
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നേരിടേണ്ട ഏറ്റവും വലിയ സുരക്ഷാ ഭീഷണി പാകിസ്താനല്ല; ചൈനയാണെന്ന ധാരണ ഇന്ത്യയ്ക്ക് വളരെ കാലമായുണ്ട്. ഇത് കണക്കിലെടുത്ത് ഇന്ത്യ ആയുധസംഭരണവും സൈനികശേഷി വർധിപ്പിക്കലുമെല്ലാം കഴിഞ്ഞ കുറച്ചുകാലങ്ങളായി ധ്രുതഗതിയിൽ നടപ്പാക്കുന്നുണ്ട്. ചൈനയെ അപേക്ഷിച്ച് സൈനിക ആധുനികവത്കരണത്തിനു വേഗം കുറവാണെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കുതിപ്പും സ്ഥിരതയും വ്യക്തമാണ്. ഗവേഷണ മേഖലകളിലും പുതിയ സാങ്കേതികവിദ്യകൾ ആർജ്ജിക്കുന്നതിലും മുമ്പില്ലാത്ത വിധം ഫണ്ടിങ്ങും ഭരണകൂട പിന്തുണയും നിലവിലുണ്ട്.
പാകിസ്താനും ചൈനയും ചേർന്നുള്ള ദ്വിമുഖ യുദ്ധമുന്നണിയാകും ഇന്ത്യയ്ക്ക് ഭാവിയിൽ നേരിടേണ്ടിവരിക. വടക്കൻ അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും പടിഞ്ഞാറ് പാകിസ്താൻ സൈന്യവും തമ്മിലുള്ള തന്ത്രപരമായ സഹകരണം ഇന്ത്യയുടെ പ്രതിരോധ നയതന്ത്രങ്ങളെ അടിമുടി പരിഷ്‌കരിക്കാൻ നിർബന്ധിതമാക്കി. ഇതിന്റെ ഭാഗമായാണ് സൈന്യത്തിൽ മൂന്ന് സേനകളെയും സംയുക്തമായി പ്രത്യേക തിയറ്റർ കമാൻഡുകളാക്കി വിഭജിച്ചത്. ഇത് ഏകദേശം പൂർണതയിലെത്തി നിൽക്കുന്നു. ഭാവിയിൽ ഇന്ത്യ- ചൈന- പാകിസ്താൻ സൈനിക സംഘർഷങ്ങളെ നേരിടാൻ ഇറാൻ- യുഎസ്- ഇസ്രയേൽ യുദ്ധം ഇന്ത്യയ്ക്ക് ഒട്ടേറേ പാഠങ്ങൾ നൽകുന്നുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.
ഇന്ത്യ നേരിടുന്ന ദ്വിമുഖ യുദ്ധഭീഷണി എന്നത് ഒരേസമയം രണ്ട് അതിർത്തികളിൽ നടക്കുന്ന പോരാട്ടമല്ല; മറിച്ച് ചൈനയുടെ ആധുനിക സാങ്കേതികവിദ്യയും പാകിസ്താന്റെ ഭൗമസാഹചര്യങ്ങളും ഒന്നുചേരുന്ന സങ്കീർണ്ണമായ പ്രതിഭാസമാണ്. ഈ സാഹചര്യത്തെ വിശകലനം ചെയ്യുമ്പോൾ ഇന്ത്യയുടെ സൈനികശേഷിയും ശത്രുരാജ്യങ്ങളുടെ സംയുക്ത പ്രഹരശേഷിയും തമ്മിലുള്ള അന്തരം പരിശോധിക്കണം. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) തങ്ങളുടെ യുദ്ധമുറകളെ 'ഇന്റലിജന്റ് വാർഫെയർ' (Intelligentized Warfare) എന്ന നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സ്വംസ്, അത്യാധുനിക ഉപഗ്രഹ ശൃംഖല എന്നിവ ഉപയോഗിച്ചുള്ള ഈ യുദ്ധമുറ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്തും. ചൈനയുടെ സൈനിക വളർച്ച ഇന്ത്യയുമായുള്ള സൈനിക- ശാക്തിക അന്തരം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇന്ത്യയുടെ സൈനിക വ്യവസായ അടിത്തറ (ഡിഫൻസ് ഇൻഡസ്ട്രിയൽ ബേസ്- DIB) ചൈനയുടെ ഉൽപ്പാദനക്ഷമതയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നുണ്ട്. ഇക്കാര്യത്തിൽ മുൻകാലങ്ങളേക്കാൾ വേഗം കൈവരിച്ചിട്ടുണ്ടെന്ന യാഥാർഥ്യം തള്ളിക്കളയേണ്ടതില്ല. നിലവിൽ നേരിടേണ്ട ഭീഷണിയും ഇന്ത്യയുടെ അവസ്ഥയും വിശകലനം ചെയ്ത് നോക്കാം.
ഓപ്പറേഷൻ സിന്ദൂറും ഇറാൻ യുദ്ധവും നൽകിയ പാഠം
2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാല് ദിവസത്തെ സംഘർഷം (Operation Sindoor) ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. എന്നാൽ, ഈ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിന് ചൈനയിൽനിന്ന് നിർലോഭമായ സഹകരണം ലഭിച്ചു. ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പാകിസ്താന് ചൈന നൽകി. ഈ യുദ്ധത്തിൽ പാകിസ്താന് ചൈന നൽകിയ 'ലൈവ് ഇൻപുട്ടുകൾ' ഇന്ത്യയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാൽ, സുശക്തമായ പ്രതിരോധ സംവിധാനങ്ങളും സൈനികതന്ത്രങ്ങളും പാക്-ചൈന അച്ചുതണ്ടിന്റെ സംഘടിത നീക്കങ്ങളെ പരാജയപ്പെടുത്തി. ചൈന തങ്ങളുടെ പുതിയ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ഒരു കളമായി പാകിസ്താനെ ഉപയോഗിച്ചുവെന്നത് ഇന്ത്യൻ സുരക്ഷാ വിദഗ്ദ്ധർ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
ഓപ്പറേഷൻ സിന്ദൂറിനൊപ്പം ഇറാൻ യുദ്ധത്തിലെ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് ഒട്ടേറെ ഉൾക്കാഴ്ചകളാണ് നൽകുന്നത്. ഇസ്രയേൽ-ഇറാൻ-യുഎസ് സംഘർഷങ്ങളിൽ ഇറാൻ പ്രയോഗിച്ച തന്ത്രങ്ങൾ പുതിയൊരു യുദ്ധക്കാഴ്ചപ്പാടാണ് ഇന്ത്യയ്ക്ക് നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു രാജ്യം എങ്ങനെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളെ നേരിട്ടുവെന്നത് പഠിക്കേണ്ടതാണ്. കോസ്റ്റ് ഇമ്പോസിഷൻ ഡിറ്ററൻസ് (Cost-Imposition Deterrence) ആണ് ഇറാന്റെ തന്ത്രത്തിന്റെ കാതൽ. ഏതാനും ആയിരം ഡോളറുകൾ മാത്രം വിലയുള്ള 'ഷാഹേദ്' (Shahed) ഡ്രോണുകൾ അയച്ച്, ലക്ഷക്കണക്കിന് ഡോളർ വിലയുള്ള മിസൈലുകൾ ഉപയോഗിച്ച് അവയെ തകർക്കാൻ ശത്രുവിനെ പ്രേരിപ്പിക്കുക എന്നതാണ് ഈ രീതി. ഇത് ശത്രുവിന്റെ പ്രതിരോധ ബജറ്റിനെ വലിയ തോതിൽ ബാധിക്കുന്നു. ഇന്ത്യയ്ക്ക് വടക്കൻ അതിർത്തിയിൽ ചൈനയ്‌ക്കെതിരെ ഇത്തരം കുറഞ്ഞ ചെലവിലുള്ള എന്നാൽ പ്രഹരശേഷിയുള്ള ഡ്രോൺ ശൃംഖലകൾ ഉപയോഗിക്കാൻ കഴിയും. പരമ്പരാഗതമായി യുദ്ധങ്ങൾ വിമാനങ്ങൾ തമ്മിലോ ടാങ്കുകൾ തമ്മിലോ ഉള്ള പോരാട്ടമായിരുന്നു. എന്നാൽ, ഇറാൻ പ്ലാറ്റ്ഫോം സെൻട്രിക് യുദ്ധമുറയിൽനിന്ന് നെറ്റ്‌വർക്ക് സെൻട്രിക് യുദ്ധമുറയിലേക്ക് മാറ്റി. ഒരേസമയം നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും അയച്ച് ശത്രുവിന്റെ പ്രതിരോധ സംവിധാനത്തെ നിഷ്‌ക്രിയമാക്കുന്ന 'സാച്ചുറേഷൻ അറ്റാക്ക്' തന്ത്രമാണ് ഇറാൻ കൂടുതലും പയറ്റിയത്. സ്വന്തമായി കരുത്തുറ്റ വ്യോമസേനയില്ലാത്തതിന്റെ കുറവ് ഇറാൻ ഇക്കാര്യത്തിൽ പരിഹരിച്ചു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനും സാച്ചുറേഷൻ അറ്റാക്കിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധ ശൃംഖലയെക്കുറിച്ചുള്ള അവരുടെ ധാരണക്കുറവ് ഇന്ത്യയ്ക്ക് നേട്ടമായി മാറി. മറിച്ച്, പാകിസ്താനിൽ ഇന്ത്യയ്ക്ക് വ്യോമ മേധാവിത്വം നേടാനും സഹായിച്ചു. ഷഹേദ് മോഡൽ ഡ്രോണുകളാണ് ഇപ്പോഴത്തെ തന്ത്രപ്രധാനമായ ആയുധങ്ങൾ. ഇന്ത്യയും ഇക്കാര്യത്തിൽ ചില മുന്നേറ്റം നടത്തിയിട്ടുണ്ട്. നാഗാസ്ത്ര-1, സ്‌കൈ സ്‌ട്രൈക്കർ എന്നീ ഡ്രോണുകൾ ഇന്ന് ഇന്ത്യ വ്യാപകമായി സംഭരിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ചൈനീസ് നീക്കങ്ങൾക്കെതിരെ ഇന്ത്യയ്ക്ക് ഈ ആയുധങ്ങളെ പ്രയോഗിക്കാനാകും. എങ്കിലും സൈനിക സാങ്കേതിക വിദ്യകൾ അനുദിനം മാറുകയാണ്. ഡ്രോണുകളെ ചെലവ് കുറവുള്ള പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് നേരിടുന്ന രീതികൾ വികസിച്ച് വരികയാണ്. ഇക്കാര്യത്തിൽ ഇന്ത്യയും മുന്നേറ്റം നടത്തിട്ടുണ്ട്. അത്തരം പ്രതിരോധങ്ങളെ മറികടക്കാനുള്ള തന്ത്രവുമൊരുക്കേണ്ടതുണ്ട്.
മലാക്ക കടലിടുക്ക്- സമുദ്രത്തിലെ ഇന്ത്യയുടെ തന്ത്രപ്രധാന ആയുധം
യുഎസുമായുള്ള യുദ്ധത്തേ നേരിടുന്നതിനിടയിലും വളരെ പെട്ടെന്ന് ഒരു വെടിനിർത്തലിലേക്ക് എത്തിക്കാൻ യുഎസിനെ പ്രേരിപ്പിക്കുന്നതിലേക്ക് നയിച്ചത് ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നീക്കമാണ്. ഇതിലൂടെ ഇറാൻ ആഗോള സാമ്പത്തിക വ്യവസ്ഥയെ മുൾമുനയിൽ നിർത്തി. കപ്പൽ ഗതാഗതം അനിശ്ചിതത്വത്തിലാക്കിയതോടെ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചു. ഇതേ തന്ത്രം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്‌ക്കെതിരെ പ്രയോഗിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള മേധാവിത്വം ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് നിർണായകമാണ്. ഭൂമിശാസ്ത്രപരമായ മുൻതൂക്കം ഇന്ത്യയ്ക്ക് ലഭിക്കുന്നത് മലാക്ക കടലിടുക്കിലാണ്. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ വലിയൊരു പങ്കും മലാക്ക കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൂടെ സാധിക്കും.
