സ്വകാര്യതാ കേസ് തീര്‍പ്പാക്കാന്‍ 9.5 കോടി ഡോളര്‍ (814.78 കോടി ഇന്ത്യന്‍ രൂപ) നല്‍കാമെന്ന് സമ്മതിച്ച് ആപ്പിള്‍. വോയിസ് അസിസ്റ്റന്റായ സിരി ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിലാണ് ഇത്ര വലിയ തുക ആപ്പിള്‍ നല്‍കേണ്ടത്. തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

To advertise here,

യു.എസ്സിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഓക്ലാന്‍ഡിലുള്ള ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കേസ് തീര്‍പ്പാക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ ഫയല്‍ ചെയ്തത്. പിന്നീട് ഇത് യു.എസ്. ഡിസ്ട്രിക്ട് ജഡ്ജായ ജെഫെറി വൈറ്റിന്റെ അംഗീകരത്തിനായി നല്‍കുകയായണ് ചെയ്തത്. 

ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരി സ്ഥിരമായി തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ റെക്കര്‍ഡ് ചെയ്യുകയും ഇവ പരസ്യക്കാര്‍ ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികളുമായി പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയുമായി നിരവധി മൊബൈല്‍ ഉപഭോക്താക്കളാണ് രംഗത്തെത്തിയത്. അബദ്ധവശാല്‍ സിരി തുറന്നതിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഉപഭോക്താവ് 'ഹേയ് സിരി' പോലുള്ള ചില പ്രത്യേക വാക്കുകള്‍ പറയുമ്പോഴാണ് സിരി പ്രവര്‍ത്തനക്ഷമമാകുക. 

എയര്‍ ജോര്‍ദാന്‍ സ്‌നീക്കേഴ്‌സിനേയും ഒലീവ് ഗാര്‍ഡന്‍ റെസ്റ്ററന്റുകളെയും കുറിച്ച് പറഞ്ഞതിനുശേഷം ഇവയെ കുറിച്ചുള്ള പരസ്യങ്ങളാണ് തങ്ങള്‍ കാണുന്നതെന്ന് ആപ്പിളിനെതിരെ കേസ് നല്‍കിയ രണ്ട് ഉപഭോക്താക്കള്‍ പറഞ്ഞു. തന്റെ ഡോക്ടറുമായി ശസ്ത്രക്രിയയെ കുറിച്ച് നടത്തിയ സ്വകാര്യസംഭാഷണത്തിന് ശേഷം ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ് താന്‍ കാണുന്നതെന്ന് മറ്റൊരാളും പറഞ്ഞു.