ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ അവതരണ പരിപാടി നടക്കാന്‍ പോവുന്നു. മേയ് ഏഴിന് വൈകീട്ട് 7.30 നാണ് 'ലെറ്റ് ലൂസ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി നടക്കുക. ആപ്പിളില്‍ നിന്നും സുപ്രധാനമായ പുതിയ പല പ്രഖ്യാപനങ്ങളും ഈ പരിപാടിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

To advertise here,

ആപ്പിള്‍ യാതൊരു വിധ സൂചനകളും പരിപാടിയുടെ ഉള്ളടക്കത്തെ കുറിച്ച് നല്‍കിയിട്ടില്ലെങ്കിലും നിരവധി അഭ്യൂഹങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. പുതിയ ഉല്പന്നങ്ങളും സേവനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും ഇന്ന് കമ്പനി നടത്തിയേക്കുമെന്നും സെപ്റ്റംബറിലെ ഐഒഎസ് 18, ഐഫോണ്‍ 16 സീരീസ് അവതരണത്തിന്റെ സൂചനകള്‍ പങ്കുവെച്ചേക്കാമെന്നും കരുതുന്നു.

ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ്- എന്തെല്ലാം പ്രതീക്ഷിക്കാം

പുതിയ എം4 ചിപ്പ്

ആപ്പിള്‍ പതിയ എം4 ചിപ്പുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ന്യൂറല്‍ പ്രൊസസിങ് ശേഷിയുള്ള ചിപ്പ് ആയിരിക്കും ഇത്. എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ താമസിയാതെ ആപ്പിള്‍ ഉപകരണങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഐപാഡ് ഒഎസ് 18 ലും, ഐഒഎസ് 18 ലും എഐ ഫീച്ചറുകളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോള്‍ എഐ പ്രൊസസിങിന് അനുയോജ്യമായ വിധത്തിലാവും ഇതിന്റെ രൂപകല്‍പന. ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ ഐപാഡുകളില്‍ എം4 ചിപ്പുകള്‍ ആയിരിക്കുമെന്നാണ് വിവരം. 

ആപ്പിള്‍ ഐപാഡുകള്‍

2022 ലാണ് ആപ്പിള്‍ ഇതിന് മുമ്പ് ഐപാഡുകള്‍ അവതരിപ്പിച്ചത്. 2023 ല്‍ ഐപാഡുകള്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ തന്നെ സുപ്രധാനമായ ചില പരിഷ്‌കാരങ്ങളോടെ ഐപാഡുകള്‍ ഇന്നത്തെ പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിള്‍ ഐപാഡ് പ്രോ 12.9, ഐപാഡ് പ്രോ 11 എന്നിങ്ങനെ രണ്ട് ഐപാഡ് പ്രോ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പുതിയ ഐപാഡ് പ്രോ മോഡലുകള്‍ ആപ്പിളിന്റെ പുതിയ എം4 ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പുമായെത്തുന്ന ആദ്യ മോഡലുകളായിരിക്കും ഇത്. ഇതില്‍ 12.9 ഇഞ്ച് പതിപ്പില്‍ ഒഎല്‍ഇഡി പാനലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രോ മോഡലുകളെ കൂടാതെ 12.9 ഇഞ്ച്, 10.9 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയര്‍ മോഡലുകളും ഇന്ന് അവതരിപ്പിച്ചേക്കും. ഇതില്‍ 12.9 ഇഞ്ച് ഐപാഡ് എയറില്‍ മിനി-എല്‍ഇഡി സ്‌ക്രീനും 10.9 ഇഞ്ച് മോഡലില്‍ എല്‍സിഡി പാനലും ആയിരിക്കും. 

പുതിയ മാജിക് കീബോര്‍ഡ്

മാജിക് കീബോര്‍ഡ് ആപ്പിള്‍ അപ്‌ഗ്രേഡ് ചെയ്തിട്ട് ഏറെ കാലമായി. ഈ വര്‍ഷം മാജിക് കീബോര്‍ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡല്‍ ഒട്ടും മോശമല്ല. അതിനാല്‍ തന്നെ രൂപകല്‍പനയിലും നിര്‍മാണത്തിലും ചില പുതുമകള്‍ അവതരിപ്പിക്കാനാവും നീക്കം. ഐപാഡ് പ്രോ മോഡലുകള്‍ക്ക് വേണ്ടിയാവും ഇവയെന്നും പ്രതീക്ഷിക്കുന്നു. 

ആപ്പിള്‍ പെന്‍സില്‍ 3 അല്ലെങ്കില്‍ പെന്‍സില്‍ പ്രോ

പുതിയ പെന്‍സില്‍ അവതരിപ്പിക്കുന്ന വിവരം ആപ്പിള്‍ മേധാവി ടിം കുക്ക് തന്നെ സൂചന നല്‍കിയിട്ടുണ്ട്. ആപ്പിള്‍ പെന്‍സില്‍ 3 ഇന്നത്തെ പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. കാന്തിക ശക്തിയുള്ള ആവശ്യാനുസരണം മാറ്റി ഉപയോഗിക്കാവുന്ന പെന്‍സില്‍ ടിപ്പുകള്‍ ആയിരിക്കും പുതിയ മോഡലിന്റെ സവിശേഷത. പെന്‍സിലിന്റെ ഒരു പ്രോ മോഡലും അവതരിപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.