കേവലം ഒരു കേന്ദ്രഭരണ പ്രദേശമല്ല, മറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക താവളമാണ് ഈ ദ്വീപുകൾ. കടലിടുക്കിന്റെ പടിഞ്ഞാറൻ കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളിലൂടെ ഇന്ത്യയ്ക്ക് കപ്പൽ ഗതാഗതം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ആന്റി-ആക്‌സസ്/ഏരിയ ഡിനയൽ എന്ന തന്ത്രം ആൻഡമാൻ ദ്വീപുകളിൽനിന്ന് നടപ്പാക്കാം. ശത്രുവിന്റെ കപ്പലുകൾക്ക് ഈ മേഖലയിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കാൻ മിസൈൽ ബാറ്ററികളും ഡ്രോണുകളും ഉപയോഗിക്കാം. ഇന്ത്യയ്ക്ക് കടലിടുക്കിൽ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം ഇൻഷുറൻസ് പ്രീമിയമാണ്. ഒരു മേഖലയിൽ യുദ്ധസാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചാൽ കപ്പലുകളുടെ വാർ-റിസ്‌ക് ഇൻഷുറൻസ് പ്രീമിയം 0.25% ത്തിൽ നിന്ന് 3% വരെ ഉയർന്നേക്കാം. ഇത് ചൈനയുടെ വ്യവസായ മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കും. നേരിട്ട് യുദ്ധം ചെയ്യാതെ തന്നെ ശത്രുവിനെ സാമ്പത്തികമായി തളർത്താൻ ഈ തന്ത്രത്തിന് സാധിക്കും.
ദ്വിമുഖ യുദ്ധത്തിന് കാലേകൂട്ടി ഒരുങ്ങുന്ന ഇന്ത്യ
അതിർത്തികളിൽ ചൈനയെയും പാകിസ്താനെയും നേരിടാൻ ഇന്ത്യൻ സൈന്യം വലിയ തോതിലുള്ള പുനഃസംഘടനയിലാണ്. ഇതിന്റെ പ്രധാന ഭാഗമാണ് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ (IBG). പഴയകാലത്തെ ഭീമാകാരമായ സൈനിക ഡിവിഷനുകൾക്ക് പകരം വേഗത്തിൽ നീങ്ങാൻ സാധിക്കുന്ന, സംയോജിത സേനാവിഭാഗങ്ങളാണ് ഐ.ബി.ജികൾ. ഓരോ ഗ്രൂപ്പിലും ഏകദേശം 5,000 സൈനികർ ഉണ്ടായിരിക്കും. സാധാരണ സൈനിക നീക്കത്തിന് ആഴ്ചകൾ എടുക്കുമ്പോൾ, ഐ.ബി.ജികൾക്ക് 12 മുതൽ 24 മണിക്കൂറിനുള്ളിൽ യുദ്ധസജ്ജമാകാൻ സാധിക്കും. പാകിസ്താന്റെ ആണവ പ്രതികരണം ഒഴിവാക്കാൻ ചെറിയ പ്രഹരങ്ങൾ നൽകി തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ചൈനീസ് അതിർത്തിയിൽ ദ്രുതഗതിയിലുള്ള പ്രത്യാക്രമണത്തിന് ഇവ സഹായിക്കുന്നു.
