കോഴിക്കോട്: നാഴികയ്ക്ക് നാല്പതുവട്ടം വാച്ച് നോക്കുന്നവരുണ്ടാവും എന്നാൽ, അവരെന്നല്ല ആരും കണ്ടിട്ടുണ്ടാവില്ല ഇങ്ങനെയൊരു വാച്ച്. മലയാളം ലിപിയിലുള്ള അക്കങ്ങൾക്കൊണ്ടൊരു വാച്ച്. വാച്ച് പ്രേമികളുടെ കൂട്ടായ്മയായ ‘ടൈം ഗ്രാഫർ’ പുറത്തിറക്കിയ ‘ഓളം’ ആണ് മലയാളിത്തമുള്ള ഈ വാച്ച്.

To advertise here,

ലോകത്തിലെ ആദ്യത്തെ മലയാളം സ്പോർട്സ് ക്രോണോഗ്രാഫ് വാച്ചാണിത്. കളക്ടേഴ്സ് എഡിഷനായി ഇറക്കിയ 400 വാച്ചുകളും ചൂടപ്പം പോലെ വിറ്റുപോയി. ഇനി ഈ വാച്ച് ഇറക്കില്ല. ‌കേരളത്തിന്റെ സ്വന്തം സ്പോർട്സായ വള്ളംകളിയാണ് വാച്ചിലേക്ക് തിരഞ്ഞെടുത്തത്. പങ്കായത്തിന്റെ മാതൃകയിലാണ് സൂചികൾ. ഓരോ മലയാളം അക്കങ്ങളും എഴുതിയിരിക്കുന്നത് അവസാനിക്കുന്നത് ചുണ്ടൻ വള്ളത്തിന്റെ ചുണ്ടിന്റെ മാതൃകയിലാണ്. ‘ആർപ്പോ’ എന്ന് പേര് നൽകിയിരിക്കുന്ന ടാക്കി മീറ്റർ വഴി ഒരു വള്ളത്തിന്റെ ശരാശരി വേഗം കണക്കാക്കാനാവും.

കേരളത്തിലെ 44 നദികളുടെയും ആകാശ ചിത്രങ്ങൾ എ.ഐ. അൽഗോരിതം ഉപയോഗിച്ചാണ് പച്ചയിൽ വാച്ചിൽ ചേർത്തിരിക്കുന്നതെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളായ സോഹൻ ബാലചന്ദ്രൻ പറയുന്നു.

പച്ചപ്പിന് നൽകിയിരിക്കുന്ന മെറ്റാലിക് പോളിഷിങ് പുഴകളുടെ പ്രതിഫലനസ്വഭാവം സൂചിപ്പിക്കുന്നു. ക്രീം നിറത്തിലുള്ള ഭാഗം കൈത്തറിയെയും. കസവിനെ ഓർമിപ്പിച്ച് ചുറ്റും സ്വർണനിറം. മലയാളത്തിന്റെ സാംസ്കാരിക പാരമ്പര്യമുള്ള ഒരു വാച്ച് ഇറക്കിയാലോ എന്ന ചിന്തയാണ് പിന്നിലുണ്ടായിരുന്നതെന്ന് കൂട്ടായ്മ അംഗം നിഷാദ് പറയുന്നു. അംഗങ്ങൾക്ക് 16,000 രൂപയ്ക്കാണ് നൽകിയത്. അവർ വഴിയെത്തിയ സുഹൃത്തുക്കൾക്ക് 20,000 രൂപയ്ക്കും. ജപ്പാനിൽനിന്നുള്ള 64 സീക്കോ വി.കെ. 64 മെക്കാ ക്വാർട്സ് ആണ് മെഷീൻ. ക്രിസ്റ്റലുകളും മറ്റു ഭാഗങ്ങളും തയ്‌വാനിൽ നിന്നെത്തിച്ചു. ഹോങ്‌ കോങ്ങിലും ഇന്ത്യയിലും ആയാണ് അസംബ്ലിങ് നടത്തിയത്. ലെതർ സട്രാപ്പും സ്റ്റീൽ ക്രിസ്റ്റലുകളുമാണ്. അക്കങ്ങൾ രൂപകല്പനചെയ്തത് കൂട്ടായ്മയിലെ ദിലീപ് മണിയപ്പനാണ്.

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളും വാട്സാപ്പ് കൂട്ടായ്മയുമുള്ള ടൈം ഗ്രാഫറിന് കേരളത്തിനകത്തും പുറത്തുമുള്ള 5000- ത്തോളം മലയാളി അംഗങ്ങളാണുള്ളത്. നാഴിക, വിനാഴിക സമയങ്ങൾ രേഖപ്പെടുത്തി ‘നാഴിക’ എന്ന പേരിൽ നാഴികയ്ക്ക് 40 വട്ടം എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ച് 40 വാച്ചുകളും മുൻപ്‌ പുറത്തിറക്കിയയിരുന്നു.