എച്ച്എംഡി യുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലേക്കെത്തുന്നു. ജൂലായ് 25 ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എംഡിയെ കുറിച്ച് അറിയാത്തവരുണ്ടാവാം. നോക്കിയ ബ്രാന്റിലുള്ള ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ പേരിലുള്ള സ്മാര്‍ട്‌ഫോണുകളും ഫീച്ചര്‍ ഫോണുകളും നിര്‍മിക്കുന്നതിനൊപ്പം എച്ച്എംഡിയുടെ സ്വന്തം ബ്രാന്റില്‍ പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

To advertise here,

'എച്ച്എംഡി ആരോ' (HMD Arrow) എന്ന പേരിലായിരിക്കും ഫോണ്‍ പുറത്തിറങ്ങുകയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാല്‍ മറ്റൊരു പേരിലാണ് ഫോണ്‍ പുറത്തിറങ്ങുകയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറക്കുന്ന കൃത്യമായ തീയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 

ഏപ്രിലില്‍ യൂറോപ്പില്‍ അവതരിപ്പിച്ച എച്ച്എംഡി പള്‍സ് എന്ന സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായിരിക്കാം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. നോക്കിയ സ്മാര്‍ട്‌ഫോണുകളെ പോലെ തന്നെ ബജറ്റ് നിരക്കിലുള്ള ഫോണ്‍ ആയിരുന്നു യൂറോപ്പില്‍ അവതരിപ്പിച്ച എച്ച്എംഡി പള്‍സ്. 

നേരത്തെ എച്ച്എംഡി തന്നെയാണ് ഫോണിന് ആരോ (Arrow) എന്ന പേര് നല്‍കുമെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഈ പേര് തിരഞ്ഞെടുത്തത്. എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ഈ പേര് ഉപയോഗിക്കാനാവില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പേര് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. 

മറ്റ് കമ്പനികളെ പോലെ മള്‍ട്ടി ബ്രാന്റ് നയം പിന്തുടരാനാണ് എച്ച്എംഡിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി നോക്കിയ ഫോണുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം എച്ച്എംഡിയ്ക്ക് സ്വന്തം പേരിലും സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാനാവും. 

നോക്കിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും മിഡ് റേഞ്ചിന് മുകളിലുള്ള സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ മറ്റ് കമ്പനികളോട് മത്സരിക്കാന്‍ എച്ച്എംഡി ഇതുവരെ ശ്രമിച്ചിരുന്നില്ല. 

ഇന്ത്യയിലെ ആദ്യ എച്ച്എംഡി ഫോണ്‍

എച്ച്എംഡി പള്‍സ് റീബ്രാന്റ് ചെയ്തുവരുന്ന പതിപ്പാണെങ്കില്‍ എച്ച്എംഡിയുടെ ഇന്ത്യയിലെത്തുന്ന ആദ്യ ഫോണിന് 15000 രൂപയില്‍ താഴെ ആയിരിക്കും വില. എച്ച്എംഡി പള്‍സ് 140 യൂറോയ്ക്കാണ് വിറ്റിരുന്നത്. 6.67 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, എല്‍സിഡി സ്‌ക്രീന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട് ഇതിന്. 8 എംപി ആണ് സെല്‍ഫി ക്യാമറ, 13 എംപിയുടെ റിയര്‍ ക്യാമറയുമുണ്ട്. 12എന്‍എം യുണിസോക്ക് ടി6.6 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫിംഗര്‍പ്രിന്റ് സ്‌കാനറും, 128 ജിബി സ്റ്റോറേജും, 5000 എംഎഎച്ച് ബാറ്ററിയും എച്ച്എംഡി പള്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പതിപ്പില്‍ ചിലപ്പോള്‍ മാറ്റങ്ങളെന്തെങ്കിലും ഉണ്ടാവാം.