മുംബൈ: രാജ്യത്ത് ഫീച്ചർ ഫോണുകളുടെ ആവശ്യവും വിൽപ്പനയും കുറയുന്നു. 4 ജി, 5 ജി സേവനങ്ങൾ വ്യാപിച്ചതും 2 ജി മൊബൈൽ നെറ്റ് വർക്കുകൾ ഘട്ടംഘട്ടമായി അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ് ഇതിനു കാരണമായി പറയുന്നത്. അടുത്ത രണ്ടുവർഷംകൊണ്ട് ഫീച്ചർ ഫോൺ ഉപയോഗത്തിൽ രാജ്യത്ത് ഗണ്യമായ കുറവുണ്ടാകുമെന്നാണ് അനലറ്റിക്സ് കമ്പനിയായ സൈബർ മീഡിയ റിസർച്ച് വിലയിരുത്തുന്നത്.

To advertise here,

സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞുവരുന്നതും ഡിജിറ്റൽ സേവനങ്ങൾ വ്യാപിക്കുന്നതും ഡിജിറ്റൽ ഇടപാടുകളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ സർക്കാരും ടെലികോം കമ്പനികളും സ്വീകരിക്കുന്ന നടപടികളും എല്ലാം ഇതിനു കാരണമാകുന്നതായും സൈബർ മീഡിയ റിസർച്ചിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ 10,000 രൂപയിൽ താഴെ വിപണിയിൽ 5 ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. കൂടുതൽപ്പേർ ഇത്തരം ഫോണുകളിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്.

യു.പി.ഐ. സേവനം വ്യാപകമായത് സ്മാർട്ട്ഫോണിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നു. സൈബർ മീഡിയ റിസർച്ചിന്റെ ഡിസംബറിലെ റിപ്പോർട്ട് പ്രകാരം 2 ജി ഫീച്ചർ ഫോൺ വിപണനത്തിൽ 22 ശതമാനം വരെ കുറവുവന്നിട്ടുണ്ട്. 4 ജി സേവനങ്ങൾ ലഭ്യമായിട്ടുള്ള ഫീച്ചർ ഫോണുകളുടെ വിഭാഗത്തിൽ ഇടിവ് 59 ശതമാനം വരെയാണ്. ഫീച്ചർ ഫോൺ ഉത്പാദകരായ ഐടെൽ, ലാവ, എച്ച്.എം.ഡി, കാർബൺ എന്നിവയ്ക്കെല്ലാം വിൽപ്പനയിൽ കുറവുണ്ടായി.

2023-ൽ റിലയൻസ് ജിയോയുടെ 1,000 രൂപ വിലയുള്ള 4 ജി ഫീച്ചർ ഫോണിന്റെ വരവ് ഇവയുടെ വിൽപ്പന ഉയരാൻ കാരണമായിരുന്നു. എന്നാൽ, 2024-ൽ റിലയൻസ് ഫോണുകളുടെ വിൽപ്പനയും കുറയുകയാണുണ്ടായത്. മറ്റൊരു വിവരവിശകലന സ്ഥാപനമായ കൗണ്ടർ പോയിന്റ് റിസർച്ചും അടുത്ത രണ്ടുവർഷത്തിനകം ഫീച്ചർഫോണുകളുടെ വിൽപ്പനയിൽ വലിയ കുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് 2 ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവരെ 4 ജിയിലേക്കും 5 ജിയിലേക്കും മാറ്റാൻ ടെലികോം കമ്പനികൾ വലിയരീതിയിൽ പരിശ്രമിക്കുന്നുണ്ട്. 2 ജിയിൽനിന്നുള്ള വരുമാനം വളരെ കുറഞ്ഞതായി എയർടെൽ ഒക്ടോബർ-ഡിസംബർ പാദത്തിലെ പ്രവർത്തനഫലത്തിൽ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, മുംബൈ, ഡൽഹി പോലുള്ള വിപണികളിൽ ഇത് രണ്ടക്കത്തിൽ താഴെയായതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.