കോര്‍പ്പറേറ്റ് ജോലികളില്‍നിന്ന് ഏകദേശം 14,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അല്ലെന്ന് ആമസോണ്‍ സിഇഒ ആന്റി ജാസി വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് കമ്പനിയെ മുമ്പത്തെ സ്റ്റാര്‍ട്ടപ്പ് ഊര്‍ജത്തിലേക്ക് തിരിച്ചുകൊണ്ടുവരുക മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2017-2022 കാലഘട്ടത്തില്‍, പ്രത്യേകിച്ച് കോവിഡിനു ശേഷം ഓഫീസ് ജോലികളിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് ബ്യൂറോക്രസിയുടെ തലങ്ങൾ കൂട്ടി, തീരുമാനങ്ങള്‍ വൈകിച്ചു. അതിവേഗം മുന്നേറുന്ന ഈ യുഗത്തില്‍ വലിയൊരു കമ്പനിക്ക് പതുക്കെ നീങ്ങാനാവില്ലെന്ന് ആന്റി ജാസി പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാന്‍, മുമ്പത്തെ സ്റ്റാര്‍ട്ടപ്പ് മാതൃകയിലേക്ക് ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേറ്റ്, ഓഫീസ് ജോലികളിലുള്ളവരെയാണ് പ്രധാനമായി ഒഴിവാക്കുന്നത്.
എഐയുമായുള്ള ബന്ധം
എഐ കമ്പനിയുടെ വലിപ്പം കുറയ്ക്കുമെന്ന് ജാസി നേരത്തെ പറഞ്ഞിരുന്നു. എഐയുടെ കാര്യക്ഷമത കാരണം തൊഴിലാളികളുടെ എണ്ണം ക്രമേണ കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ, പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ജോലികള്‍ എഐ ഏറ്റെടുക്കുന്നു എന്ന തോന്നല്‍ ഉണ്ടായി.
എന്നാല്‍, ഈ പിരിച്ചുവിടല്‍ എഐയുമായി ബന്ധപ്പെട്ടതാണെന്ന വാദങ്ങള്‍ ജാസി തള്ളി. സാംസ്‌കാരിക പുനഃസജ്ജീകരണത്തിന്റെ ഭാഗമാണെന്നും മധ്യവര്‍ത്തികളായ മാനേജ്‌മെന്റ് തലങ്ങൾ ഇല്ലാതാക്കി തീരുമാനങ്ങള്‍ വേഗത്തിലാക്കാൻ വേണ്ടിയാണ് ആ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടായ തീരുമാനമല്ലെന്നും ജാസി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള പരിഭ്രാന്തിയുടെ ഭാഗമായല്ല ഈ തീരുമാനമെടുത്തതെന്ന് നിക്ഷേപരെ ബോധിപ്പിക്കാന്‍ കൂടിയാണ് ജാസി അക്കാര്യം വ്യക്തമാക്കിയത്.
Content Highlights: Amazon CEO Andy Jassy clarifies AI is not the reason for 14,000 layoffs, focusing instead on reverting to a 'startup mentality' by cutting bureaucracy.
Published: 01 Nov 2025, 05:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented