നോക്കിയ ഫോണിന്റെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. പഴയകാല നോക്കിയ മോഡലായ 3210 ഫോണിന്റെ അതേ പേരിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 3210 യുടെ പിന്‍ഗാമിയായ 3310 യുടെ പുതിയ പതിപ്പ് 2017 ല്‍ അവതരിപ്പിച്ചിരുന്നു. 

To advertise here,

സ്മാര്‍ട്‌ഫോണ്‍ ആസക്തിയില്‍ നിന്ന് മുക്തിനേടാനാണ് പലരും ഇന്ന് ഇത്തരം ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്‌ഫോണിലേത് പോലെ ആപ്പുകളുടെയും നോട്ടിഫിക്കേഷനുകളുടേയും ശല്യം ഇതിലുണ്ടാവില്ല. 4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ എസ് 30 പ്ലസ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. യൂട്യൂബ് ഷോര്‍ട്‌സ്, ന്യൂസ്, വെതര്‍ തുടങ്ങിയ ക്ലൗഡ് അധിഷ്ടിത ആപ്പുകളും പരിഷ്‌കരിച്ച സ്‌നേക്ക് ഗെയിമും ഫോണിലുണ്ട്.

ഇന്ത്യയില്‍ ഇതിന് എത്രയാണ് വിലയെന്ന് വ്യക്തമല്ല. യുകെയില്‍ 75 പൗണ്ടാണ് (7820 രൂപ) ആണ് വില. 

2.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, 2എംപി പ്രൈമറി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബ്ലൂടൂത്ത് 5.0 സൗകര്യമുള്ളതിനാല്‍ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കാനാവും. എഫ്എം, മ്യൂസിക് പ്ലെര്‍ സൗകര്യങ്ങളുണ്ട്. 

128 ജിബിയാണ് ഇതിലെ ഇന്റേണല്‍ സ്റ്റോറേജ്. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവും. 1450 എംഎഎച്ച് ബാറ്ററിയാണിതില്‍. യുഎസ്ബി സി പോര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്.