സാംസങ് പുതിയതായി അവതരിപ്പിച്ച ഗാലക്സി വാച്ച് അൾട്ര 2, ഗാലക്സി വാച്ച് 9 മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി. ഈ വാച്ചുകൾ ഇപ്പോൾ പ്രീഓർഡർ ചെയ്യാനാകും. ഓഗസ്റ്റ് ഏഴ് മുതലാണ് വിൽപന. തെളിച്ചം കൂടുതലുള്ള ഡിസ്പ്ലേകൾ, വലിയ ബാറ്ററികൾ, പുതിയ സ്മാർട് വാച്ച് ചിപ്പ്സെറ്റ് എന്നിവയ്ക്കൊപ്പം കൂടുതൽ വ്യക്തിഗതമായ വെൽനെസ് നിർദേശങ്ങൾ നൽകുന്നതിനായി എഐ ഫീച്ചറുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

To advertise here,

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളായ ഗാലക്‌സി വാച്ച് അൾട്ര 2, ഗാലക്‌സി വാച്ച് 9 എന്നിവ അവതരിപ്പിച്ചു. ജൂലായ് 22-ന് നടന്ന ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിൽവെച്ചാണ് പുതിയ വാച്ചുകൾ അവതരിപ്പിച്ചത്. മികച്ച പ്രവർത്തനക്ഷമതയും കൃത്യമായ ജിപിഎസ് ട്രാക്കിംഗും നൽകുന്ന ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് പ്ലാറ്റ്ഫോം, കൂടുതൽ ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേ, എഐ അധിഷ്ഠിതമായ ഹെൽത്ത് മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവയാണ് ഈ പുതിയ മോഡലുകളുടെ പ്രധാന ആകർഷണങ്ങൾ.

ഗാലക്‌സി വാച്ച് അൾട്രാ 2-ന്റെ സവിശേഷതകൾ:

സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവരെയും കായികതാരങ്ങളെയും ലക്ഷ്യമിട്ടാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സാംസങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് ബാറ്ററിയാണിതിൽ. മുൻ അൾട്ര മോഡലിനേക്കാൾ 35% വർധനവോടെ 800mAh ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേയാണിതിന്. ടൈറ്റാനിയം ഉപയോഗിച്ചാണ് വാച്ച് നിർമിച്ചിരിക്കുന്നതെങ്കിലും ഇന്റേണൽ റീഡിസൈനിലൂടെ മുൻ പതിപ്പിനേക്കാൾ 12% കനം കുറയ്ക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. കൂടുതൽ മൃദുവായ സ്ട്രാപ്പുകളാണ് ഇതിന് നൽകിയിരിക്കുന്നത്.

ഫിറ്റ്‌നസ് പ്രേമികൾക്കായി എലിവേഷൻ, ക്ലൈംബിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യുന്ന പ്രത്യേക 'ട്രെയിൽ റൺ മോഡ്', ശരീരഭാരത്തിന് ആനുപാതികമായി വിയർപ്പിലൂടെയുണ്ടാകുന്ന ജലനഷ്ടം കണക്കാക്കി നിർദ്ദേശങ്ങൾ നൽകുന്ന 'ന്യൂട്രീഷൻ അലർട്ട്' എന്നിവ ഇതിലുണ്ട്. കൂടാതെ IP69K, 10ATM, EN13319 എന്നീ സർട്ടിഫിക്കേഷനുകളോടെ ഡൈവിംഗ് സംബന്ധിച്ച വിവരങ്ങൾ (ആഴം, സമയം, വെള്ളത്തിലെ താപനില എന്നിവ) തനിയെ ട്രാക്ക് ചെയ്യാനും ഈ വാച്ചിനാകും. ഇതിനായി ഡൈവിംഗ് ഉപകരണ ബ്രാൻഡായ മാറെസുമായി (Mares) ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ ഡൈവിംഗ് ആപ്പ് ഈ വർഷം അവസാനത്തോടെ ലഭ്യമാകും.

ഗാലക്‌സി വാച്ച് 9-ന്റെ സവിശേഷതകൾ:

ദൈനംദിന ആരോഗ്യപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സാധാരണക്കാർക്കായാണ് ഗാലക്‌സി വാച്ച് 9 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞ ആകർഷകമായ ഡിസൈൻ, 3,000 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഇരു മോഡലുകളിലും സാംസങ്ങിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഹെൽത്ത് മോണിറ്ററിങ് സേവനങ്ങൾ സേവനങ്ങൾ ലഭ്യമാണ്.

എഐ അധിഷ്ഠിത ഫീച്ചറുകൾ

സാംസങ് ഗാലക്‌സി വാച്ചുകളിൽ നൽകിയിട്ടുള്ള എഐ അധിഷ്ഠിത ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകൾ പ്രധാനമായും അഞ്ചെണ്ണമാണ്. ഉറക്കത്തിലെ അടിസ്ഥാന ആരോഗ്യ മാറ്റങ്ങൾ ട്രാക്ക് ചെയ്യുന്ന വൈറ്റൽസ്, ഹൃദയാരോഗ്യം വിലയിരുത്തുന്ന ഹാർട്ട് ഹെൽത്ത് സ്കോർ, വ്യായാമത്തിന്റെ തീവ്രതയും റിക്കവറിയും മാനേജ് ചെയ്യാൻ സഹായിക്കുന്ന ഡെയ്‌ലി കാർഡിയോ ലോഡ്, മൊത്തത്തിലുള്ള ശാരീരികക്ഷമത അളക്കുന്ന ഫിറ്റ്നസ് ഇൻഡക്സ്, സുരക്ഷിതമല്ലാത്ത ശബ്ദങ്ങളെക്കുറിച്ച് മുന്നറിയിപ്പും റിപ്പോർട്ടും നൽകുന്ന ഹിയറിങ് എന്നിവയാണവ. വാച്ചിലെ ബയോസെൻസറുകൾ വഴി വിവരങ്ങൾ നിരന്തരം ശേഖരിക്കുകയും, എഐ ഉപയോഗിച്ച് വ്യക്തിഗതമായ ആരോഗ്യ നിർദ്ദേശങ്ങൾ നൽകി ഉപയോക്താക്കളെ അവരുടെ ദീർഘകാല ആരോഗ്യ പ്രവണതകൾ മനസ്സിലാക്കാൻ സഹായിക്കുകയുമാണ് ഇവ ചെയ്യുന്നത്.

ഗാലക്സി വാച്ചുകളുടെ ഇന്ത്യയിലെ വില

  • ഗാലക്‌സി വാച്ച് അൾട്രാ 2 : ഇതിന്റെ LTE വേരിയന്റിന് 64,999 രൂപയാണ് വില.
  • ഗാലക്‌സി വാച്ച് 9 40mm: ബ്ലൂടൂത്ത് മോഡലിന് 37,999 രൂപയും LTE മോഡലിന് 41,999 രൂപയുമാണ് വില.
  • ഗാലക്‌സി വാച്ച് 9 44mm: ഇതിന്റെ ബ്ലൂടൂത്ത് മോഡലിന് 40,999 രൂപയും LTE മോഡലിന് 44,999 രൂപയുമാണ് വില.