മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ അടുത്തിടെ ഒരു ബാന്‍ഡ് വൈറലായി മാറി  'ദി വെല്‍വെറ്റ് സണ്‍ഡൗണ്‍'.  പത്ത് ലക്ഷത്തിലേറെ പേരാണ് ഈ ബാന്‍ഡിന്റെ അതിമനോഹരമായ പാട്ടുകള്‍ സ്‌പോട്ടിഫൈയില്‍ ആസ്വദിച്ചത്. എന്നാല്‍ പാട്ട് കേട്ടാസ്വദിച്ചവരെല്ലാം പിന്നീട് ആ വാര്‍ത്ത കേട്ട് ഞെട്ടി. വെല്‍വെറ്റ് സണ്‍ഡൗണ്‍ ഒരു എഐ ബാന്‍ഡ് ആയിരുന്നു. അതായത് തങ്ങള്‍ കേട്ടുകൊണ്ടിരുന്ന പാട്ടുകള്‍ എഐ നിര്‍മിതമായിരുന്നു. ആ ബാന്‍ഡിന്റെ പ്രചാരത്തിന് വേണ്ടി ഉപയോഗിച്ച ചിത്രങ്ങളും ബാന്‍ഡിനെ കുറിച്ചുള്ള വിവരണവുമെല്ലാം എഐ സൃഷ്ടിയായിരുന്നു. 

To advertise here,

വലിയ സംവാദത്തിനാണ് ഈ സംഭവം തുടക്കമിട്ടത്. ഏത് രീതിയില്‍ നിര്‍മിച്ചതാണെങ്കിലും നല്ല സംഗീതം ആസ്വദിക്കാനാവുമെങ്കിലും സ്‌പോട്ടിഫൈയിലെ ഈ ബാന്‍ഡ് എഐ സൃഷ്ടിയാണെന്ന് പരസ്യപ്പെടുത്താതിരുന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഉള്ളടക്കങ്ങള്‍ എഐ നിര്‍മിതമാണെന്ന് പരസ്യപ്പെടുത്താന്‍ സ്ട്രീമിങ് ആപ്പുകള്‍ നിയമപരമായി അതിന് ബാധ്യസ്ഥരാവേണ്ടതുണ്ടെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് തീരുമാനങ്ങളെടുക്കാനാവുമെന്നും വിമര്‍ശകര്‍ പറയുന്നു. 

തുടക്കത്തില്‍ 'മനുഷ്യരുടെ സര്‍ഗാത്മകമായ ഇടപെടലില്‍ സൃഷ്ടിക്കപ്പെട്ട സിന്തറ്റിക് സംഗീത പദ്ധതി' എന്നാണ് ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ ബാന്‍ഡിനെകുറിച്ച് സ്‌പോട്ടിഫൈയില്‍ നല്‍കിയിരുന്ന വിവരണം. എവിടെയും എഐ നിര്‍മിതമാണെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. ജൂണിലാണ് ഇവര്‍ ഫ്‌ളോട്ടിങ് ഓണ്‍ എക്കോസ്, ഡസ്റ്റ് ആന്റ് സൈലന്‍സ് എന്നീ രണ്ട് ആല്‍ബങ്ങള്‍ പുറത്തിറക്കിയത്. ക്രോസ്ബി, സ്റ്റില്‍സ്, നാസ് ആന്റ് യങ് എന്നിവരുടെ കണ്‍ട്രം ഫോക്ക് സംഗീതത്തിന് സമാനമായിരുന്നു ഇവ. 

എന്നാല്‍ വെല്‍വെറ്റ് സണ്‍ഡൗണ്‍ എഐ പ്ലാറ്റ്‌ഫോമായ 'സുനോ' പാട്ടുകള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന ബാന്‍ഡുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടെത്തിയ ഒരാളുടെ വെളിപ്പെടുത്തലോടെയാണ് സത്യം പുറത്തറിഞ്ഞത്. 

എന്നാല്‍ ബാന്‍ഡ് ഈ ആരോപണം പൂര്‍ണമായി നിഷേധിച്ചു എങ്കിലും പിന്നീട് ഇവര്‍ തങ്ങളെ കുറിച്ചുള്ള വിവരണത്തില്‍ ചെറിയ മാറ്റം വരുത്തി. പൂര്‍ണമായും മനുഷ്യനോ പൂര്‍ണമായും യന്ത്രമോ അല്ല അതിനിടയ്‌ക്കെവിടെയോ ആണ് തങ്ങളുടെ സൃഷ്ടികളെന്നാണ് ബാന്‍ഡ് പറയുന്നു. 

എന്തായാലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുടെ ആധികാരികത, വിശ്വാസ്യത എന്നിവയില്‍ ആശങ്കപ്രകടിപ്പിച്ച് ചര്‍ച്ച ശക്തമാണ്. ഇതോടൊപ്പം പകര്‍പ്പാവകാശ ലംഘനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്.