നാവികശക്തിയുടെ നവീകരണം: സമുദ്രമേഖലയിലെ മേധാവിത്വം നിലനിർത്താൻ മുങ്ങിക്കപ്പലുകൾ അത്യാവശ്യമാണ്. ചൈനയുടെ സമുദ്രാന്തര പ്രവേശനം തടയാൻ ഇന്ത്യ 8 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റ് 75ഐ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ജർമ്മനിയുമായുള്ള സഹകരണത്തോടെ ആറ് അത്യാധുനിക മുങ്ങിക്കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. ഇതിന് പുറമെ മുങ്ങിക്കപ്പലുകൾക്ക് വെള്ളത്തിനടിയിൽ കൂടുതൽ കാലം കഴിയാൻ സഹായിക്കുന്ന എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യ ഇന്ത്യ ആർജ്ജിച്ചിട്ടുണ്ട്. ചൈനീസ് യുദ്ധക്കപ്പലുകളെ ഒളിഞ്ഞിരുന്ന് ആക്രമിക്കാൻ ഈ സാങ്കേതിക വിദ്യ ഇന്ത്യയെ പ്രാപ്തമാക്കും.
ഊർജ്ജ പ്രതിസന്ധി: യുദ്ധകാലത്ത് രാജ്യം നേരിടാൻ പോകുന്നത് വലിയ ഊർജ്ജ പ്രതിസന്ധിയാകും. ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യകതയിൽ 88 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇക്കാര്യത്തിൽ ഇന്ത്യ വൈവിധ്യവത്കരണം നടത്തിയിട്ടുണ്ട്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവർക്ക് പുറമെ മറ്റ് നാൽപ്പതോളം രാജ്യങ്ങളിൽനിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നു. കൂടാതെ, തന്ത്രപ്രധാനമായ എണ്ണ ശേഖരങ്ങൾ (Strategic Petroleum Reserves - SPR) ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ഹ്രസ്വകാലത്തേക്ക് രാജ്യത്തെ സഹായിക്കും.
നയതന്ത്ര സഖ്യങ്ങൾ പ്രധാനം: നയതന്ത്ര സൈനിക തന്ത്രങ്ങൾ യുദ്ധത്തിൽ മേധാവിത്വം നിലനിർത്താൻ സൈനിക ശക്തിക്കൊപ്പം നയതന്ത്ര സഖ്യങ്ങളും പ്രധാനമാണ്. 'ക്വാഡ്' (Quad) സഖ്യത്തിലൂടെ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരുമായി ചേർന്ന് ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഭാവിയിലെ ദ്വിമുഖ യുദ്ധസാധ്യത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഓപ്പറേഷൻ സിന്ദൂർ കാണിച്ചുതന്നതുപോലെ, ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കുന്ന പാകിസ്താനെ നേരിടാൻ ഇന്ത്യയ്ക്ക് കനത്ത പ്രഹരശേഷി ആവശ്യമാണ്. ഇറാന്റെ അസിമട്രിക് യുദ്ധതന്ത്രങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് കുറഞ്ഞ ചെലവിലുള്ള ഡ്രോൺ സാങ്കേതികവിദ്യയിൽ ഇന്ത്യ മുൻതൂക്കം നേടണം. സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ആയുധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത നേടുന്നതിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുകയുള്ളൂ. ഭാവിയെ മുൻകൂട്ടി കണ്ട് കൊണ്ടുള്ള ഇത്തരം ബഹുമുഖ പ്രതിരോധ തന്ത്രങ്ങൾ ഇന്ത്യയെ ഏഷ്യയിലെ ഒരു നിർണ്ണായകശക്തിയായി നിലനിർത്താൻ സഹായിക്കും.
Content Highlights: India is shifting to theater commands and Integrated Battle Groups (IBG) for rapid response., Learning from Iran's cost-imposition and saturation attack tactics using low-cost drone swarms., Leveraging the Malacca Strait and Andaman Islands to pressure China's maritime supply lines., Prioritizing self-reliance in defense manufacturing and strategic petroleum reserves for wartime resilience., Strengthening the Quad alliance to maintain stability in the Indo-Pacific region.
Published: 10 Apr 2026, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented