്ലെക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ചെറുതും അതിനൂതനവുമായ ഈ ഉപഗ്രഹങ്ങള്‍ ചൊവ്വയുടെ കാന്തികമണ്ഡലത്തെയും പ്ലാസ്മ പരിസ്ഥിതിയെയും കുറിച്ച് പഠിക്കും. കോടിക്കണക്കിന് വര്‍ഷങ്ങളായി നടക്കുന്ന അന്തരീക്ഷ നഷ്ടപ്പെടല്‍ പ്രക്രിയകളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുന്ന വിവരങ്ങള്‍ ഇവ ശേഖരിക്കും. 22 മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം ഭാവിയിലെ മനുഷ്യ പര്യവേക്ഷണ പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടായി മാറും.

ഇന്ന് വിക്ഷേപിച്ച പേടകങ്ങള്‍ ഒരു വര്‍ഷത്തോളം ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉണ്ടായിരിക്കും. അതിനുശേഷം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിക്കും. 2027-ഓടെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം പേടകങ്ങള്‍ ഒരുമിച്ച് പറന്ന് ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കും. ഈ ദൗത്യം 2029 വരെ തുടരും.

ന്യൂ ഗ്ലെന്‍ റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി

ഇന്നത്തെ വിജയകരമായ ദൗത്യത്തിനുശേഷം ന്യൂ ഗ്ലെന്‍ റോക്കറ്റിന്റെ ആദ്യ ഘട്ടം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിലയുറപ്പിച്ച ജാക്ലിന്‍ എന്ന കപ്പലില്‍ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനി വിജയകരമായി ഇറക്കി. പുനരുപയോഗിക്കാവുന്ന ഹെവി-ലിഫ്റ്റ് റോക്കറ്റുകള്‍ക്കായുള്ള ബ്ലൂ ഒറിജിന്റെ ശ്രമങ്ങള്‍ക്ക് ഇതൊരു വലിയ മുന്നേറ്റമാണിത്.

നിലവില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് മാത്രമാണ് വമ്പന്‍ ബൂസ്റ്റര്‍ വീണ്ടെടുക്കല്‍ വിജയകരമായി നടത്തിയിട്ടുള്ളത്. ന്യൂ ഗ്ലെന്നിന്റെ ഈ വിജയത്തോടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ സാങ്കേതികവിദ്യയില്‍ സ്‌പേസ് എക്‌സിന്റെ പ്രധാന എതിരാളിയായി ബ്ലൂ ഒറിജിന്‍ മാറി.

പറന്നുയര്‍ന്ന് ഏകദേശം ഒമ്പത് മിനിറ്റിനുശേഷമാണ് 321 അടി ഉയരമുള്ള ബൂസ്റ്റര്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്ലൂ ഒറിജിന്റെ ഡ്രോണ്‍ഷിപ്പില്‍ വന്നിറങ്ങിയത്. ശക്തമായ കുതിപ്പിന് ശേഷമുള്ള ബൂസ്റ്ററിന്റെ വിജയകരമായ സ്വയംനിയന്ത്രിത ലാന്‍ഡിംഗ് ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് ലാന്‍ഡിംഗുകള്‍ക്ക് തുടക്കമിട്ട സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9-ന്റെ നേട്ടത്തിനൊപ്പം ഇതോടെ ബ്ലൂ ഒറിജിനും എത്തിയിരിക്കുന്നു.

വിക്ഷേപണച്ചെലവ് കുറയ്ക്കുന്നതിനും വിക്ഷേപണങ്ങളുടെ എണ്ണം കൂട്ടുന്നതിനും ഈ വീണ്ടെടുക്കല്‍ ശേഷി നിര്‍ണായകമാണ്. ഈ ബൂസ്റ്റര്‍ 25 തവണ വരെ പുനരുപയോഗിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.