ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോകത്തിലെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണായ 'മേറ്റ് എക്‌സ് ടി അൾട്ടിമേറ്റ് ' അവതരിപ്പിച്ച് വാവേ. യുഎസില്‍ നിരോധനം നേരിട്ട കമ്പനിയാണ് ചൈനീസ് ബ്രാന്റായ വാവേ. ആന്‍ഡ്രോയിഡിന് പകരം സ്വന്തം ഹാര്‍മണി ഓഎസിലാണ് വാവേയുടെ ഫോണുകള്‍ ഒരുക്കിയിരിക്കുന്നത്. മേറ്റ് 60 പ്രോ, മേറ്റ് എക്‌സ്5 ഫോണുകളിലൂടെ ആഗോള വിപണിയില്‍ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി. 

To advertise here,

ശനിയാഴ്ച വില്‍പ്പനയ്‌ക്കെത്തുന്ന മേറ്റ് എക്‌സ് ടി അള്‍ട്ടിമേറ്റിന് ഇതിനകം 37 ലക്ഷത്തിലേറെ ഓര്‍ഡറുകള്‍ ലഭിച്ചുവെന്നാണ് വിവരം. ഇതിന്റെ ബേസ് മോഡലിന് വില 19,999 യുവാന്‍ ആണ് (2,35,820 രൂപ) വില.

ലോകത്തിലെ ആദ്യത്തെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍, ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍, ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ തുടങ്ങിയ വിശേഷണങ്ങളാണ് ഫോണിനുള്ളത്. 

ചൈനീസ് വിപണിയില്‍ ആപ്പിളിന്റെ മുഖ്യ എതിരാളിയാണ് വാവേ. സമീപകാലത്തുണ്ടായ തിരിച്ചടികളില്‍ നിന്നുള്ള വാവേയുടെ തിരിച്ചുവരവ് നേരിട്ട് ബാധിക്കുക ആപ്പിളിനെയാണ്. ആപ്പിള്‍ ഇതുവരെ ഫോള്‍ഡബിള്‍ ഫോണ്‍ സാങ്കേതിക വിദ്യ പുറത്തിറക്കിയിട്ടില്ലെന്നതും വിപണിയില്‍ വാവേയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 

സവിശേഷതകള്‍

ഹാര്‍മണി ഒഎസ് 4.2 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണിത്. മൂന്നായി മടക്കാനാവുന്ന 10.2 ഇഞ്ച് സ്‌ക്രീന്‍ ആണിതിന് (3184 x 2232 പിക്‌സല്‍). കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക. സ്‌ക്രീന്‍ ഒരിക്കല്‍ മടക്കിയാല്‍ 7.9 ഇഞ്ച് സ്‌ക്രീനായി വലിപ്പം കുറയും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്‌ക്രീന്‍ ഉപയോഗിക്കാം. 

16 ജിബി റാം ആണിതില്‍, 256 ജിബി, 512 ജിബി, 1 ടിബി സ്‌റ്റോറേജ് ഓപ്ഷനുകളുണ്ട്. 

വാവേയ് മേറ്റ് എക്‌സ് ടി അള്‍ട്ടിമേറ്റിന് 50 എംപി ക്യാമറയാണുള്ളത്. ഒപ്പം 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും 12 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. 8 എംപി ക്യാമറയാണ് ഡിസ്‌പ്ലേയ്‌ക്കൊപ്പം ഉള്ളത്. 

5ജി, 4ജി കണക്ടിവിറ്റിയുണ്ട്. 5600 എംഎഎച്ച് ബാറ്ററിയില്‍ 66 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ്.