ആമസോൺ തങ്ങളുടെ കൂറ്റൻ വിതരണ ശൃംഖല മറ്റ് വാണിജ്യസ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ തുറന്നുകൊടുക്കുന്നു. 'ലോജിസ്റ്റിക്സ് ആസ് എ സർവീസ്' (LaaS) എന്ന രീതിയിൽ 'ആമസോൺ സപ്ലൈ ചെയിൻ സർവീസസ്' (ASCS) എന്ന പുതിയ സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. മറ്റ് വാണിജ്യ സ്ഥാപനങ്ങൾ ആമസോണിന്റെ ക്ലൗഡ് സ്റ്റോറേജ് അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ആമസോൺ വെബ് സർവീസസിന് സമാനമായ ഒരു രീതിയിലാണ് ലോജിസ്റ്റിക്സ് രംഗത്ത് എ.എസ്.സി.എസ് പ്രവർത്തിക്കുക.
ഒരു നിശ്ചിത ഫീസ് നൽകി മറ്റ് സ്ഥാപനങ്ങൾക്ക് ആമസോണിന്റെ സപ്ലൈ ചെയിൻ ശൃംഖല ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും. അസംസ്കൃത വസ്തുക്കൾ മുതൽ പൂർത്തിയായ ഉല്പന്നങ്ങൾ വരെ സംഭരിക്കാനും ചരക്കുനീക്കം നടത്താനും വിതരണം ചെയ്യാനും കമ്പനികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. മുമ്പ് ആമസോണിന്റെ സ്വന്തം റീട്ടെയിൽ പ്രവർത്തനങ്ങൾക്കും സ്വതന്ത്ര വില്പനക്കാർക്കും മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്.
ചരക്കുനീക്കം, ഡിസ്ട്രിബ്യൂഷൻ ആന്റ് ഫുൾഫിൽമെന്റ്, പാർസൽ ഷിപ്പിങ് എന്നീ മൂന്ന് സേവനങ്ങളാണ് ആമസോൺ സപ്ലൈ ചെയ്ൻ സർവീസസ് നൽകുന്നത്.
വോൾമാർട്ട്, ഷെയിൻ, ഷോപ്പിഫൈ, ടിക് ടോക് തുടങ്ങിയ ആമസോണിന്റെ എതിരാളികളുടെ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന ഓർഡറുകൾ പോലും വാണിജ്യ സ്ഥാപനങ്ങൾക്ക് ആമസോണിന്റെ ഈ ശൃംഖല വഴി വിതരണം ചെയ്യാൻ സാധിക്കും. റീട്ടെയിൽ, ഹെൽത്ത് കെയർ, മാനുഫാക്ചറിങ്, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ മേഖലകളിലെ ബിസിനസുകളെയാണ് ഈ സേവനം പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രോക്ടർ ആൻഡ് ഗാംബിൾ (P&G), 3M, അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സ് എന്നിവരാണ് നിലവിൽ ഈ സേവനത്തിന്റെ ആദ്യ ഉപഭോക്താക്കൾ.
യു.പി.എസ്, ഫെഡെക്സ്, ഡി.എച്ച്.എൽ തുടങ്ങിയ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികൾക്ക് ആമസോണിന്റെ പുതിയ നീക്കം വലിയ വെല്ലുവിളിയാകും. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഫെഡെക്സ്, യു.പി.എസ് എന്നിവയുടെ ഓഹരികളിൽ ഒമ്പത് ശതമാനത്തിലധികവും ഡി.എച്ച്.എൽ ഓഹരികളിൽ 7.3 ശതമാനവും ഇടിവുണ്ടായപ്പോൾ, ആമസോണിന്റെ ഓഹരികൾ ഏകദേശം ഒരു ശതമാനം ഉയർന്നു. 100-ലധികം കാർഗോ വിമാനങ്ങളുള്ള ആമസോണിന്റെ വിതരണ ശൃംഖല നിലവിൽ യു.പി.എസ്, ഫെഡെക്സ് എന്നിവയ്ക്ക് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ്.
1.3 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള ആഗോള തേർഡ്-പാർട്ടി ലോജിസ്റ്റിക്സ് വിപണിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ കമ്പനിയായി ആമസോൺ മാറിയിരുന്നു. ആമസോണിന്റെ മൊത്തം വരുമാനത്തിന്റെ 24 ശതമാനവും (172 ബില്യൺ ഡോളർ) ഇത്തരം തേർഡ്-പാർട്ടി സെല്ലർ സേവനങ്ങളിൽ നിന്നായിരുന്നു ലഭിച്ചത്.
Content Highlights: Amazon has launched 'Amazon Supply Chain Services' (ASCS), allowing external businesses to utilize its massive delivery and storage infrastructure for a fee, directly challenging global logistics giants like FedEx and UPS.
Published: 06 May 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented