ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി കരാർ ഒപ്പുവെച്ച് എയർടെൽ. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായാണ് കരാർ. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ആദ്യ കരാറാണിത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റാർലിങ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർടെൽ വഴി ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കും. എയർടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാർലിങ്ക് ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യും. ഇന്ത്യയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുഗമമായ ഇന്റർനെറ്റ് സേവനങ്ങൾ സ്റ്റാർലിങ്കിലൂടെ ഉറപ്പാക്കാനും എയർടെൽ പദ്ധയിടുന്നുണ്ട്.
ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് എയർടെൽ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. ഇന്ത്യയിലെ ടെലികോം മേഖലയിൽ വലിയ പങ്കുവഹിച്ച എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്പെയ്സ് എക്സും അറിയിച്ചു.
രണ്ടുവർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ, സ്റ്റാർലിങ്കിന്റെ പ്രവർത്തനം ഇന്ത്യയിൽ തുടങ്ങാൻ താൽപര്യമുണ്ടെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇന്റർനെറ്റ് ഇല്ലാത്ത വിദൂര ഗ്രാമങ്ങളിൽപോലും അതിവേഗ സേവനം ലഭ്യമാക്കാൻ സംവിധാനത്തിലൂടെ കഴിയുമെന്നായിരുന്നു മസ്ക് അന്നു പറഞ്ഞത്. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് 2022 നവംബറിലാണ് ഇന്ത്യയിൽ ആദ്യമായി പ്രവർത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാപരിശോധനകൾ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂർത്തിയാക്കിയിരുന്നു.
2023 നവംബറിൽ, ഭാരതി എയർടെല്ലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമായ വൺ വെബ്ബിന് വാണിജ്യ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽനിന്ന് അനുമതി ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ഈ അനുമതി നേടുന്ന ആദ്യ സ്ഥാപമായി വൺ വെബ്ബ് മാറി.
സ്റ്റാർലിങ്ക്
ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ വിന്യസിക്കുകയാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയിൽ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാകും. പരമ്പരാഗത രീതിയിൽ കേബിൾ വലിക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റർനെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റിൽ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയിൽ ഡൗൺലോഡ് വേഗത സ്റ്റാർലിങ്ക് ഉറപ്പുനൽകുന്നുണ്ട്. 20 മില്ലിസെക്കന്റിൽ താഴെ ലേറ്റൻസിയിലുള്ള മികച്ച നെറ്റ് വർക്കാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Bharti Airtel Partners With SpaceX To Launch Starlink Internet Services India
Published: 11 Mar 2025, 07:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented