ബീജിങ്: ചൈന ഏറെ കൊട്ടിഘോഷിക്കുന്ന സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35ന് അവകാശപ്പെടുന്നതുപോലെ ശേഷിയില്ലെന്ന് വിലയിരുത്തൽ. യുദ്ധമേഖലയിൽ ജെ-35ന് പരമാവധി ഏഴ് മിനിറ്റ് മാത്രമേ തുടരാനാകുവെന്നും അതിനുള്ളിൽ ഇന്ധനം നിറയ്ക്കാനായി തിരികെ പോകേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ. ചൈന സെൻട്രൽ ടെലിവിഷനിൽ (സിസിടിവി) നിന്ന് ചോർന്നുവെന്ന് അവകാശപ്പെടുന്ന വിവരങ്ങളുമായി ദി ചൈന ഒബ്‌സർവർ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 ജനുവരി പകുതിയോടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജെ-35ന്റെ നാവിക പതിപ്പിനാണ് ഈ പ്രശ്‌നമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾക്കും ബാധകമാണോയെന്നു വ്യക്തമല്ല.

To advertise here,

ദി ചൈന ഒബ്‌സർവറിന്റെ റിപ്പോർട്ട് പ്രകാരം വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുരുന്ന ജെ-35ന് വളരെ പെട്ടെന്ന് ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്നാണ് പറയുന്നത്. വിമാനം അതിവേഗത്തിൽ പറക്കാൻ ആഫ്റ്റർ ബർണറുകൾ (afterburners) ഉപയോഗിക്കുകയാണെങ്കിൽ, യുദ്ധമേഖലയിലെ അതിന്റെ സമയം മൂന്ന് മിനിറ്റിൽ താഴെയായി കുറയുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ഇതിന് കാരണമായി പറയുന്നതിൽ പ്രധാനം ജെ-35ന്റെ ഇന്ധന ടാങ്കിന്റെ ശേഷിയാണ്. 8.5 മുതൽ 9 ടൺ വരെ ഇന്ധനം മാത്രമേ ഇതിന് വഹിക്കാനാകൂ. എന്നാൽ, ജെ-35 എന്നത് ഇരട്ട എൻജിൻ യുദ്ധവിമാനമാണ്. അതിനാൽ പ്രവർത്തിക്കാൻ കൂടുതൽ ഇന്ധനം ആവശ്യമായി വരും. ഇതിന് പുറമെ നാവികസേനയുടെ ആവശ്യങ്ങൾക്കായി വരുത്തിയ മാറ്റങ്ങൾ കാരണം ഇതിന്റെ ഭാരം 17-18 ടണ്ണായി വർദ്ധിച്ചു. ഇതും കൂടുതൽ ഇന്ധന ഉപഭോഗത്തിലേക്ക് നയിച്ചു.

യു.എസിന്റെ എഫ്-35 വുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷതയിൽ ചൈനയുടെ ജെ-35 വളരെ പിന്നിലാണെന്നാണ് വിമർശനം. അടുത്തിടെ കമ്മിഷൻ ചെയ്ത ചൈനയുടെ ഫുജിയാൻ എന്ന വിമാനവാഹിനി കപ്പലിൽ ജെ-35ന് പകരം ജെ-20 എന്ന മറ്റൊരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനെയാണ് കാണിച്ചിരിക്കുന്നത്. ജെ-35ൽ ചൈനീസ് സേനയ്ക്കുള്ളിലെ അവിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നാണ് ഉയരുന്ന വാദം. ഏഴ് മിനിറ്റ് പോരാളിയെന്ന പരിഹാസമാണ് ജെ-35നെതിരെ ഉയരുന്നത്.

അതേസമയം, ഈ വാദങ്ങളെ ചൈനീസ് പ്രതിരോധ രംഗത്തെ വിദഗ്ധർ തള്ളിക്കളയുന്നുണ്ട്. ചൈനയുടെ സൈനിക ആധുനികവൽക്കരണത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളുടെ ഭാഗമാണ് ഈ റിപ്പോർട്ടെന്നാണ് ഇവർ വാദിക്കുന്നത്. വിമാനത്തിന്റെ ഇന്ധനക്ഷമത അത് എത്ര ഉയരത്തിൽ പറക്കുന്നു, പറക്കുന്ന രീതി, വേഗത തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വലിപ്പമേറിയതും ദീർഘദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതുമായ ജെ-20 വിമാനവുമായി ജെ-35-നെ താരതമ്യം ചെയ്യുന്നത് തെറ്റായ ധാരണയാണെന്നും ഇവർ വാദിക്കുന്നുണ്ട്. മാത്രമല്ല, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാൽ ഇന്ധനക്ഷമത എന്ന പ്രതിസന്ധി ഉദിക്കുന്നതേയില്ലെന്നാണ് ഇവർ പറയുന്നത്. ജെ-35 വിമാനം വികസിപ്പിക്കുന്ന ഘട്ടത്തിൽ ഇത്തരം വെല്ലുവിളികൾ സ്വാഭാവികമാണെന്നും ഇവർ പറയുന്നു.