ന്യുൂഡല്‍ഹി:  ഒരു മിസൈല്‍ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് എംഐആര്‍വി ( മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പെന്‍ഡന്‌റ്‌ലി ടാര്‍ജറ്റബില്‍ റിഎന്‍ട്രി വെഹിക്കിള്‍). ഇന്ത്യയുടെ അഗ്നി-5 മിസൈലില്‍ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 10 മുതല്‍ 12 പോര്‍മുനകളില്‍ ഒരൊറ്റ മിസൈലില്‍ ഘടിപ്പിക്കാന്‍ സാധിക്കും. ഇത്തരം മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ഉദ്ദേശിച്ച സ്ഥലത്ത് എതിരാളിയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ മറികടന്ന്  ആക്രമണം നടത്താനാകുമെന്നതാണ് പ്രധാന നേട്ടം.  

To advertise here,

നിലവിലെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം പ്രയോഗിക്കുന്ന മിസൈലുകള്‍ക്ക് ( കില്‍ വെഹിക്കിള്‍) ഒരു മിസൈല്‍ പോര്‍മുന മാത്രമേ പ്രതിരോധിക്കാനാകു. എംഐആര്‍വി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ആക്രമണം നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ പെട്ടെന്ന് സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ ഇവ പ്രതിരോധം മറികടന്ന് ആക്രമണം നടത്താനുള്ള സാധ്യത സാധാരണ മിസൈലുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 

ഭാവിയില്‍ ഇത്തരം മിസൈലുകളില്‍ നിന്നുള്ള ഭീഷണി മുന്നില്‍ കണ്ട് അതിനെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയ്ക്കും ഇന്ത്യ രൂപം കൊടുക്കുകയാണ്. എംഐആര്‍വി സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച രൂപമാണ് ഇതിനായി ഉപയോഗിക്കുക. ഒരേസമയം ഒന്നിലധികം പോര്‍മുനകള്‍ വഹിച്ചെത്തുന്ന മിസൈലുകളെ ഒരേസമയം ഒന്നിലധികം കില്‍വെഹിക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന മിസൈല്‍ ഉപയോഗിച്ച് നേരിടുക എന്നതാണ് ഈ തന്ത്രം. 

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഇതിന്റെ പണിപ്പുരയില്‍. ഇത്തരം പ്രതിരോധ മിസൈലുകളില്‍ ഒന്നിലധികം കില്‍ വെഹിക്കിളുകള്‍ ഉണ്ടാകും. ഇവയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷിയുമുണ്ടാകും. വ്യോമാതിര്‍ത്തി ലംഘിച്ച് വരുന്ന ശത്രുവിന്റെ മിസൈലുകളെ ഇവ നേരിടും. ബാക്കിയെല്ലാം സാധാരണ പ്രതിരോധ സംവിധാനങ്ങളെപ്പോലെ തന്നെ. 

കരയില്‍നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന തരത്തിലുള്ള മിസൈല്‍ ഇന്റര്‍സെപ്റ്ററുകളാണ് എല്ലാ പ്രതിരോധ സംവിധാനങ്ങളിലുമുള്ളത്. ഇവയിലും അങ്ങനെ തന്നെ. എന്നാല്‍, ഓരോ ഇന്റര്‍സെപ്റ്റനിലുള്ളിലും ഒന്നിലധികം ചെറിയ കില്‍ വെഹിക്കിളുകള്‍ ഉണ്ടാകും. നിലവില്‍ ഈ സാങ്കേതിക വിദ്യ വികസനഘട്ടത്തിലാണ്. 

പദ്ധതി വിജയിച്ചാല്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധത്തില്‍ ലോകത്തെ നിര്‍ണായക ശക്തിയായി ഇന്ത്യ മാറും. ചൈനയുടെ പക്കല്‍ എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലുകളുണ്ട്. സമാനമായ സാങ്കേതികവിദ്യ പാകിസ്താന്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതിനാല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.