ന്യൂയോര്‍ക്ക്: സ്പെയിനിന്റെ 19-കാരന്‍ കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയ യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാമ്പ്യന്‍. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നോര്‍വേയുടെ അഞ്ചാം സീഡ് കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയായിരുന്നു അല്‍കാരസിന്റെ കിരീട നേട്ടം. സ്‌കോര്‍: 6-4, 2-6, 7-6 (7-1), 6-3.

To advertise here,

ഇതോടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ തന്നെ കിരീടം നേടാനും താരത്തിനായി. ഇതോടൊപ്പം എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ അല്‍കാരസ് എടിപി റാങ്കിങ് ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പണ്‍ ഫൈനല്‍ കൂടിയായിരുന്നു ഇത്.

അല്‍കാരസ് അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് വിജയം നേടിയത്. സ്‌കോര്‍: 6-7, 6-3, 6-1, 5-7, 6-3. കാസ്പര്‍ റൂഡ്, അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ കാരന്‍ ഖച്ചനോവിനെ മറികടന്നാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. റൂഡിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2022 ഫ്രഞ്ച് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഇതിഹാസം റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങുകയായിരുന്നു.