ന്യൂഡല്‍ഹി: യുഎസും ചൈനയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്നേറുമ്പോള്‍ ഇന്ത്യയുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദ. ചൊവ്വാഴ്ച രാജ്യസഭയിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചത്. അമേരിക്കയ്ക്ക് ചാറ്റ് ജിപിടി, ജെമിനൈ, ഗ്രോക്ക് പോലുള്ള എഐ മോഡലുകളുണ്ട്. ചൈന ഡീപ്പ് സീക്ക് അവതരിപ്പിച്ചു. എഐ യുഗത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. 

To advertise here,

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യ പിന്നിലാണോ എന്നും ഇന്ത്യയ്ക്ക് സ്വന്തം ജനറേറ്റീവ് എഐ മോഡല്‍ വികസിപ്പിക്കാനാകുമോ എന്നും സഭയില്‍ അദ്ദേഹം ചോദിച്ചു. 

'2010 മുതല്‍ 2022 വരെ ലോകത്തെ എഐ പേറ്റന്റുകളില്‍ 60 ശതമാനവും രജിസ്റ്റര്‍ ചെയ്തത് യുഎസ് ആണ്. 20 ശതമാനം ചൈനയാണ്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്ക് വെറും 0.5 ശതമാനം മാത്രമാണുള്ളത്. നാലോ അഞ്ചോ വര്‍ഷമെടുത്താണ് യുഎസിനും ചൈനക്കും അത് സാധിച്ചതെന്നുള്ളത് ശരിയാണ്. അത് പക്ഷെ, അവര്‍ ഗവേഷണത്തില്‍ അക്കാദമിക രംഗത്തും എഐ വികസനത്തിലും വലിയ നിക്ഷേപം നടത്തിയതിനാലാണ്.' ചദ്ദ പറഞ്ഞു. 

'മൊത്തം എഐ തൊഴിലാളികളുടെ 15 ശതമാനം ഇന്ത്യക്കാരാണെന്ന് പറയപ്പെടുന്നു. 450000 ഇന്ത്യന്‍ എഐ പ്രൊഫഷണലുകളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇന്ത്യക്ക് കഴിവും അധ്വാനിക്കുന്ന ജനങ്ങളും ബൗദ്ധികശേഷിയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയും ഉണ്ടെന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇങ്ങനെയാക്ക ആയാലും, ഇന്ത്യ ഇന്ന് എഐയുടെ ഉപഭോക്താവ് മാത്രമാണ്, ഉത്പാദകരല്ല.' ചദ്ദ പറഞ്ഞു.

ഇന്ത്യയില്‍ എഐയുടെ സാധ്യത നിരാശാജനകമാണെന്ന ഓപ്പണ്‍ എഐ മേധാവിയുടെ വാക്കുകളും ചദ്ദ ചൂണ്ടിക്കാട്ടി. ഇന്ത്യയെ എഐ ഉത്പാദകരായി മാറ്റുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

അതിനായി തദ്ദേശീയമായി എഐ ചിപ്പുകള്‍ നിര്‍മിക്കുക, എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രത്യേക ഫണ്ട് തയ്യാറാക്കുക, റിസര്‍ച്ച് ഗ്രാന്റുകള്‍ ലഭ്യമാക്കുക, നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുക, ഇന്ത്യയിലെ എഐ രംഗത്തെ പ്രതിഭകള്‍ രാജ്യത്ത് തുടരുന്നതിന് അവരുടെ കുടിയേറ്റം തടയുക തുടങ്ങിയ ചില നടപടികളും ചദ്ദ മുന്നോട്ടുവെച്ചു. 

എഐ രംഗത്തെ സാമ്പത്തിക നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. യുഎസിന്റെ ജിഡിപിയുടെ 3.5 ശതമാനം എഐ ഗവേഷണത്തിനായാണ് ചിലവഴിക്കുന്നത്. ചൈന 2.5 ശതമാനമാണ്. ഇന്ത്യയാകട്ടെ 0.7 ശതമാനം മാത്രമാണ് ചിലവാക്കുന്നത്. 

ഭാവിയില്‍ എഐയില്‍ ആധിപത്യമുള്ള രാജ്യത്തിന് ലോകത്തെ നയിക്കാനും ആഗോള ഗുരുവായി മാറാനും സാധിക്കുമെന്ന് ചദ്ദ പറയുന്നു. അതിനായി മേക്ക് ഇന്‍ ഇന്ത്യക്കൊപ്പം മേക്ക് എഐ ഇന്‍ ഇന്ത്യയുമായി ഇന്ത്യയും മുന്നോറണം- ചദ്ദ പറഞ്ഞു.