
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBM) തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (BMD) കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും (endo-atmosphere) പുറത്തും (exo-atmosphere) വെച്ച് ശത്രു മിസൈലുകളെ തടയാൻ ശേഷിയുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പ്രയോഗിച്ചത്. പരീക്ഷണത്തിൽ ഇന്റർസെപ്റ്റർ മിസൈലുകൾ അവയുടെ ലക്ഷ്യങ്ങൾ വിജയകരമായി തകർത്തു.
മിസൈൽ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: അന്തരീക്ഷത്തിനുള്ളിൽ വെച്ച് മിസൈലുകളെ തകർക്കുന്ന പൃഥ്വി ഡിഫൻസ് വെഹിക്കിൾ (PDV), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (AAD) എന്നിവ ഉൾപ്പെടുന്ന ഈ ഘട്ടം മുമ്പ് പൂർത്തിയായിരുന്നു. രണ്ടാം ഘട്ടം: എഡി-1, എഡി-2 എന്നീ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ തകർക്കുന്നതാണ് ഈ ഘട്ടം.
ഹൈപ്പർസോണിക് ആയുധങ്ങളെയും (hypersonic weapons), ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആണവമുനകൾ തൊടുക്കാൻ കഴിയുന്ന മിസൈലുകളെയും (MIRV technology) നേരിടാനായി മൂന്നാം ഘട്ടത്തിന് ഡിആർഡിഒ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി എഡി-എഎച്ച് (AD-AH) , എഡി- എഎം (AD-AM) എന്നീ പുതിയ മിസൈലുകൾ വികസിപ്പിക്കും.
ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ ഡിആർഡിഒയും ശാസ്ത്രജ്ഞരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. പരീക്ഷണ വിവരങ്ങൾ അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിൽ പങ്കുവയ്ക്കുകയും ചെയ്തു. പരീക്ഷണ വിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു.
നാവികസേനയുടെ ഇടത്തരം ദൂരപരിധിയുള്ള കപ്പൽവേധ മിസൈലിന്റെ (Naval Anti-Ship Missile-Medium Range) ആദ്യ പരീക്ഷണവും (maiden flight test) ഇതിനൊപ്പം വിജയകരമായി പൂർത്തിയാക്കി.
1998-ൽ പാകിസ്താൻ ആണവ പരീക്ഷണം നടത്തിയതിനെത്തുടർന്ന് 1999-ലാണ് ഇന്ത്യ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പദ്ധതിക്ക് തുടക്കം കുറിച്ചത്. ചൈനയുടെ ഈ രംഗത്തെ മുന്നേറ്റങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. വിക്ഷേപണ വാഹനങ്ങൾക്കു പുറമെ, ഇസ്രായേലിൽ നിന്നുള്ള സോർഡ് ഫിഷ് (Swordfish) റഡാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച തദ്ദേശീയ റഡാർ സംവിധാനങ്ങൾ ഈ പ്രതിരോധ കവചത്തിന്റെ പ്രധാന ഭാഗമാണ്.
ദീർഘദൂരത്തിലുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ള ഒരു ട്രാക്കിംഗ് റഡാർ സംവിധാനമാണിത്. ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അറേ ( AESA) റഡാർ സംവിധാനമാണിത്.
2000കളുടെ മധ്യത്തിൽ ഇസ്രായേലിൽ നിന്നാണ് ഇന്ത്യ സോർഡ് ഫിഷ് റഡാർ ആദ്യമായി സ്വന്തമാക്കിയത്. ഇസ്രായേലിന്റെ ആരോ (Arrow) മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ഗ്രീൻ പൈൻ (Green Pine) ലോംഗ് റേഞ്ച് റഡാറിന്റെ ഒരു വകഭേദമാണ് സോർഡ്ഫിഷ് റഡാർ. ഈ റഡാറിൽ ഇന്ത്യയുടെ നിരവധി തദ്ദേശീയ സംവിധാനങ്ങൾ (indigenous systems) ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റഡാറിനെ അടിസ്ഥാനമാക്കി, ഇതിലും ഉയർന്ന ദൂരപരിധിയും ശേഷിയുമുള്ള പുതിയ തദ്ദേശീയ റഡാർ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഡിആർഡിഒയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിലെ (BMD) ഇന്റർസെപ്റ്റർ മിസൈലുകൾ കഴിഞ്ഞാൽ ഏറ്റവും നിർണ്ണായകമായ ഘടകമായാണ് കൃത്യതയും ശേഷിയും കൂടിയ റഡാറുകൾ. പുതിയ മിസൈൽ ഭീഷണികളെ ഫലപ്രദമായി നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡിആർഡിഒ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
പൂർണ സജ്ജമായാൽ ഈ സംവിധാനം വിവിധ ഭാഗങ്ങളായാണ് വിന്യസിക്കുക. മിസൈൽ വിക്ഷേപണ വാഹനങ്ങൾ (launch vehicles), പ്രത്യേക ദീർഘദൂര റഡാറുകൾ, ലോഞ്ച് കൺട്രോൾ സെന്ററുകൾ, മിഷൻ കൺട്രോൾ സെന്റർ എന്നിവ വിവിധയിടങ്ങളിലായി സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഈ ഘടകങ്ങളെല്ലാം അതീവ സുരക്ഷിതമായ ഒരു ആശയവിനിമയ ശൃംഖല (secure communication network) വഴി പരസ്പരം ബന്ധിപ്പിക്കും. ശത്രു രാജ്യങ്ങളുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും ഭൂഖണ്ഡാന്തര മിസൈലുകളെയും ഫലപ്രദമായി നേരിടാനാണ് ഈ രീതിയിലുള്ള സജ്ജീകരണം ഒരുക്കുന്നത്.
Content Highlights: Successful completion of Phase-II BMD trials by DRDO on June 10-11., Capability to intercept ICBMs both inside and outside the atmosphere., Deployment of AD-1 and AD-2 interceptor missiles., Integration of indigenous Swordfish radar technology for precision tracking., Future development of Phase-III to counter hypersonic and MIRV threats.
Published: 13 Jun 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented