സാംസങ് ഗാലക്സി എസ് 26 സ്മാർട്‌ഫോണുകൾ പുറത്തിറക്കി. എസ്26 അൾട്രായ്‌ക്കൊപ്പം എസ്26, ഗാലക്സി എസ്26+, സാംസങ് ഗാലക്സി മോഡലുകൾ അവതരിപ്പിച്ചു. പുതിയ പ്രൈവസി ഡിസ്പ്ലേ ഫീച്ചറോട് കൂടിയ 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ്, പരിഷ്‌കരിച്ച 200 മെഗാപിക്‌സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് ഈ ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിലെ മുഖ്യ സവിശേഷതകൾ. ഉൽപ്പാദനക്ഷമതയ്ക്കും സ്വകാര്യതയ്ക്കുമായി വിപുലമായ ഗാലക്സി എഐ ഫീച്ചറുകളും സാംസങ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഈടുനില്പും അതിവേഗ ചാർജിങ് സൗകര്യവും അത്യാധുനിക വീഡിയോ റെക്കോർഡിങ് സൗകര്യവും ഈ പ്രീമിയം സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു.

To advertise here,

സാംസങ് ഗാലക്സി എസ്26 അൾട്രാ: ഇന്ത്യയിലെ വില

ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്26 അൾട്രായുടെ 12 ജിബി + 256 ജിബി വേരിയന്റിന് 1,39,999 രൂപയാണ് വില. 12 ജിബി + 512 ജിബി മോഡലിന് 1,59,999 രൂപയും ഏറ്റവും ഉയർന്ന 16 ജിബി + 1 ടിബി സ്റ്റോറേജ് വേരിയന്റിന് 1,89,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

അമേരിക്കയിൽ സാംസങ് ഗാലക്സി എസ്26 അൾട്രായുടെ 256 ജിബി, 512 ജിബി, 1 ടിബി പതിപ്പുകൾക്ക് യഥാക്രമം 1,299 ഡോളർ (ഏകദേശം 1,18,000 രൂപ), 1,499 ഡോളർ (ഏകദേശം 1,36,000 രൂപ), 1,799 ഡോളർ (ഏകദേശം 1,64,000 രൂപ) എന്നിങ്ങനെയാണ് വില.

ബ്ലാക്ക്, ബ്ലൂ, പർപ്പിൾ, വൈറ്റ് എന്നീ നിറങ്ങളിൽ ഗാലക്സി എസ്26 അൾട്രാ ലഭ്യമാണ്. ആമസോൺ വഴിയും സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ രാജ്യത്ത് വിൽപനയ്ക്കെത്തും.

സാംസങ് ഗാലക്സി എസ്26 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്26 അൾട്രായിൽ 3,120 × 1,440 പിക്‌സൽ റെസല്യൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേയാണുള്ളത്. കൃത്യമായ നിറങ്ങൾ ഉറപ്പാക്കാൻ 10-ബിറ്റ് കളർ ഔട്ട്പുട്ട് പിന്തുണയ്ക്കുന്ന ഈ പാനലിൽ, 30 ഡിഗ്രിക്ക് പുറത്തുള്ള കാഴ്ച പരിമിതപ്പെടുത്തുന്ന പ്രൈവസി ഡിസ്പ്ലേ ഫീച്ചറുമുണ്ട്. അതായത് ഒരു വശത്ത് നിന്ന് നോക്കുന്ന മറ്റൊരാൾക്ക് സ്‌ക്രീൻ വ്യക്തമായി കാണാൻ സാധിക്കില്ല. കോർണിങ് ഗൊറില്ല ആർമർ 2 സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്.

ഗാലക്സിക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് സ്മാർട്ട്‌ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

നിരവധി ഗാലക്സി എഐ ഫീച്ചറുകൾ സാംസങ് ഗാലക്സി എസ്26 അൾട്രായിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീനിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് നിർദേശങ്ങൾ നൽകുന്ന നൗ അസിസ്റ്റ് (Now Assist), അപരിചിതമായ കോളുകൾക്ക് മറുപടി നൽകുകയും തത്സമയ സംഭാഷണങ്ങൾ എഴുതി കാണിക്കുകയും ചെയ്യുന്ന കോൾ സ്‌ക്രീൻ (Call Screen) എന്നിവ ഇക്കൂട്ടത്തിൽപെടും. എഐ അടിസ്ഥാനമാക്കിയുള്ള ഇമേജ് എഡിറ്റിങ്ങിനായി ഫോട്ടോ അസിസ്റ്റും (Photo Assist), കണ്ടന്റ് നിർമാണത്തിനായി ക്രിയേറ്റീവ് സ്റ്റുഡിയോയും (Creative Studio) ഫോണിലുണ്ട്. ശബ്ദനിർദേശങ്ങളിലൂടെ ഫോൺ നിയന്ത്രിക്കാനാവുന്ന ബിക്‌സ്ബി ഡിവൈസ് ഏജന്റ്,  ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നത് പ്രൈവസി അലേർട്ടുകൾ വഴി ഉപയോക്താവിനെ അറിയിക്കുന്ന സൗകര്യം എന്നിവയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട തേർഡ് പാർട്ടി ആപ്പുകളിൽ എഐ നോയിസ് റിഡക്ഷൻ സൗകര്യവുമുണ്ട്.

