നിർമിതബുദ്ധി (എഐ) തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. എന്നാൽ എഐയെ കുറിച്ചോർത്ത് വലിയ ആശങ്ക വേണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നാഷണൽ ബ്യൂറോ ഓഫ് എക്കണോമിക് റിസർച്ച് (എൻബിഇആർ) നടത്തിയ പഠനമാണ് എഐ ഉണ്ടാക്കുന്നത് നിസാരമായ ആഘാതം മാത്രമാണെന്ന് പറയുന്നത്. യുഎസ്, യുകെ, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ 6,000-ത്തിലേറെ കമ്പനികളുടെ ഉന്നതോദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

To advertise here,

തങ്ങളുടെ ജോലിയിലോ ഉത്പാദനത്തിലോ കഴിഞ്ഞ മൂന്ന് വർഷത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഇവരിൽ 90 ശതമാനം കമ്പനികളും പറയുന്നത്. മൂന്നിൽ രണ്ട് കമ്പനികളും എഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നര മണിക്കൂർ മാത്രമാണ് ഉപയോഗിക്കുന്നത്. 25 ശതമാനം പേരും തങ്ങൾ ജോലിസ്ഥലത്ത് എഐ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു.

'നാല് രാജ്യങ്ങളിലെ ബിസിനസ് മാനേജർമാരിൽ ശരാശരി 90 ശതമാനത്തിലേറെ പേരും കഴിഞ്ഞ മൂന്ന് വർഷത്തിൽ എഐ തങ്ങളുടെ ജോലിയിൽ ഒരു സ്വാധീനവുമുണ്ടാക്കിയിട്ടില്ല എന്ന് പറയുന്നു. തങ്ങളുടെ തൊഴിൽ ഉത്പാദനക്ഷമതയിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം എഐ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്ന് 89 ശതമാനം പേരാണ് പറഞ്ഞത്.' -റിപ്പോർട്ടിൽ പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജോലിസ്ഥലങ്ങളിൽ മികച്ച പ്രകടനം നടത്താൻ ഒരിക്കൽ എഐക്ക് സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും കമ്പനികൾ പ്രകടിപ്പിച്ചു. അടുത്ത മൂന്ന് വർഷത്തിൽ ഉത്പാദനക്ഷമത 1.4 ശതമാനവും ഉത്പാദനം 0.8 ശതമാനവും വർധിപ്പിക്കാൻ എഐ സഹായിക്കും. ഈ കാലയളവിൽ 75 ശതമാനം കമ്പനികളും ഏതെങ്കിലും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഇവർ പറയുന്നു.

പഠനത്തിന്റെ ഭാഗമായ കമ്പനികൾ നാല് രാജ്യങ്ങളിലായി 25 കോടി പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ഇതിൽ 17.5 ലക്ഷം പേരുടെ തൊഴിൽ എഐ കാരണം 2028-ഓടെ ഇല്ലാതാകുമെന്നും കമ്പനികൾ പറയുന്നു. ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ച് ടെക്സ്റ്റ് ജനറേഷനുവേണ്ടിയാണ് കമ്പനികളിൽ എഐ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വിഷ്വൽ കണ്ടന്റുകളുടെ ജനറേഷനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതായി എഐ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മെഷീൻ ലേണിങ് ഉപയോഗിച്ച് ഡാറ്റാ പ്രൊസസിങ് നടത്താനാണ്.