കൊച്ചി: പൂർണമായി വിശ്വാസത്തിലെടുക്കുന്ന തരത്തിൽ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എഐ) വളരണമെങ്കിൽ പത്ത് വർഷമെങ്കിലും കാത്തിരിക്കണമെന്ന് റിലയൻസ് ജിയോയുടെ ചീഫ് ഡേറ്റാ സയന്റിസ്റ്റ് ഡോ. ശൈലേഷ് കുമാർ. സിഐഒ അസോസിയേഷൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച ടെക് 25 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനുണ്ടാകുന്നതരത്തിൽ കണ്ടുംകേട്ടുമുള്ള തിരിച്ചറിവ് എഐക്കില്ല. മനുഷ്യർ നൽകുന്ന വിവരങ്ങളും മാതൃകകളുമാണ് എഐയെ പരിശീലിപ്പിക്കുന്നത്. പരിശീലിപ്പിക്കുന്നതിനനുസരിച്ച് എഐ ഒരു ദിവസം കാര്യക്ഷമമായി മാറും.

To advertise here,

വേഗത്തിൽ വ്യത്യാസമുണ്ടെങ്കിലും നിലവിൽ പഠിക്കുക, മനസ്സിലാക്കുക, ചിന്തിക്കുക, സൃഷ്ടിക്കുക എന്നീ നിലയിലേക്കു മാത്രമാണ് എഐയുടെ പ്രവർത്തനം. എന്നാൽ, എഐ അതിന്റെ ധർമമെന്തെന്ന് സ്വയം ചിന്തിച്ചു തുടങ്ങുന്നിടത്ത് ചിത്രം മാറും. സയൻസ് ഫിക്ഷൻ ചിത്രങ്ങൾക്ക് സമാനമായ സാഹചര്യമായിരിക്കും അപ്പോൾ. അങ്ങനെയുള്ള സാധ്യത മുൻ കുട്ടി കണ്ട് ഇപ്പോഴേ എഐക്കും കൃത്യമായ ചട്ടക്കൂടുണ്ടാക്കണം. കാരണം എഐ ഇന്ന് സാധാരണക്കാരിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. എഐ വഴി നമ്മുടെ ഇൻ്റർനെറ്റ്‌ ബ്രൗസിങ് രീതി തന്നെ മാറിമറിഞ്ഞിട്ടുണ്ട്. കോഡിങ്ങിനു വരെ എഐ ഉപയോഗിക്കുന്നു. അടുത്ത മൂന്നുതലമുറ കഴിഞ്ഞാൽ പ്രോഗ്രാമർമാർ എന്ന തൊഴിൽ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.