നിത്യജീവിതത്തില്‍ സാങ്കേതിക വിദ്യയുടെ ഇടപെടല്‍ പരിധിക്കുമപ്പുറമായിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും നിര്‍മ്മിത ബുദ്ധിയെ ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യവും ഭാവിയില്‍ ഇവ കാരണം സംഭവിക്കാവുന്ന പ്രശനങ്ങളെക്കുറിച്ചും  മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ 'ഗോഡ് ഫാദറാ'യി അറിയപ്പെടുന്ന ജെഫ്രി ഹിന്‍ടണ്‍. ഇപ്പോള്‍ ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ചാറ്റ്‌ബോട്ടുകള്‍ സ്വന്തമായി ഭാഷ നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ അവയെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും എന്നാണ് ഹിന്‍ടണ്‍ പറയുന്നത്‌. 

To advertise here,

നിലവില്‍ എ.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്‌. അതുകാരണം നിര്‍മ്മാതാക്കള്‍ക്ക് എ.ഐയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ മനുഷ്യര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപം കൊടുക്കുന്ന സമയം വിദൂരമല്ല. തമ്മില്‍ സംസാരിക്കാന്‍ വേണ്ടി അവര്‍ പ്രത്യേകമായ ഒരു ഭാഷ നിര്‍മ്മിക്കുക എന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതാണെന്നും ഹിന്‍ടണ്‍ പറഞ്ഞു.

മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി ഭാഷയുണ്ടാക്കുക എന്നത് അതിശയകരമായ ഒരു കാര്യമല്ല. ഭയങ്കരമായ പല ചിന്തകള്‍ക്കും എ.ഐക്ക് രൂപം കൊടുക്കാന്‍ സാധിക്കും എന്നത് ഇതിനോടകം തെളിഞ്ഞ കാര്യമാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ 'വണ്‍ ഡിസിഷന്‍' എന്ന പോഡ്കാസ്റ്റിലൂടെയാണ് ഹിന്‍ടണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

വ്യാവസായിക വിപ്ലവത്തിന് ശേഷം ആളുകളുടെ ശാരീരകാധ്വാനം കുറയുകയാണ് ചെയ്തതെങ്കില്‍, ഇവിടെ വിജ്ഞാനത്തിന്റെ കാര്യത്തിലാണ് നമ്മള്‍ പിന്തള്ളപ്പെടാന്‍ പോകുന്നത്. ഭാവിയില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരും എന്നതില്‍ സംശയമൊന്നുമില്ലെന്നും ഹിന്‍ടണ്‍ കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യയുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചയ്ക്ക് അനവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഹിന്‍ടണ്‍. നിര്‍മ്മിത ബുദ്ധിയുടെ കടന്നുകയറ്റം ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും എന്ന് മനസിലാക്കിയ ഹിന്‍ടണ്‍ തൊഴില്‍ ദാതാവായ ഗൂഗിളുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു.

സാങ്കേതിക വിദ്യയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണം എന്നതിന്റെ പ്രധാന വക്താവാണ് നൊബേല്‍ ജേതാവ് കൂടിയായ ഹിന്‍ടണ്‍. ബ്രിട്ടിഷ്- കാനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ  ഹിന്‍ടണ്‍ ഇതിന് മുന്‍പും എ.ഐയുടെ കടന്നു കയറ്റത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.