
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. വർഷങ്ങൾ നീളുന്ന മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) ടെൻഡർ നടപടികൾ ഒഴിവാക്കി, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നേരിട്ടുള്ള ഗവൺമെന്റ്-ടു-ഗവൺമെന്റ് (G2G) കരാറിലൂടെ ഈ വിമാനങ്ങൾ സ്വന്തമാക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. സാധാരണ ടെൻഡർ നടപടികളിലൂടെ വിമാനങ്ങൾ വാങ്ങുമ്പോൾ അഞ്ച് വർഷത്തിലധികം കാലതാമസമുണ്ടാക്കാൻ സാധ്യതയുണ്ട്. വ്യോമസേനയുടെ നിലവിലെ സ്‌ക്വാഡ്രൺ കരുത്ത് അനുവദനീയമായ 42-ൽ നിന്ന് 30-ലേക്ക് താഴ്ന്ന പശ്ചാത്തലത്തിൽ, വിമാനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ജി2ജി കരാർ അത്യന്താപേക്ഷിതമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കുന്നതോടെ ഈ കരാർ യാഥാർഥ്യമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഈ 114 വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാഗ്പൂരിലെ ദസ്സോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) പ്ലാന്റ് ഉപയോഗപ്പെടുത്തും. നിലവിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനുള്ള ഓഹരികൾ വാങ്ങി പ്ലാന്റിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ ദസ്സോ ഏവിയേഷൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പ്ലാന്റ് നവീകരിക്കുകയും ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങളിൽ 60 ശതമാനം തദ്ദേശീയ ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.
പുതിയ ബാച്ച് വിമാനങ്ങൾ ഏറ്റവും പുതിയ എ4 സ്റ്റാൻഡേർഡ്, ഭാവിയിലേക്കുള്ള എ5 വേരിയന്റ് എന്നിവയുടെ മിശ്രിതമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്വർക്ക് കേന്ദ്രീകൃതമായ പോരാട്ടങ്ങൾക്കുള്ള സംവിധാനങ്ങൾ, അത്യാധുനിക റഡാർ സെൻസറുകൾ, ശത്രുവിന്റെ വ്യോമ പ്രതിരോധം തകർക്കാനും ഡ്രോണുകളെ നിയന്ത്രിക്കാനുമുള്ള (MUM-T) അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുൾപ്പെടുന്ന റഫാൽ വിമാനങ്ങളാകും ഇന്ത്യയിൽ നിർമിക്കുക.
നാഗ്പൂരിലെ നിർമ്മാണശാല പ്രവർത്തനക്ഷമമാകുന്നതോടെ അത് ദസ്സോ ഏവിയേഷന്റെ വിദേശ കയറ്റുമതിയുടെ ആഗോള കേന്ദ്രമായി മാറും. റഫാലിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാ ഇന്ത്യയെ മാറ്റുന്നതിൽ ഈ കേന്ദ്രം നിർഡണായക പങ്കുവഹിക്കും. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തിന് ഗുണകരമാവുകയും ചെയ്യും. എന്നാൽ, നാഗ്പൂരിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ജീവനക്കാർക്ക് പരിശീലനം നൽകാനും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: India is fast-tracking the acquisition of 114 Rafale fighter jets through a direct G2G deal to boost its air force`s capabilities. Learn about the `Make in India` plan and advanced features.
Published: 11 Jan 2026, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented