പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. മൊബൈൽ ടവറുകളില്ലാത്ത മേഖലയിലുള്ള ആളുകൾക്ക് ആശയവിനിമയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കിയത്. 1,34,166 രൂപയാണ് ഇതിന്റെ വില. സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, സെല്ലുലാർ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങളെ നേരിട്ട് ഉപയോഗിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മൊബൈൽ കവറേജ് ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തടസ്സങ്ങളില്ലാതെ വോയ്‌സ് കോളുകൾ ചെയ്യാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളായ ഇൻമാർസാറ്റുമായി (Inmarsat) സഹകരിച്ചാണ് ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്.
പ്രധാന സവിശേഷതകൾ:
- മൊബൈൽ കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റിയും വോയ്‌സ് കോളിംഗ് സൗകര്യവും.
- അപകട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന എസ്.ഒ.എസ് (SOS) എമർജൻസി സപ്പോർട്ട്.
- ചാർജിംഗ് സൗകര്യമില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാൻ ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫ്.
- വെല്ലുവിളികളുള്ള ചുറ്റുപാടുകളെ അതിജീവിക്കുന്ന ഉറപ്പുള്ള (Rugged) ഡിസൈൻ.
ആർക്കൊക്കെ ഉപയോഗിക്കാം?
എന്തായാലും സാധാരണ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയല്ല ബി.എസ്.എൻ.എൽ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിരോധ മേഖല, സമുദ്രയാനം, ദുരന്ത നിവാരണം, ഖനനം, വ്യാവസായിക ആവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും, ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീർഥാടകർക്കും സാഹസിക യാത്രികർക്കും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് വ്യക്തിഗത ആവശ്യങ്ങൾക്ക് ഈ ഫോൺ ഉപയോഗിക്കാൻ പരിമിതികളുണ്ടാവും.
ഈ സാറ്റലൈറ്റ് ഫോൺ ആർക്കും നേരിട്ട് പോയി വാങ്ങാൻ സാധിക്കില്ല. ഇത് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ ഫോൺ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ഇന്ത്യൻ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകും.
സേവനത്തെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസുമായോ 9768866652 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. രാജ്യവ്യാപകമായി 99,000 4G സൈറ്റുകൾ കമ്മീഷൻ ചെയ്തതിന് പിന്നാലെയാണ് ബി.എസ്.എൻ.എൽ പുതിയ സാറ്റലൈറ്റ് ഫോണും വിപണിയിൽ എത്തിച്ചിരിക്കുന്നത്.
Content Highlights: BSNL has launched a premium satellite phone priced at Rs 1,34,166 in partnership with Inmarsat, designed strictly for defense, disaster management, and adventure travelers in zero-connectivity zones, subject to prior approval from the Department of Telecommunications.
Published: 09 Jul 2026, 05:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented