ഭുവനേശ്വർ: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നതായി സൂചന. ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള ചന്ദിപൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇന്ന് നടത്താനിരിക്കുന്ന മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി വൻതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒഴിപ്പിക്കൽ നടപടികളുമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ലോഞ്ച് കോംപ്ലക്‌സ്-3 ന് ചുറ്റുമുള്ള ഒന്നുമുതൽ മുതൽ 3.5 കിലോമീറ്റർ വരെയുള്ള പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് 11,442 പേരെയും അവരുടെ കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബർധൻപൂർ മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടർ, ബർധൻപൂർ ഹൈസ്‌കൂൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. മിസൈൽ പരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് തിരികെ വീട്ടിലേക്ക് പോകാം.
സാധാരണ മിസൈൽ പരീക്ഷണത്തിന് ഇത്രയും വിപുലമായ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാറില്ലാത്തതിനാലാണ് നടക്കാൻ പോകുന്നത് അഗ്നി-6 മിസൈലിന്റെ പരീക്ഷണമാകാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. ഔദ്യോഗികമായി ഏത് മിസൈലാണ് പരീക്ഷിക്കുന്നതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ( ഡിആർഡിഒ) വെളിപ്പെടുത്തിയിട്ടില്ല. സാധാരണയായി ദീർഘദൂര മിസൈലുകൾ പരീക്ഷിക്കുന്നത് അബ്ദുൾ കലാം ദ്വീപിൽ നിന്നായതിനാൽ, ചന്ദിപൂരിൽ നടക്കുന്നത് അഗ്‌നി-6 തന്നെയാണോ എന്ന കാര്യത്തിൽ ചില നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് മറ്റൊരു സാങ്കേതിക പരീക്ഷണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞ മെയ് 8-ന് ഇന്ത്യ അഗ്‌നി-5 മിസൈലിന്റെ എംഐആർവി വകഭേദം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയതോതിലുള്ള ഒഴിപ്പിക്കൽ നടന്നിരിക്കുന്നത്. പ്രതിരോധ സംബന്ധമായതിനാൽ പരീക്ഷണവിവരം എന്തെന്ന് ഡിആർഡിഒ മുൻകൂട്ടി വെളിപ്പെടുത്താറില്ല. മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയായ ശേഷം പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഡിആർഡിഒയിൽ നിന്നോ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയാണ് അഗ്നി-6നെ വിശേഷിപ്പിക്കുന്നത്. അഗ്നി-6ന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും പൂർത്തിയായെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ മിസൈൽ നിർമാണത്തിലേക്കും പരീക്ഷണത്തിലേക്കും കടക്കുമെന്ന് നേരത്തെ ഡിആർഡിഒ മേധാവി വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം മേഖലയിൽ ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പ്രഖ്യാപിക്കുമ്പോഴൊക്കെ അഗ്നി -6 മിസൈൽ അഭ്യൂഹങ്ങൾ ഉയരാറുണ്ട്.
ഏകദേശം 8,000 മുതൽ 12,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാകും അഗ്നി-6 എന്നാണ് പ്രതീക്ഷിക്കുന്നത്. അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച രൂപമാണ് അഗ്‌നി-6. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് 10 മുതൽ 11 വരെ ആണവ പോർമുനകൾ തൊടുത്തുവിടാൻ കഴിയുന്ന എംഐആർവി സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലിനെ ശത്രുരാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്തുക പ്രയാസകരമാണ്. ഈ മിസൈൽ ഇന്ത്യയുടെ ഏറ്റവും മാരകമായ ആയുധമായാണ് കണക്കാക്കപ്പെടുന്നത്.
ഒരു യഥാർത്ഥ ഭൂഖണ്ഡന്തര മിസൈലായ (True ICBM) ഇതിന് ഏകദേശം 3 ടൺ (3000 കിലോ) ഭാരമുള്ള ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുണ്ടാകും. ലോകത്തിന്റെ പകുതിയിലധികം ഭാഗങ്ങളും അഗ്‌നി-6-ന്റെ പരിധിയിൽ വരും. ചൈനയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏത് രാജ്യവും പൂർണ്ണമായും ഈ മിസൈലിന്റെ പരിധിയിലാണ്. ലണ്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ നഗരങ്ങളും കിഴക്കൻ യൂറോപ്പും പൂർണ്ണമായി ഇതിന്റെ പരിധിയിൽ വരും. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഇതിന് ലക്ഷ്യമിടാനാകും. അമേരിക്കയുടെ ചില ഭാഗങ്ങളും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ചില മേഖലകളും ഒഴിച്ചാൽ, ഭൂഗോളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്‌നി-6 മിസൈലിന്റെ ആക്രമണ പരിധിയിൽ വരുന്നവയാണ്.
Content Highlights: Large-scale evacuation of 11,442 people near Chandipur test range., Potential testing of Agni-6, India's most powerful ICBM., Agni-6 features MIRV technology with 8,000-12,000 km range., Strategic capability to carry 3-ton nuclear warheads., High-speed hypersonic capabilities making it difficult to intercept.
Published: 11 Jun 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented