സാങ്കേതിക വിദ്യകളോടുള്ള പ്രിയ നടന്‍ മമ്മൂട്ടിയുടെ ഇഷ്ടം മലയാളികളോട് പറഞ്ഞറിയിക്കേണ്ടതില്ല. അത്യാധുനിക സ്മാര്‍ട്‌ഫോണുകളും ക്യാമറകളും കാറുകളുമെല്ലാം നടന്റെ ഇഷ്ടവിഷയങ്ങളാണ്. ഇപ്പോഴിതാ സാംസങ് അവതിരിപ്പിച്ച ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണായ ഗാലക്‌സി സെഡ് ഫോള്‍ഡ് 6 കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മള്‍ട്ടി ബ്രാന്റ് സ്റ്റോറായ മൊബൈല്‍ കിങ്ങില്‍ നിന്നാണ് മമ്മൂട്ടി സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 6 സ്വന്തമാക്കിയത്.
ജൂലായ് പത്തിന് പാരീസില്‍ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റിലാണ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ സാംസങ് അവതരിപ്പിച്ചത്. ഗാലക്സി സെഡ് ഫോള്‍ഡ് 6, ഗാലക്സി സെഡ് ഫ്ളിപ്പ് 6 സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ഗാലക്‌സി വാച്ച് അള്‍ട്ര, ഗാലക്‌സി റിങ്, ഗാലക്സി ബഡ്സ് പ്രോ എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു.
ഗാലക്സി സെഡ് ഫോള്‍ഡ് 6 സവിശേഷതകള്‍
സാംസങിന്റെ നൂതനമായ ഗാലക്‌സി എഐ ഫീച്ചറുകളോടുകൂടിയ ഫോണാണിത്. നോട്ട്ബുക്ക് ശൈലിയിലിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ആണ് ഗാലക്സി സെഡ് ഫോള്‍ഡ് 6 . സില്‍വര്‍ ഷാഡോ, പിങ്ക്, നേവി ബ്ലൂ, ക്രാഫ്റ്റഡ് ബ്ലാക്ക്, വെള്ള നിറങ്ങളിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റുകളാണിതിനുള്ളത്. 12 ജിബി റാമുണ്ട്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.
2160 x 1856 പിക്സല്‍ റസലൂഷനിലുള്ള 7.61 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് പാനലാണ് ഇതിലെ പ്രധാന ഡിസ്പ്ലേയില്‍. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 6.26 ഇഞ്ച് 968 x 2376 പിക്സല്‍ എച്ച്ഡി പ്ലസ് സബ് ഡിസ്പ്ലേ ആണിതിന്. ഡൈനാമിക് അമോലെഡ് 2എക്സ് പാനലാണിത്. സാംസങ് എസ്പെന്‍ ഇതില്‍ പിന്തുണയ്ക്കും.
50 എംപി +12 എംപി+ 10 എംപി സെന്‍സറുകള്‍ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. 3എക്സ് ഒപ്റ്റിക്കല്‍ സൂം, ആഡാപ്റ്റീവ് പിക്സല്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം 2എക്സ്, 30 എക്സ് വരെയുള്ള ഡിജിറ്റല്‍ സൂം സൗകര്യമുണ്ട്. നാല് മെഗാപിക്സലിന്റെതാണ് അണ്ടര്‍ ഡിസ്പ്ലേ ക്യാമറ. 10 മെഗാപിക്സലിന്റേതാണ് കവര്‍ ക്യാമറ.
4400 എംഎഎച്ച് ബാറ്ററിയില്‍ 18 മണിക്കൂര്‍ എല്‍ഡിഇ ഇന്റര്‍നെറ്റ് യൂസേജ് ടൈമും 18 മണിക്കൂര്‍ വൈഫൈ ഇന്റര്‍നെറ്റ് യൂസേജ് ടൈമും 23 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് ടൈമും 77 മണിക്കൂര്‍ ഓഡിയോ പ്ലേബാക്ക് ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നു. 8 കെ യുച്ച്ഡി റസലൂഷനില്‍ വീഡിയോ പ്ലേ ചെയ്യാനാവും. സ്റ്റീരിയോ ശബ്ദസംവിധാനമുണ്ട്.
ഗാലക്‌സി സെഡ് ഫോള്‍ഡ് 6 ന്റെ 12 ജിബി റാം + 256 ജിബി വേരിയന്റിന് 1,64,999 രൂപയാണ് വില. 12 ജിബി റാം + 512 ജിബി പതിപ്പിന് 1,76,999 രൂപയുണ്ട്.
Content Highlights: actor mammootty owns new galaxy fold smartphone
Published: 20 Jul 2024, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented