വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി ടോൺ നിറത്തിലുള്ള മോഡലായിരിക്കും ഇത്തവണത്തെ ആകർഷണം. ആപ്പിളിന്റെ വിതരണശൃംഖലയിൽനിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് മാക്ക് വേൾഡ് വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐഫോൺ 18 പ്രോ മോഡലുകളിൽ 'ഡാർക്ക് ചെറി' (Dark Cherry) എന്ന പുതിയ സിഗ്നേച്ചർ നിറം അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

To advertise here,

വൈൻ നിറത്തിന് സമാനമായ ഈ കടുംനിറം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ പ്രധാന സവിശേഷതയായേക്കും. കഴിഞ്ഞവർഷത്തെ കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോൺ 17 പ്രോ മോഡലുകൾ വിപണിയിൽ തരംഗമായിരുന്നു. 'ഡാർക്ക് റെഡ്' (Dark Red) ഓപ്ഷനെക്കുറിച്ച് നേരത്തേ ചില സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തിൽ വ്യക്തതയില്ല.

ഡാർക്ക് ചെറി കളർ വേരിയന്റിനെ കൂടാതെ, ഐഫോൺ 18 പ്രോ ശ്രേണിയിൽ നിലവിലെ മിസ്റ്റ് ബ്ലൂവിന് സമാനമായ ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ വേരിയന്റുകളും അവതരിപ്പിച്ചേക്കും. സിൽവർ കളർ വേരിയന്റും പ്രതീക്ഷിക്കാം. വ്യാപകമായ ഉത്പാദനത്തിലേക്ക് ആപ്പിൾ പ്രവേശിച്ചിട്ടില്ലാത്തതിനാൽ ഈ കളർ ഓപ്ഷനുകളിൽ മാറ്റമുണ്ടായേക്കാം.

ഡിസൈനിന്റെ കാര്യമെടുത്താൽ, മുൻഗാമികൾക്ക് സമാനമായ ഡിസൈൻതന്നെയായിരിക്കും 18 പ്രോയും പിന്തുടരുക. ചെറിയ ചില മാറ്റങ്ങൾ മാത്രമേ ഉണ്ടാകാനിടയുള്ളൂ. ഡൈനാമിക് ഐലൻഡ് കൂടുതൽ ചെറുതായേക്കും. 

ഐഫോൺ 18 പ്രോയിൽ എ20 ചിപ്പ്സെറ്റ് ആയിരിക്കുമെന്നാണ് കരുതുന്നത്. ടിഎസ്എംസി 2എൻഎം പ്രോസസിൽ നിർമിച്ച ആപ്പിളിന്റെ ആദ്യ ചിപ്പ്സെറ്റാണിത്. ശക്തിയേറിയ 5ജി കണക്ടിവിറ്റിക്കായി ആപ്പിളിന്റെ സി2 മോഡവും ഇതിനൊപ്പമുണ്ടാവും. മെച്ചപ്പെട്ട ബാറ്ററിയും ഫോണിലുണ്ടായേക്കും. പ്രോ മാക്സിൽ 5200 എം.എ.എച്ച്. ബാറ്ററിയുണ്ടാകുമെന്നാണ് വിവരം.

ഈ വർഷം സെപ്റ്റംബറിലായിരിക്കും ഐഫോൺ 18 പ്രോ മോഡലുകൾ എത്തുക. ഇതോടൊപ്പം ഐഫോൺ അൾട്ര എന്ന പേരിൽ ഫോൾഡബിൾ ഐഫോണും പുറത്തിറക്കുമെന്ന സൂചനയുണ്ട്. അതേസമയം പതിവിൽനിന്ന് മാറി, സ്റ്റാൻഡേർഡ് ഐഫോൺ 18 മോഡലുകൾ 2027-ൽ ആയിരിക്കും പുറത്തിറക്കുക.