സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ രംഗപ്രവേശം ചെയ്തത്. അടുത്തകാലത്തായി വിവിധ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഏറ്റവും ഒടുവിലെത്തിയത്. സാംസങ്ങും നേരത്തേ തന്നെ ഈ രംഗത്തുണ്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

To advertise here,

എന്നാല്‍ ഇവരുമായുള്ള മത്സരത്തില്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേ (Huawei). മൂന്നായി മടക്കാന്‍ സാധിക്കുന്ന ട്രിപ്പിള്‍-ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ആഗോള വിപണിയില്‍ ആദ്യമായാണ് ഒരു ട്രിപ്പിള്‍ ഫോള്‍ഡ് ഫോണ്‍ പുറത്തിറങ്ങാന്‍ പോവുന്നത്. ഫോണിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാവേയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഡിവിഷന്‍ സിഇഒ റിച്ചാര്‍ഡ് യു ഒരു ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ജിഎസ്എം അരിന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് വരാന്‍ പോവുന്ന ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

ഫോണ്‍ എപ്പോള്‍ പുറത്തിറക്കുമെന്നും എപ്പോള്‍ അത് വാങ്ങാന്‍ സാധിക്കുമെന്നുമുള്ള ചോദ്യത്തിന് 'അടുത്ത മാസം' എന്നാണ് യു മറുപടി നല്‍കിയത്. എന്നാല്‍ ഫോണിനെ കുറിച്ച് വാവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. 

റിച്ചാര്‍ഡ് യു വിന്റെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണിന്റെ ചില ഫീച്ചറുകള്‍ വ്യക്തമാണ്. Z എന്ന ആകൃതിയില്‍ മടക്കുന്നതാണ് ഈ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍. ഇതിലെ ഏറ്റവും ഇടത് ഭാഗത്തെ സ്‌ക്രീനിന് മുകളില്‍ മധ്യഭാഗത്തായി സെല്‍ഫി ക്യാമറ നല്കിയിരിക്കുന്നു. സ്‌ക്രീനില്‍ രണ്ട് മടക്കുകള്‍ കാണാം. ഇവിടെയാണ് ഹിഞ്ചുകള്‍ വരുന്നത്.

ഫോണിന് 10 ഇഞ്ച് സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. കിരിന്‍ 9 പ്രൊസസറില്‍ ആയിരിക്കും പ്രവര്‍ത്തനം എന്നും പ്രതീക്ഷിക്കുന്നു. ഈ ഫോണ്‍ മേറ്റ് സീരീസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. മേറ്റ് 70 പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ട്രൈ ഫോള്‍ഡ് ഫോണും പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.