ന്യൂഡൽഹി: ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയിൽ നിർണ്ണായകവും നിശബ്ദവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായി സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി- SIPRI) ഏറ്റവും പുതിയ റിപ്പോർട്ട്. മിസൈലുകളുടെ തയ്യാറെടുപ്പിലും വിന്യാസത്തിലും വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ സൈനിക കരുത്ത് വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമാധാനകാലത്തും മിസൈലുകൾ ആണവ പോർമുനകളുമായി ഘടിപ്പിച്ച് വിക്ഷേപണത്തിന് സജ്ജമാക്കി വെക്കുന്ന 'കാനിസ്റ്ററൈസ്ഡ്' (Canisterised) രീതിയിലേക്ക് ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് മാറിക്കഴിഞ്ഞു. മുൻപ് പോർമുനകൾ പ്രത്യേകം സൂക്ഷിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അഗ്‌നി സീരീസിലെ അത്യാധുനിക മിസൈലുകളായ അഗ്‌നി-പി (Agni-P), എം.ഐ.ആർ.വി. (MIRV) ശേഷിയുള്ള അഗ്‌നി-5 എന്നിവയിലാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ പാകിസ്താന് ഈ സംവിധാനമില്ല. അവർ ആണവ പോർമുനകളെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ഈ പുതിയ മാറ്റങ്ങൾ ഇന്ത്യയ്ക്ക് 'ലോഞ്ച് ഓൺ വാണിങ്' ശേഷി നൽകുന്നു. എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ സജ്ജമാണെന്ന മുന്നറിയിപ്പ് എതിരാളികൾക്ക് നൽകാൻ ഇതിലൂടെ സാധിക്കും.
മിസൈലുകൾ സുരക്ഷിതമായ കാനിസ്റ്ററുകളിൽ സൂക്ഷിക്കുന്നതിലൂടെ അവ വിക്ഷേപിക്കാൻ വേണ്ട സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് ശത്രുക്കളുടെ മുൻകൂർ ആക്രമണങ്ങളിൽ നിന്ന് മിസൈലുകളെ സംരക്ഷിക്കാനും എളുപ്പത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും സഹായിക്കുന്നു.
ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ നിർണ്ണായക ഭാഗമായ അന്തർവാഹിനികളുടെ പട്രോളിങ് ഇപ്പോൾ കൂടുതൽ സജീവമാണ്. ഐ.എൻ.എസ്. അരിഹന്ത് (INS Arihant) പോലുള്ള ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ എപ്പോഴും വിക്ഷേപണത്തിന് സജ്ജമായ മിസൈലുകളുമായാണ് കടലിൽ നിലയുറപ്പിക്കുന്നത്. ഒരു ശത്രുരാജ്യത്തിന്റെ ആദ്യ ആണവാക്രമണത്തെ അതിജീവിച്ച് ശക്തമായി തിരിച്ചടിക്കാനുള്ള 'സെക്കൻഡ് സ്‌ട്രൈക്ക്' ശേഷി ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
2025 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ പക്കൽ ഏകദേശം 180 ആണവ പോർമുനകളുണ്ട്. വിമാനങ്ങൾ, കരയിൽ നിന്നുള്ള മിസൈലുകൾ, അന്തർവാഹിനികൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്.
പാകിസ്താനിൽ നിന്നുള്ള ഭീഷണികൾക്കൊപ്പം തന്നെ ചൈനയുടെ ഉൾപ്രദേശങ്ങളിലേക്ക് വരെ എത്താൻ ശേഷിയുള്ള ദീർഘദൂര മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്രയും വലിയ മാറ്റങ്ങൾക്കിടയിലും, 'ആദ്യം ആണവായുധം പ്രയോഗിക്കില്ല' (No First Use) എന്ന ഇന്ത്യയുടെ അടിസ്ഥാന നയത്തിൽ മാറ്റമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: SIPRI report highlights India`s silent nuclear defense upgrades, enhanced missile readiness, and sea-based deterrence. Discover `launch on warning` capabilities.
Published: 11 Feb 2026, 10:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented