
ഇന്ത്യയിൽ ആദ്യമായി ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കാബ് സർവീസ് സംരംഭമാണ് ഭാരത് ടാക്സി. ഫെബ്രുവരി 5 വ്യാഴാഴ്ച ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആപ്പ് പുറത്തിറക്കിയതോടെ ആപ്പ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
നിലവിൽ ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഭാരത് ടാക്സി സേവനം ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ രാജ്യമൊട്ടാകെ സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. "മൂന്ന് വർഷത്തിനുള്ളിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയും ദ്വാരക മുതൽ കാമാഖ്യ വരെയും ഭാരത് ടാക്സി വ്യാപിപ്പിക്കും" എന്ന് ആപ്പ് പുറത്തിറക്കിക്കൊണ്ട് മന്ത്രി അമിത് ഷാ പറഞ്ഞു.
ഒരു സഹകരണപ്രസ്ഥാനം
സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ പുതിയ ടാക്സി സർവീസ്, യാത്രക്കാർക്ക് സുതാര്യമായ നിരക്ക് ഉറപ്പാക്കുന്നതോടൊപ്പം ഡ്രൈവർമാർക്ക് മെച്ചപ്പെട്ട വരുമാനം നൽകാനും ലക്ഷ്യമിടുന്നു. ഈ സ്ഥാപനത്തിൽ ഓരോ ഡ്രൈവർക്കും ഈ പ്രസ്ഥാനത്തിന്റെ അഞ്ച് ഓഹരികൾ വീതം കൈവശം വെക്കാനാവും. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ കാബ് സേവനങ്ങൾക്ക് ബദലായി ഭാരത് ടാക്സി പ്രയോജനപ്പെടുത്താം.
ആകർഷണം കുറഞ്ഞ നിരക്ക് എന്ന വാഗ്ദാനം
ഭാരത് ടാക്സിയെ വേറിട്ടതാക്കുന്നത് ഈ വാഗ്ദാനമാണ്. സഹകരണ മാതൃകയിലാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. ഓഹരി ഉടമകളായതിനാൽ അടിസ്ഥാനപരമായി, ആപ്പിന്റെ ഉടമകൾ ഡ്രൈവർമാർ തന്നെ ആയതിനാൽ ഓരോ യാത്രയ്ക്കും ആപ്പിന് പ്രത്യേക കമ്മീഷൻ നൽകേണ്ടതില്ല. ഇക്കാരണത്താൽ ഒല, ഊബർ എന്നിവയിൽനിന്ന് വ്യത്യസ്തമായി യാത്രക്കാർക്ക് കുറഞ്ഞ നിരക്ക് ലഭ്യമാകാൻ സഹായിച്ചേക്കാം. എങ്കിലും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനായി ഡ്രൈവർമാർ പ്രതിദിനം 30 രൂപ സ്ഥിരമായ ഫീസ് നൽകേണ്ടതുണ്ട്.
മറ്റ് കാബ് സേവനങ്ങളെ അപേക്ഷിച്ച് ഭാരത് ടാക്സിയിൽ 30 ശതമാനം വരെ നിരക്ക് കുറവായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ ഇത് പ്രായോഗികതലത്തിൽ വന്നിട്ടില്ല. നിലവിൽ മറ്റ് ആപ്പുകളിലെ നിരക്കിന് സമാനമായരീതിയിലാണ് ഭാരത് ടാക്സികളും നിരക്ക് ഈടാക്കുന്നത്. ചില സന്ദർഭങ്ങളിൽ കൂടുതൽ തുകയും ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഭാരത് ടാക്സി ആപ്പ് എങ്ങനെ ഉപയോഗിക്കാം
- മറ്റ് ആപ്പുകളെ പോലെ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.
- ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ 'സ്വദേശി', 'സഹകാർ', 'സുരക്ഷ', 'സേവ' എന്നിങ്ങനെ നാല് സ്ലൈഡുകൾ കാണാം. അതിനു താഴെയുള്ള 'ഗെറ്റ് സ്റ്റാർട്ടഡ്' ബട്ടണിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടും.
- തുടർന്ന് ഒ.ടി.പി. വഴി നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തും. വെരിഫിക്കേഷൻ പൂർത്തിയായാൽ ഹോം സ്‌ക്രീനിൽ എത്തും. അവിടെനിന്ന് ടാക്സി ബുക്ക് ചെയ്യാം.
മെട്രോ ട്രെയിൻ ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യം, ടാക്സി ബുക്കിങ്, നിശ്ചിത മണിക്കൂറുകളിലേക്ക് കാബ് വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം (പരമാവധി 12 മണിക്കൂർ), അന്തർ സംസ്ഥാന യാത്രകൾക്കുള്ള ബുക്കിങ് (ഇന്റർസിറ്റി റൈഡ്) എന്നിങ്ങനെ നാല് സേവനങ്ങളാണ് ആപ്പ് നൽകുന്നത്. എ.സി./നോൺ എ.സി. കാബുകൾ, എക്സ്.എൽ. കാബുകൾ, ഓട്ടോ, ബൈക്ക് ടാക്സി എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ആപ്പിലുണ്ട്. നിലവിലുള്ള മറ്റ് റൈഡ്-ഹെയിലിംഗ് സേവനങ്ങൾക്ക് സമാനമായ ഇൻറർഫെയ്സ് ആണ് ഭാരത് ടാക്സി ആപ്പിനും.
ഡൽഹിയിൽ ഡൽഹി പോലീസുമായി സഹകരിച്ച് പ്രത്യേക ഹെൽപ്പ് ലൈൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ഡ്രൈവർമാരെയും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ടെന്നും പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നു.
Content Highlights: Bharat Taxi Launched: Government Cab Service to Rival Ola and Uber | How to Use
Published: 07 Feb 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented