ന്യൂയോര്‍ക്ക്: 2022 യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ പുതിയ ചാമ്പ്യനുണ്ടാകുമെന്ന കാര്യമുറപ്പായി. സ്‌പെയിനിന്റെ ലോക നാലാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയും നോര്‍വേയുടെ അഞ്ചാം സീഡ് കാസ്പര്‍ റൂഡും യു.എസ് ഓപ്പണിന്റെ പുരുഷ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. ഇരുവരും ഇതാദ്യമായാണ് യു.എസ്.ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. 

To advertise here,

അല്‍കാരസ് അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കാരസ് വിജയം നേടിയത്. സ്‌കോര്‍: 6-7, 6-3, 6-1, 5-7, 6-3. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളുമായി മുന്നേറിയ ടിയാഫോ മികച്ച പ്രകടനമാണ് ഫൈനലില്‍ പുറത്തെടുത്തത്. എന്നാല്‍ അവസാന സെറ്റില്‍ അവസരത്തിനൊത്തുയര്‍ന്ന അല്‍കാരസ് വിജയം നേടുകയായിരുന്നു. അല്‍കാരസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 

കാസ്പര്‍ റൂഡ് അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ കാരന്‍ ഖച്ചനോവിനെ മറികടന്നാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. നാല് സെറ്റ് നീണ്ട സെമി പോരാട്ടത്തില്‍ റൂഡ് എതിരാളിയ്ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. സ്‌കോര്‍: 7-6, 6-2, 5-7, 6-2. റൂഡിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 2022 ഫ്രഞ്ച് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഇതിഹാസം റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങി. യു.എസ്. ഓപ്പണില്‍ ഇതാദ്യമായാണ് റൂഡ് ഫൈനലിലെത്തുന്നത്. 

തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നാണ് പുരുഷവിഭാഗം ഫൈനല്‍. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് നടക്കും.