ഒരു കാലത്ത് മെറ്റയുടെ ഭാവി മെറ്റാവേഴ്‌സിലാണെന്നായിരുന്നു കമ്പനി മേധാവി മാർക്ക് സക്കർബർഗിന്റെ വീക്ഷണം. 2021 ൽ ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് എന്ന പേര് മാറ്റി കമ്പനിക്ക് മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന പേര് നൽകുന്നത്. എന്നാൽ ഇപ്പോൾ മെറ്റാവേഴ്‌സിന് വേണ്ടി പണം മുടക്കുന്നത് വെട്ടിച്ചുരുക്കുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മെറ്റാ ഹൊറൈസൺ വേൾഡ്‌സ്, ക്വസ്റ്റ് വിർച്വൽ റിയാലിറ്റി യൂണിറ്റ് എന്നിവയ്ക്കായുള്ള ചെലവ് അടുത്തവർഷത്തോടെ 30 ശതമാനം വെട്ടിക്കുറയ്ക്കുന്ന കാര്യമാണ് കമ്പനി പരഗണിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതിന്റെ ഭാഗമായി ജനുവരിയോടെ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടികൾ ഉണ്ടായേക്കും. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
മെറ്റാവേഴ്‌സിന് വേണ്ടിയുള്ള ചെലവ് ചുരുക്കുന്നതിലൂടെയുണ്ടാകുന്ന ലാഭം മെറ്റായുടെ 'റിയാലിറ്റി ലാബ്‌സ്' വിഭാഗത്തിന് കീഴിലുള്ള എഐ ഗ്ലാസുകൾ, മറ്റ് വെയറബിൾസ് തുടങ്ങിയ നൂതന പദ്ധതികളിലേക്ക് വിനിയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ ഉത്പന്നങ്ങൾ വലിയ മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
2026 ലെ വാർഷിക ബജറ്റ് ആസൂത്രണത്തിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സിന് വേണ്ടിയുള്ള ചെലവ് ചുരുക്കൽ നിർദേശവും വന്നത്. ഇതുമായി ബന്ധപ്പെട്ട് സക്കർബർഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം ഹവായിയിൽ വെച്ച് നിരവധി യോഗങ്ങൾ നടന്നിരുന്നു.
മെറ്റാവേഴ്‌സ് ദൗത്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രംഗത്ത് കമ്പനി കോടികൾ മുടക്കിയിരുന്നു. വിർച്വൽറിയാലിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയാ, ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമാണ് മെറ്റാവേഴ്‌സിലൂടെ കമ്പനി ആസൂത്രണം ചെയ്തത്. ഇതിൽ മെറ്റയുടെ ആദ്യഉത്പന്നമായി അവതരിപ്പിക്കപ്പെട്ട മെറ്റ ഹൊറൈസൺ വേൾഡ് പലവിധ വിവാദങ്ങളിൽ പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. വിർച്വൽ റിയാലിറ്റി ഗ്ലാസ് ഇല്ലാതെ മെറ്റാവേഴ്‌സിലേക്ക് സുഗമമായി ഇടപഴകാനാവില്ലെന്നതും വലിയൊരു പരിമിതിയാണ്. വിആർ ഗ്ലാസുകൾക്ക് വിപണിയിൽ കാര്യമായ പ്രചാരവും ലഭിച്ചില്ല. എന്നാൽ അതിനിടെ സാങ്കേതിക വിദ്യാ രംഗം ഒന്നടങ്കം ജനറേറ്റീവ് എഐയ്ക്ക് പിന്നാലെ തിരിയുകയും മത്സരം കടുക്കുകയും ചെയ്തു. ഇതോടെ മെറ്റയും എഐയിലേക്ക് തിരിഞ്ഞു. നിലവിൽ മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബിന് വേണ്ടി കമ്പനി വൻ നിക്ഷേപം നടത്തിവരികയാണ്.
Content Highlights: Meta is reportedly cutting Metaverse expenses by 30% next year, shifting focus to AI glasses and wearables.
Published: 30 Dec 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented