കോണ്‍വര്‍സേഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയുള്ള അലക്‌സ വോയ്‌സ് അസിസ്റ്റന്റ് ഈ വര്‍ഷം അവസാനത്തോടെ ആമസോണ്‍ അവതരിപ്പിക്കും. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനോടുകൂടിയായിരിക്കും ഇത്. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ആമസോണ്‍ നല്‍കിവരുന്ന പ്രൈം സബ്‌സ്‌ക്രിപ്ഷനൊപ്പം ഇത് ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. 

To advertise here,

ജനപ്രിയമായ വോയ്‌സ് അസിസ്റ്റന്റ് സേവനമാണ് അലക്‌സ. ഇതില്‍ നൂതനമായ ജനറേറ്റീവ് എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് സെപ്റ്റംബറില്‍ കമ്പനി അറിയിച്ചിരുന്നു. ജനറേറ്റീവ് എഐ എത്തുന്നതോടെ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ സംസാരിക്കാനും, ഭാഷ തിരിച്ചറിയാനും പ്രൊസസ് ചെയ്യാനും അലെക്‌സയ്ക്ക് സാധിക്കും. ഓപ്പണ്‍ എഐ, ഗൂഗിള്‍ എന്നിവരില്‍ നിന്ന് ഈ രംഗത്ത് മത്സരം ശക്തമായ സാഹചര്യത്തിലാണ് ആമസോണിന്റെ ഈ നീക്കം. 

കഴിഞ്ഞയാഴ്ച ഓപ്പണ്‍ എഐ അവതരിപ്പിച്ച ജിപിടി 4ഒ അലെക്‌സ ഉള്‍പ്പടെയുള്ള വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയാണ്. തത്സമയ വീഡിയോകളിലൂടെ മനുഷ്യരോട് സംവദിക്കാന്‍ ജിപിടി 4ഒയ്ക്ക് സാധിക്കും. ഗൂഗിളിന്റെ ജെമനിയിലും സമാനമായ അപ്‌ഗ്രേഡുകള്‍ക്കാണ് കമ്പനി ശ്രമിച്ചുവരുന്നത്. ആപ്പിളും എഐ പിന്തുണയില്‍ സിരി വിര്‍ച്വല്‍ അസിസ്റ്റന്റ് അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങുകയാണ്. 

ആമസോണിന്റെ സ്വന്തം ടൈറ്റന്‍ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് അലക്‌സ അപ്‌ഗ്രേഡ് ചെയ്യാനായി ഉപയോഗിക്കുകയെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എഐ സ്റ്റാര്‍ട്ട്അപ്പ് ആയ ആന്ത്രോപിക്കിലെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ് ആമസോണ്‍. ആന്ത്രോപിക്കുമായുള്ള പങ്കാളിത്തവും അലെക്‌സയ്ക്ക് വേണ്ടി പ്രതീക്ഷിക്കാം.