ഒഡീഷയ്ക്ക് മുകളിൽ ആകാശത്ത് മിന്നിമറഞ്ഞ വാൽനക്ഷത്രത്തിന് സമാനമായ വസ്തുവിനെ ചുറ്റിപ്പറ്റി ഇന്റർനെറ്റിലടക്കം പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. മെയ് എട്ടിന് വൈകീട്ടാണ് ആകാശത്ത് എന്തോ മിന്നിമറയുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അവിശ്വസനീയമായ കാഴ്ചയായിരുന്നു ഇതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാൽനക്ഷത്രത്തിന് സമാനമായ വസ്തു ചക്രവാളത്തിലൂടെ പായുന്നത് കണ്ടുവെന്നാണ് ജനങ്ങൾ പറയുന്നത്.

To advertise here,

മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ നിറഞ്ഞു. എല്ലാവർക്കും ഒരേയൊരു ചോദ്യം മാത്രമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എന്താണിത്? ഒഡീഷയിൽ മാത്രമല്ല, നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ ബംഗ്ലാദേശിലെ കോക്‌സ് ബസാർ വരെ ഈ കാഴ്ച കാണാൻ സാധിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് ഒടുവിൽ വിരാമമായിരിക്കുന്നത്. മെയ് എട്ടിന് ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഐലൻഡിൽനിന്ന് അത്യാധുനിക അഗ്‌നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി എന്നാണ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരൊറ്റ മിസൈലിന് ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയുന്ന എംഐആർവി (Multiple Independently Targetable Re-entry Vehicle) ന്റെ പരീക്ഷണമാണ് നടന്നത്. പറക്കുന്നതിനിടയിൽ പോർമുനകൾ വേർപെട്ട് വിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പല ലക്ഷ്യങ്ങളെയും ഒരേസമയം പ്രഹരിക്കും. ഇക്കാരണത്താൽ സുപ്രധാന പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ വിശാലമായ ഭാഗത്തുടനീളം സജ്ജമാക്കിയിരുന്ന ലക്ഷ്യങ്ങളെ ഉന്നമിട്ട് ഒന്നിലധികം പേലോഡുകളോടെയാണ് മിസൈൽ പരീക്ഷിച്ചത്. സാധാരണ മിസൈലുകൾക്ക് ഒരൊറ്റ ലക്ഷ്യത്തിലേക്കുള്ള ഒരു പോർമുന മാത്രമേ വഹിക്കാൻ കഴിയൂ. എന്നാൽ എംഐആർവി പല ആയുധങ്ങളാണ് ഒന്നിൽ സന്നിവേശിപ്പിച്ചതാണ്. ഈ മിസൈൽ തടയുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിന് ഒന്നിലധികം പോർമുനകളെ ഒരേസമയം ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യേണ്ടി വരും.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ഇത് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇതോടെ എംഐആർവി ശേഷിയുള്ള ദീർഘദൂര മിസൈലുകൾ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇത് പ്രതിരോധ രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.