ഫോട്ടോഗ്രഫിക്കായി എഫ്/1.4 അപ്പർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 200 മെഗാപിക്‌സൽ വൈഡ് ആംഗിൾ പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്സി എസ്26 അൾട്രായിലുള്ളത്. ഇതിനൊപ്പം എഫ്/2.9 അപ്പർച്ചറും 5 എക്‌സ് ഒപ്റ്റിക്കൽ സൂമുമുള്ള 50 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, എഫ്/1.9 അപ്പർച്ചറുള്ള 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, എഫ്/2.4 അപ്പർച്ചറും 3 എക്‌സ് ഒപ്റ്റിക്കൽ സൂമുമുള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുമുണ്ട്.

റിയർ ക്യാമറ സിസ്റ്റത്തിൽ 8കെ വീഡിയോ റെക്കോർഡിങ്, എച്ച്ഡിആർ 10+ ക്യാപ്ചർ, 360 ഡിഗ്രി ഹൊറിസോണ്ടൽ ലോക്ക് സ്റ്റെബിലൈസേഷനോട് കൂടിയ സൂപ്പർ സ്റ്റെഡി വീഡിയോ എന്നിവയുണ്ട്. മുൻവശത്ത് എഫ്/2.2 അപ്പർച്ചറുള്ള 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ സെൽഫി ക്യാമറയാണുള്ളത്. ഇതിൽ 4കെ വീഡിയോ റെക്കോർഡിങ് സൗകര്യമുണ്ട്.

5ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് സാംസങ് ഗാലക്സി എസ്26 അൾട്രായിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. നാനോ സിം, ഇസിം സൗകര്യങ്ങളുള്ള ഡ്യുവൽ സിം സംവിധാനം ഇതിൽ ലഭ്യമാണ്. ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ക്യുസെഡ്എസ്എസ്, ബിഡിഎസ് എന്നീ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങളും ഫോണിലുണ്ട്. ഗൈറോസ്‌കോപ്പ്, ആക്സിലറോമീറ്റർ, ബാരോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഇതിലെ സെൻസറുകൾ.

60 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 25 വാട്ട് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്26 അൾട്രായിലുള്ളത്. 163.6 × 78.1 × 7.9 മില്ലീമീറ്റർ അളവുകളും 214 ഗ്രാം ഭാരവുമുള്ള ഈ ഫോൺ സാംസങ്ങിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും കനം കുറഞ്ഞ അൾട്രാ മോഡലാണ്.

ഗാലക്‌സി എസ് 26/26+

ഗാലക്‌സി എസ് 26, എസ് 26+ മോഡലുകൾക്ക് യഥാക്രമം 6.2 ഇഞ്ച്, 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. അലൂമിനിയം ഫ്രെയിമിൽ നിർമിതമായ ഫോണുകളിൽ 50 മെഗാപിക്‌സൽ പ്രധാന സെൻസറടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. 12 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. അൾട്രാ മോഡലിലേത് പോലെ 200 എംപി ക്യാമറയും 100x സൂമും മറ്റ് രണ്ട് മോഡലുകളിലുമില്ല പകരം 30x സൂം ഉണ്ട്. എസ് പെൻ സൗകര്യവും അൾട്ര മോഡലിൽ മാത്രമാണുള്ളത്. എസ് 26 ന് 128ജിബി/256ജിബി സ്റ്റോറേജ് ഓപ്ഷനുകളും എസ് 26+ ന് 256 ജിബി/512 ജിബി ഓപ്ഷനുകളുമുണ്ട്. 1 ടിബി സ്റ്റോറേജ് അൾട്ര മോഡലിന് മാത്രമേയുള്ളൂ. എസ്26 മോഡലിൽ 4000mAh ബാറ്ററിയും എസ്26+ ൽ 4900mAh ബാറ്ററിയുമാണുള്ളത്.