ആപ്പിള്‍ എക്കാലത്തും നിര്‍മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും കനം കുറഞ്ഞ ഫോണായ ഐഫോണ്‍ എയര്‍ വിപണിയിലെത്തിയ സമയത്ത് വലിയ ശ്രദ്ധനേടിയിരുന്നു. വെറും 5.6 മില്ലീമീറ്റര്‍മാത്രം കനമുള്ള ഐഫോണ്‍ എയറിന് ഒരു പെന്‍സിലിനേക്കാള്‍ കനം കുറവാണ്. ടൈറ്റാനിയം ഫ്രെയിം ആണെങ്കിലും ഇതിന് ഭാരവും കുറവാണ്. 2020-ല്‍ ഐഫോണ്‍ 12 മിനി പുറത്തിറങ്ങിയതിനു ശേഷമുള്ള ഏറ്റവും ഭാരം കുറഞ്ഞ ഐഫോണ്‍ ആയിരുന്നു ഇത്. കനം കുറഞ്ഞ രൂപകല്‍പ്പനയാണെങ്കിലും ഐഫോണ്‍ എയര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്. എന്നാല്‍ ഐഫോണ്‍ എയറിന്റെ ഉത്പാദനം ആപ്പിള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ മോഡലുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യുകയാണെന്ന് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

വിപണിയില്‍നിന്നുള്ള ഡിമാന്‍ഡ് പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കുന്നതിനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്പാദനം നിര്‍ത്തുന്ന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ചൈനയില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഐഫോണ്‍ എയര്‍ വിറ്റുതീര്‍ന്നുവെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തുടര്‍ന്ന് മൊത്തത്തിലുള്ള സ്വീകാര്യത മങ്ങിയതായിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ പരമ്പരാഗതമായ ഐഫോണ്‍ 17, കരുത്തേറിയ ഐഫോണ്‍ 17 പ്രോ എന്നിവയിലാണ് താല്‍പ്പര്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബര്‍ മുതല്‍ ഉത്പാദന ഓര്‍ഡറുകള്‍ 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നാണ് ഒരു സപ്ലൈ ചെയിന്‍ മാനേജറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ചൈനയില്‍ ഐഫോണ്‍ എയര്‍ പുറത്തിറങ്ങി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് വരുന്നത്. ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഈ ഫോണിന് ചൈനീസ് വിപണിക്ക് പുറത്ത് ഡിമാന്‍ഡ് വളരെ കുറവാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കീബാങ്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് അടുത്തിടെ നടത്തിയ ഒരു സര്‍വേ കണ്ടെത്തിയതും സമാനമായ വിവരങ്ങളായിരുന്നു.

മറ്റ് ഐഫോണ്‍ 17 വേരിയന്റുകള്‍ക്കുള്ള ഡിമാന്‍ഡ് ശക്തമായി തുടരുന്നുവെന്നും പ്രോ, പ്രോ മാക്‌സ് മോഡലുകളിലേക്ക് വ്യക്തമായ താത്പര്യം കാണുന്നുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മാര്‍ക്കറ്റിങ് കാമ്പെയ്നുകളില്‍ എഐക്ക് ഊന്നല്‍ നല്‍കിയിട്ടും ഫോണ്‍ വാങ്ങാനുള്ള തീരുമാനങ്ങളെ എഐ ഫീച്ചറുകള്‍ കാര്യമായി സ്വാധീനിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും കീബാങ്ക് സര്‍വേ എടുത്തുപറയുന്നു.