ഇന്ത്യയുടെ ആയുധപ്പുരയിലെ സുപ്രധാനമായ ആയുധമാണ് പിനാക എന്ന റോക്കറ്റ് സംവിധാനം. ശത്രുമുന്നേറ്റങ്ങളെയും സംവിധാനങ്ങളെയും കിറുകൃത്യമായി ആക്രമിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് വാഹനങ്ങളില്‍ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറില്‍നിന്നാണ്. തന്ത്രപ്രധാനമായ ആയുധമായ പിനാക ഇന്ന് പല രാജ്യങ്ങളിലേക്കും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. 

To advertise here,

തദ്ദേശീയ പ്രതിരോധ ആയുധങ്ങളില്‍ നിര്‍ണായകമാണ് പിനാക. ഇപ്പോഴിതാ യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന പിനാകയുടെ പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴിലുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ( ARDE) ആണ് യുദ്ധവിമാനത്തില്‍നിന്ന് പ്രയോഗിക്കാവുന്ന പിനാക റോക്കറ്റിന്റെ പതിപ്പ് വികസിപ്പിക്കുന്നത്. 

സുഖോയ് എസ്.യു-30 എകെഐ, റഫാല്‍, മിറാഷ്-2000, തേജസ് എന്നീ യുദ്ധവിമാനങ്ങളിലാകും പിനാക ഘടിപ്പിക്കുക. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇസ്രയേല്‍ മിസൈലായ റാംപേജിന് പകരക്കാരനായി മാറും പിനാക. 300 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാകയുടെ നാലാമത്തെ ജനറേഷന്‍ വികസന ഘട്ടത്തിലാണ്. ഇതിന്റെ പരീക്ഷണം ഉടനെ നടക്കും. ആക്രമണപരിധി കൂടിയ പിനാകയുടെ ഈ പതിപ്പായിരിക്കും യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിനാക നാലിന് അത്യാധുനിക ഗതിനിര്‍ണയ സംവിധാനങ്ങളുമുണ്ട്. അതിനാല്‍ ഒരു എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈലായി പ്രവര്‍ത്തിക്കാനാകും. 120 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാക 3-യുടേയും യുദ്ധവിമാന പതിപ്പ് വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ റാംപേജ് മിസൈലിന് 250 കിലോമീറ്ററാണ് ആക്രമണ പരിധി. 150 കിലോയോളം വരുന്ന പോര്‍മുനയും വഹിക്കാനാകും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനത്തില്‍നിന്ന് റാംപേജ് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. പാകിസ്താനിലെ റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ ഈ മിസൈലുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇവയുടെ കൃത്യതയിലും ഗുണനിലവാരത്തിലും സേനയ്ക്ക് സംശയമില്ല. മാത്രമല്ല, സമാനമായ മറ്റ് ആയുധങ്ങളെ അപേക്ഷിച്ച് വിലയും കുറവാണ്‌. എന്നാല്‍, തന്ത്രപ്രധാനമായൊരു ആയുധത്തിന്റെ കാര്യത്തില്‍ വിദേശ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് സേനയുടെ ലക്ഷ്യം. ഇതിനിടെയാണ് എ.ആര്‍.ഡി.ഇ പിനാകയുടെ യുദ്ധവിമാന പതിപ്പ് വികസിപ്പിക്കാനൊരുങ്ങുന്നത്. ഈ ആശയത്തിന് വ്യോമസേനയുടെ പിന്തുണയുമുണ്ട്.

അതേസമയം, റാംപേജിന്റെ സാങ്കേതികവിദ്യ കൈമാറ്റത്തോടെ മിസൈല്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന് സമാന്തരമായാണ് പിനാകയുടെ പദ്ധതിയും കൊണ്ടുപോകുന്നത്. പ്രതിരോധ മേഖലയിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. സുരക്ഷിതമായ ദൂരത്തുനിന്ന് ശത്രുതാവളങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്ന സ്റ്റാന്‍ഡ് ഓഫ് ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്ന റാംപേജ്, സ്‌കാല്‍പ്, ബ്രഹ്‌മോസ് എന്‍ജി എന്നിവ. പിനാക കൂടി ഈ നിരയിലേക്ക് എത്തുന്നതോടെ വ്യോമസേനയുടെ ആയുധശേഖരം വൈവിധ്യവത്കരിക്കപ്പെടും. 

എങ്കിലും പിനാകയുടെ യുദ്ധവിമാന പതിപ്പിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതില്‍ പ്രധാനം അതിന്റെ രൂപകല്‍പ്പനയിൽ ഉണ്ടാകേണ്ട മാറ്റമാണ്. അതുപോലെ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന സീക്കര്‍, യുദ്ധവിമാനങ്ങളുടെ രൂപകല്‍പ്പനയോട് ചേര്‍ന്നുപോകുന്ന സംവിധാനം തുടങ്ങിയവ വികസിപ്പിക്കേണ്ടതുണ്ട്. അതിവേഗത്തില്‍ പറക്കുന്ന യുദ്ധവിമാനത്തില്‍നിന്ന് വിക്ഷേപിക്കുമ്പോള്‍ പ്രകടനത്തില്‍ കൃത്യത പാലിക്കേണ്ടതുണ്ട്.

ഇതിന് പുറമെ യുദ്ധക്കപ്പലുകളില്‍നിന്ന് പ്രയോഗിക്കാവുന്ന വകഭേദവും വികസന പദ്ധതിയിലുണ്ട്. 75 കിലോ മീറ്റര്‍ ആക്രമണ പരിധിയുള്ള ഈ വകഭേദം അന്തര്‍വാഹിനികളെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വര്‍ഷം തന്നെ ഇതിന്റെ പരീക്ഷണം നടന്നേക്കും. 

നിലവില്‍ കരസേനയുടെ പ്രധാനപ്പെട്ട ആയുധമാണ് പിനാക റോക്കറ്റ് സിസ്റ്റം. സ്വാതി വെപ്പണ്‍ ലൊക്കേറ്റര്‍ റഡാറിന്റെ സഹായത്തോടെ ശത്രുവിന്റെ ആര്‍ട്ടിലറികള്‍ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് അവിടേക്ക് ആക്രമണം നടത്തുന്ന രീതിയാണുള്ളത്. ഇതിന് വ്യക്തിപരമായ ഇടപെടല്‍ വളരെ കുറവ് മതി. ഒരിക്കല്‍ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ ഫയര്‍ കണ്‍ട്രോണ്‍ കംപ്യൂട്ടര്‍ അവിടേക്ക് ആക്രമണം നടത്താനുള്ള നിര്‍ദ്ദേശം റോക്കറ്റ് ലോഞ്ചറിന് നല്‍കും. ഇതല്ലാതെ നേരിട്ടും ഇത് പ്രവർത്തിപ്പിക്കാനാവും