250 കിലോഗ്രാം ഭാരമുള്ള പോര്‍മുനയാകും പുതിയ പിനാകയില്‍ ഉണ്ടാകുക. മള്‍ട്ടി-ബാരല്‍ ലോഞ്ചറില്‍ നിന്ന് 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയും.

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
ഇന്ത്യയുടെ അഭിമാന ആയുധങ്ങളില്‍ ഒന്നാണ് പിനാക റോക്കറ്റ് സിസ്റ്റം. ഒട്ടേറെ വിദേശരാജ്യങ്ങള്‍ പിനാകയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള പിനാക മാര്‍ക്ക് 3 പതിപ്പിനേക്കാള്‍ കാര്യക്ഷവും ചെലവ് കുറഞ്ഞതും എന്നാല്‍, ആക്രമണപരിധി കൂടിയതുമായ പിനാക മാര്‍ക്ക് 4 പതിപ്പിനുള്ള ഗവേഷണത്തിലാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന ഗൈഡഡ് റോക്കറ്റായാണ് പിനാക മാര്‍ക്ക് 4 വിഭാവനം ചെയ്യുന്നത്.
ഒരേസമയം ക്രൂസ് മിസൈലിനേപ്പോലെ കുതിക്കുകയും ആക്രമണത്തില്‍ റോക്കറ്റുകളുടെ ധര്‍മം നിര്‍വഹിക്കുകയും ചെയ്യുന്ന ബഹുമുഖ ആയുധമായാണ് പിനാക മാര്‍ക്ക് 4 വരുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍ (CEP) കൈവരിക്കാന്‍ കഴിയുന്ന റോക്കറ്റാകും പുതിയ പിനാക.
മിസൈലുകള്‍, ബോംബുകള്‍, അല്ലെങ്കില്‍ മറ്റ് ആയുധങ്ങള്‍ എന്നിവ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുമ്പോള്‍ അവ ലക്ഷ്യത്തില്‍നിന്ന് എത്രത്തോളം വ്യതിചലിക്കാന്‍ സാധ്യതയുണ്ടെന്നു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ അളവാണ് സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍. ഇത് എത്രത്തോളം കുറയുന്നുവോ അത്രത്തോളം കാര്യക്ഷമമാണെന്നാണ് വിലയിരുത്തുന്നത്. പുതിയ പിനാക റോക്കറ്റ് തൊടുത്തുകഴിഞ്ഞാല്‍ ലക്ഷ്യത്തിന്റെ മൂന്നുമിറ്റര്‍ ചുറ്റളവിനുള്ളില്‍ പതിക്കും. ഇത്രയും കൃത്യമായ ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ മറ്റ് രാജ്യങ്ങളില്‍ താരതമ്യേന കുറവാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പോകുന്ന ആയുധമാകും പിനാക മാര്‍ക്ക് 4.
250 കിലോഗ്രാം ഭാരമുള്ള പോര്‍മുനയാകും പുതിയ പിനാകയില്‍ ഉണ്ടാകുക. മള്‍ട്ടി-ബാരല്‍ ലോഞ്ചറില്‍നിന്ന് 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയും. ഇന്ത്യയുടെ ആര്‍ട്ടിലറി യുദ്ധമുറയെ പുനര്‍ നിര്‍വചിക്കുന്ന ആയുധമായി മാറും പിനാക മാര്‍ക്ക് 4.
ഒരു ക്രൂസ് മിസൈല്‍ നിര്‍മിക്കാൻ ആവശ്യമായതിനേക്കാള്‍ 25 ശതമാനം ചെലവ് കുറവായിരിക്കും പുതിയ പിനാക റോക്കറ്റിന് വേണ്ടിവരിക. ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കൂട്ടായ ആക്രമണങ്ങള്‍ (massed salvo launches) നടത്താന്‍ ഈ സംവിധാനത്തിനു കഴിയും. ചെലവ് കുറവായതിനാല്‍ തന്നെ യുദ്ധസമയങ്ങളില്‍ സാമ്പത്തിക ബാധ്യത അധികമുണ്ടാക്കുകയുമില്ല. മാത്രമല്ല, ക്രൂസ് മിസൈലുകളെപ്പോലെ പ്രവര്‍ത്തിക്കുമെന്നതിനാല്‍ ശത്രുക്കളുടെ പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള ശേഷിയും കൂടും. സാധാരണ റോക്കറ്റുകള്‍ക്ക് ഈ ശേഷിയില്ല. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് റോക്കറ്റിന്റെ സഞ്ചാരപാത ഗണിച്ചെടുക്കുന്നത് സങ്കീര്‍ണമാക്കുന്ന തന്ത്രങ്ങള്‍ (unpredictable maneuvers) നടത്താനും ഇതിന് ശേഷിയുണ്ടാകും. ഇതിനായി ഒരുപക്ഷേ, 'മനുവറബിള്‍ റീഎന്‍ട്രി വെഹിക്കിള്‍' സാങ്കേതികവിദ്യയും ഇതില്‍ സംയോജിപ്പിക്കും.
ഡിആര്‍ഡിഒയുടെയുടെ റിസര്‍ച്ച് സെന്റര്‍ ഇമാററ്റ് (RCI) വികസിപ്പിച്ചെടുത്ത അത്യാധുനിക ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ സിസ്റ്റം (GNC) ഇനേര്‍ഷ്യല്‍ നാവിഗേഷനും (INS) ഉപഗ്രഹ അധിഷ്ഠിത IRNSS, GPS ഗതിനിര്‍ണയ സംവിധാനവും സംയോജിപ്പിക്കും. ഇതുവഴി ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് എത്താന്‍ പിനാകയ്ക്ക് സാധിക്കും. ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചാലും 10 മീറ്ററില്‍ താഴെ കൃത്യത ഉറപ്പാക്കാന്‍ മില്ലിമീറ്റര്‍-വേവ് സീക്കര്‍ ഉപയോഗിക്കും. കൂടാതെ, റഡാറുകളുടെ നിരീക്ഷണത്തെ മറികടക്കാന്‍ ഇലക്ട്രോണിക് കൗണ്ടര്‍ മെഷേഴ്‌സ് (ECM) സംവിധാവും പുതിയ പിനാക റോക്കറ്റിലുണ്ടാകും.
കരസേനയ്ക്ക് പുറമെ നാവികസേനയ്ക്ക് വേണ്ടിയുള്ള വകഭേദവും വികസിപ്പിക്കുന്നുണ്ട്. ഡിആര്‍ഡിഒയുടെ ഭാഗമായ ആര്‍മമെന്റ് ആന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ് ക്ലസ്റ്ററാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തീരദേശ സുരക്ഷ ലക്ഷ്യമിട്ട് കരയില്‍ സ്ഥാപിക്കുന്ന പിനാക സംവിധാനമാകും ഇത്. കരയില്‍നിന്ന് ഇന്ത്യയുടെ തീരത്തെ ലക്ഷ്യമാക്കി വരുന്ന ശത്രുവിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കുക എന്നതാകും ഇതിന്റെ ദൗത്യം. ഗൈഡഡ് സംവിധാനമുള്ളതിനാല്‍ കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാനാകും. 2030-ഓടെ ഇത് വിന്യസിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.
Content Highlights: India`s DRDO is developing Pinaka Mark 4, a superior rocket system with longer range, better accuracy, and lower cost than current versions. Explore its advanced features and potential.
Published: 06 Dec 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented