ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരം സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങൾക്ക് ആർട്ടിമിസ് II വിജയത്തോടെ പ്രതീക്ഷയേറി. ഭാവിയിലെ ചൊവ്വ പര്യവേക്ഷണങ്ങൾക്കുള്ള താവളം ചന്ദ്രനിൽ സ്ഥാപിക്കുന്നത് അടക്കമുള്ള വലിയ ലക്ഷ്യങ്ങളാണ് ആർട്ടെമിസിന് പിന്നിലുള്ളത്. അതിനിടെ, ആർട്ടിമിസ് II രണ്ട് വമ്പൻ ടെക് കമ്പനികൾ തമ്മിലുള്ള മത്സരം ബഹിരാകാശത്തും എത്തിച്ചും എന്നകാര്യമാണ് ടെക് ലോകത്ത് ശ്രദ്ധനേടുന്നത്.

To advertise here,

ചരിത്രപരമായ ദൗത്യം നാസയിൽ നിന്നുള്ള കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്‌പേസ് ഏജൻസിയിൽ നിന്നുള്ള മിഷൻ സ്‌പെഷ്യലിസ്റ്റ് ജെറമി ഹാൻസൻ എന്നിവരാണ് വിജയകരമായി പൂർത്തിയാക്കിയത്. സഞ്ചാരികൾ ഐഫോൺ 17 പ്രോയിൽ എടുത്ത അതിശയകരമായ ഹൈ-ഡെഫനിഷൻ ഫോട്ടോകൾ വൈറലായി. അതിനിടെ ഔട്ട്ലുക്ക് ക്രാഷ് ആയതിനാൽ മിഷൻ കമാൻഡറിന് ഹൂസ്റ്റണിലേക്ക് റേഡിയോ വഴി ബന്ധപ്പെടേണ്ടിവന്നതും വാർത്തകളിൽ നിറഞ്ഞു. ആപ്പിളും മൈക്രോസോഫ്റ്റും തമ്മിലുള്ള മത്സരം വീണ്ടും കത്തിക്കയറുന്നതിന് ഈ സംഭവങ്ങൾ ഇടയാക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഭൂമിയിലല്ല ബഹിരാകാശത്തായിരുന്നു ഇത്തവണ വമ്പൻ ടെക് കമ്പനികൾ തമ്മിലുള്ള മത്സരം എന്നതും ശ്രദ്ധേയമാണ്.

ശാസ്ത്രീയ ചിത്രീകരണത്തിനായി നാസ നിക്കോൺ ഗിയറാണ് ഉപയോഗിക്കുന്നത്. ആർട്ടിമിസ് II ന്റെ പ്രാഥമിക ക്യാമറയായി ഉപയോഗിച്ചതും ഡിഎസ്എൽആർ ക്യാമറയായ നിക്കോൺ ഡി5 ആയിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായി നാസ ഐഫോൺ 17 പ്രോ മാക്‌സ് ദൗത്യസംഘത്തിന്റെ വ്യക്തിഗത ഉപയോഗത്തിനായി അനുവദിച്ചു. ബഹിരാകാശ സഞ്ചാരികൾ അതിന്റെ ക്യാമറ പരീക്ഷിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല.

കമാൻഡർ റീഡ് വൈസ്മാനും മിഷൻ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ചും ഭൂമിയുടേതടക്കം നിരവധി ചിത്രങ്ങൾ പകർത്തി. പല കമ്പനികളും ഫോണുകളിൽ 'സ്പേസ് സൂം' ലോഗോകൾ പതിക്കാറുണ്ടെങ്കിലും ഐഫോൺ യഥാർത്ഥത്തിൽ ബഹിരാകാശത്തുവെച്ചുതന്നെ അതിന്റെ മികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ആ നേട്ടം അടുത്തകാലത്തൊന്നും ആർക്കും ആപ്പിളിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. ഐഫോൺ 17 പ്രോ ബഹിരാകാശത്ത് തടസമില്ലാതെ പ്രവർത്തിച്ചത് ആപ്പിളിന്റെ മികച്ച സാങ്കേതികവിദ്യയുടെ തെളിവായി മാറി.

ദൗത്യസംഘം തിരിച്ചെത്തിയശേഷം അഭിനന്ദനവുമായി ആപ്പിൾ സിഇഒ ടിം കുക്ക് രംഗത്തെത്തി. 'വിജയകരമായ ആർട്ടിമിസ് II ദൗത്യത്തിന് അഭിനന്ദനങ്ങൾ. നിങ്ങൾ ബഹിരാകാശത്തിന്റെയും നമ്മുടെ ഗ്രഹത്തിന്റെയും അത്ഭുതങ്ങൾ മനോഹരമായി പകർത്തി. ഐഫോൺ ഫോട്ടോഗ്രാഫിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി, നിങ്ങൾ അത് ലോകവുമായി പങ്കുവെച്ചതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. നിങ്ങളുടെ പ്രവർത്തനം നമ്മെയെല്ലാം വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്വാഗതം' - ടിം കുക്ക് എക്‌സിൽ കുറിച്ചു.

ഐഫോൺ അഭിമാനം ഉയർത്തുന്നതിനിടെ മൈക്രോസോഫ്റ്റിന് ചില കഠിനമായ യാഥാർഥ്യങ്ങൾ തിരിച്ചറിയേണ്ടിവന്നു. തത്സമയ സംപ്രേക്ഷണത്തിനിടെയാണ് കമാൻഡർ വൈസ്മാൻ ഗുരുതരമായ ഒരു പ്രശ്‌നം ഭൂമിയിലെ മിഷൻ കൺട്രോളിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കുകളിൽ ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് വൈസ്മാൻ മിഷൻ കൺട്രോളിനെ അറിയിച്ചു. പതിറ്റാണ്ടുകളായി മൈക്രോസോഫ്റ്റ് ലോകത്തെ ടെക് അടിസ്ഥാന സൗകര്യങ്ങളുടെ നട്ടെല്ലായിരുന്നുവെങ്കിലും ആർട്ടിമിസ് II ദൗത്യത്തിനിടെ അതിന്റെ തിളക്കം നഷ്ടപ്പെട്ടു.

ഈ സംഭവം ടെക് കമ്പനികൾ തമ്മിൽ 1970-കളുടെ മധ്യത്തിൽ ആരംഭിച്ച മത്സരത്തിലെ ഏറ്റവും പുതിയ അധ്യായം മാത്രമാണ്. ആധുനിക കമ്പ്യൂട്ടിങ്ങിന്റെ രൂപവും ഭാവവും കണ്ടുപിടിച്ചത് ആപ്പിൾ ആണെങ്കിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ലോകത്തിലെ എല്ലാ പിസി നിർമ്മാതാക്കൾക്കും ലൈസൻസ് നൽകി. ഐപോഡും ഐഫോണും വിപണിയിലെത്തിച്ച് ആപ്പിൾ തിരിച്ചടിച്ചു. പിന്നീട് മത്സരം ജനങ്ങളുടെ പോക്കറ്റുകളിലേക്ക് മാറ്റി. അതിനുശേഷം ക്ലൗഡിലേക്കും എഐയിലേക്കും നീങ്ങി. ഒടുവിൽ ബഹിരാകാശത്തുവരെ എത്തിനിൽക്കുയാണ് ആ മത്സരം.