ഹൈദരാബാദ്: ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസനത്തിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന നേട്ടവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ് (SCPT) ഫെസിലിറ്റിയിൽവെച്ച് 1,200 സെക്കൻഡിലധികം (20 മിനിറ്റ്) സമയം നീണ്ടുനിന്ന 'സ്ക്രാംജെറ്റ് കംബസ്റ്റർ' ഗ്രൗണ്ട് ടെസ്റ്റ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഈ നേട്ടം അമേരിക്കയെയും ചൈനയെയും പോലുള്ള വൻശക്തികളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മെയ് 9-നാണ് അതീവ രഹസ്യസ്വഭാവമുള്ള ഈ പരീക്ഷണം നടന്നത്. ഈ വർഷം ജനുവരിയിൽ നടന്ന പരീക്ഷണത്തിൽ 700 സെക്കൻഡാണ് എൻജിൻ പ്രവർത്തിപ്പിച്ചതെങ്കിൽ, ഇത്തവണ അത് ഏകദേശം ഇരട്ടിയോളം വർധിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. രാജ്യത്തിന്റെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസന പരിപാടിക്ക് ഈ വിജയം ശക്തമായ അടിത്തറ പാകും.
ഡിആർഡിഒയ്ക്ക് (DRDO) കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി (DRDL) ആണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഈ വിജയത്തിന് പിന്നിൽ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ നിർമ്മിക്കുക എന്നതാണ് അടുത്ത ലക്ഷ്യം, എന്നാൽ ഇതിനായുള്ള കൃത്യമായ സമയപരിധി പ്രതിരോധ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
20 മിനിറ്റ് തുടർച്ചയായി പരീക്ഷിച്ച് വിജയിച്ചതോടെ കുറഞ്ഞത് 2000 കിലോമീറ്റർ ദൂരത്തിൽ വരെ ആക്രമണം നടത്താൻ സാധിക്കുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കണക്കുകൾ പ്രകാരം, മക് 5 (Mach 5) വേഗതയിൽ സഞ്ചരിക്കുന്ന ഒരു മിസൈലിന് 20 മിനിറ്റ് കൊണ്ട് 2,058 കിലോമീറ്റർ ദൂരം പിന്നിടാൻ സാധിക്കും. വേഗത മക് 7 ആയി വർധിച്ചാൽ ഇത് 2,881 കിലോമീറ്റർ വരെയാകാം. ഈ നേട്ടം ഇന്ത്യയുടെ ഭാവി ക്രൂയിസ് മിസൈലുകളെ 'ലോംഗ് റേഞ്ച്' വിഭാഗത്തിലേക്ക് ഉയർത്തും.
തദ്ദേശീയമായി വികസിപ്പിച്ച സ്ക്രാജെറ്റ് സാങ്കേതിക വിദ്യയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇതിനായി ഇന്ത്യ സ്വന്തമായി സെറാമിക് തെർമൽ ബാരിയർ കോട്ടിംഗ്, ലിക്വിഡ് ഹൈഡ്രോകാർബൺ എൻഡോതെർമിക് ഫ്യുവൽ എന്നിവ വികസിപ്പിച്ചു. ഹൈപ്പർ സോണിക് വേഗത കൈവരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ താപത്തെ പ്രതിരോധിക്കാനാണ് സെറാമിക് തെർമൽ ബാരിയർ കോട്ടിംഗ് ഉപയോഗിക്കുന്നത്. സ്റ്റീലിന്റെ ഉരുകൽ നിലയേക്കാൾ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക കോട്ടിംഗ് ആണിത്. എൻജിനിലെ അമിതമായ ചൂട് കുറയ്ക്കാനും ജ്വലനം സുഗമമാക്കാനും ഇത് സഹായിക്കുന്നതാണ് ലിക്വിഡ് ഹൈഡ്രോകാർബൺ എൻഡോതെർമിക് ഫ്യുവൽ.
ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ പദ്ധതിയുടെ അടുത്ത സുപ്രധാന ഘട്ടം ഇപ്പോൾ വികസിപ്പിച്ചെടുത്ത സ്ക്രാംജെറ്റ് സാങ്കേതികവിദ്യയെ ഒരു സമ്പൂർണ്ണ ആയുധ സംവിധാനമായി മാറ്റുക എന്നതാണ്. ഇതിനായി പുതിയ ആയുധം തന്നെ വികസിപ്പിച്ചേക്കാം. ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗത്തിൽ സഞ്ചരിക്കുകയും ദിശ മാറ്റാൻ സാധിക്കുകയും ചെയ്യുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. ഇതോടെ ഈ സാങ്കേതികവിദ്യ കൈവരിച്ച റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ മേഖലയിലെ പ്രബല ശക്തിയായി മാറിയിരിക്കുകയാണ്. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ തന്നെ അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശേഷിയാണ് ഈ പരീക്ഷണം അടിവരയിടുന്നത്.
സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കാനും ഏതു ഘട്ടത്തിലും ദിശ മാറ്റാനും സാധിക്കും. അതിനാൽ തന്നെ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ തടയുക അസാധ്യമാണ്. പുതിയ പരീക്ഷണ വിജയത്തോടെ ഈ രംഗത്ത് കൂടുതൽ ഗവേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പ്രതിരോധ ഗവേഷകർ.
Published: 15 May 2026, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented