ഡിജിറ്റൽ വാച്ചുകളുടെ ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച കാസിയോ, തങ്ങളുടെ വൈറലായ റിങ് വാച്ചിന്റെ പുതിയ പതിപ്പായ CRW-H001 പുറത്തിറക്കി. മുൻപത്തെ മോഡലിൽനിന്ന് വ്യത്യസ്തമായി, ജനപ്രിയ ഔറ റിങ്ങിന് (Oura Ring) വെല്ലുവിളിയാകുന്ന രീതിയിൽ കൃത്യമായ ഹെൽത്ത് മോണിറ്ററിങ് സൗകര്യങ്ങളോടെയാണ് ഈ കുഞ്ഞു റിങ് വാച്ച് രൂപകല്പന ചെയ്തിരിക്കുന്നത്.

To advertise here,

സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും ഉള്ളിൽ സെറാമിക് ലൈനിങ്ങുമുള്ള ഈ റിങ്ങിൽ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് , ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റണ്ണിങ്, വാക്കിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ റെക്കോർഡ് ചെയ്യാനും ശേഖരിക്കുന്ന വിവരങ്ങൾ കാസിയോയുടെ ആപ്പുമായി സിങ്ക് ചെയ്യാനും ഇത് സഹായിക്കുന്നു.

സമയത്തിന് പുറമേ സ്റ്റോപ്പ്‌വാച്ച്, അലാം എന്നിവ കാണിക്കുന്ന ഒരു എൽസിഡി സ്ക്രീൻ ഇതിനുണ്ട്. കൂടാതെ, നോട്ടിഫിക്കേഷനുകൾ വരുമ്പോഴും അലാം അടിക്കുമ്പോഴും വൈബ്രേറ്റ് ചെയ്യുന്ന മോട്ടോറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

പഴയ മോഡലായ CRW-001-ൽ സ്പേസറുകൾ ഉപയോഗിച്ചാണ് ഫിറ്റ് ക്രമീകരിച്ചിരുന്നതെങ്കിൽ, പുതിയ CRW-H001 സ്മോൾ, മീഡിയം, ലാർജ് എന്നീ വ്യത്യസ്ത വലുപ്പങ്ങളിൽ ലഭ്യമാണ്. ഇതിന്റെ ഭാരം 19 ഗ്രാം ആണ് (പഴയ പതിപ്പിന് 16 ഗ്രാം ആയിരുന്നു).

ഒറ്റ ചാർജിൽ ആറുദിവസംവരെയും സ്റ്റാൻഡ്‌ബൈ മോഡിൽ 25 ദിവസംവരെയും ബാറ്ററി ബാക്കപ്പ് ലഭിക്കും. എന്നാൽ ഉപകരണത്തിന്റെ ആകെ ബാറ്ററി ആയുസ്സ് ഏകദേശം രണ്ടുവർഷമാണെന്നും അതിനുശേഷം ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

നിലവിൽ ചൈനയിൽമാത്രമാണ് ഇത് ഓർഡർ ചെയ്യാൻ സാധിക്കുന്നത്. അവിടെ ¥1,990 (ഏകദേശം ₹28,171.39) ആണ് ഇതിന്റെ വില. മറ്റ് ആഗോള വിപണികളിൽ ഇത് എന്ന് ലഭ്യമാകുമെന്ന കാര്യം കാസിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പരമ്പരാഗത സ്മാർട്ട്‌വാച്ചുകൾക്ക് പകരം കൂടുതൽ സ്റ്റൈലിഷും ലളിതവുമായ വെയറബിൾ ഗാഡ്‌ജെറ്റുകൾ ആഗ്രഹിക്കുന്നവർക്ക് ഈ റിങ് വാച്ച് മികച്ചൊരു ബദലായി മാറിയേക്കാം.