കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌പോർട്സ് ട്രെയിനിങ് സെന്റർ (എസ്ടിസി) കൊല്ലം സന്ദർശിച്ച സായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ഡിവിഷൻ) മഞ്ജുശ്രീ ദയാനന്ദ്, 2026 ഓഗസ്റ്റ് 1 മുതൽ 4 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന സ്കൂൾ ജവഹർലാൽ നെഹ്റു (ജെ.എൻ.) ഹോക്കി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലത്തെ അണ്ടർ-17 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോക്കി ടീമുകളെ അനുമോദിച്ചു.

To advertise here,

ചാമ്പ്യൻഷിപ്പിൽ ഇരുടീമുകളും റണ്ണറപ്പ് കിരീടം സ്വന്തമാക്കി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്. താരമായ പരമേശ്വരി ഫൈനൽ മത്സരത്തിലെ മികച്ച താരമായും ടൂർണമെന്റിലെ ടോപ്പ് സ്കോററായും തിരഞ്ഞെടുക്കപ്പെട്ടു. 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പരമേശ്വരിയുടെ മികച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. ടീമുകൾക്ക് കോച്ച് ഐശ്വര്യയാണ് പരിശീലനം നൽകിയത്.

സന്ദർശനത്തിനിടെ മഞ്ജുശ്രീ ദയാനന്ദ് താരങ്ങളുമായി സംവദിക്കുകയും അവരുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു. മികച്ച കായിക നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം അച്ചടക്കവും കായികമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറാൻ അവർ താരങ്ങളെ പ്രോത്സാഹിപ്പിച്ചു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സേവനങ്ങളെയും അവർ അഭിനന്ദിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി കൊല്ലത്തെ സായ് ട്രെയിനിങ് സെന്ററിൽ ലൈംഗികാതിക്രമം തടയൽ നിയമം (POSH), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമം (POCSO) എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സുരക്ഷിതവും മാന്യവും ഉൾക്കൊള്ളുന്നതുമായ കായികാന്തരീക്ഷം ഉറപ്പാക്കുക, കായികതാരങ്ങളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, പരാതികൾ ഉന്നയിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യം.

പരിപാടിയിൽ സായ് എസ്ടിസി കൊല്ലം കബഡി കോച്ച് റാഷ്പാൽ സിംഗ് അധ്യക്ഷത വഹിച്ചു. സായ് എസ്ടിസി കൊല്ലം സെന്റർ ഇൻ-ചാർജും ഡെപ്യൂട്ടി ഡയറക്ടറുമായ ജി. രാംകുമാർ സ്വാഗതപ്രസംഗം നടത്തി.

സാങ്കേതിക സെഷന് മഞ്ജുശ്രീ ദയാനന്ദ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ഡിവിഷൻ), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ആൻസി, സൈക്കോളജിസ്റ്റ്, സായ് റീജിയണൽ സെന്റർ, തിരുവനന്തപുരം, ലിൻസി പി. ലാലു, യങ് പ്രൊഫഷണൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ നേതൃത്വം നൽകി. സുരക്ഷിത കായികാന്തരീക്ഷത്തിന്റെ പ്രാധാന്യം, കായികതാരങ്ങളുടെ സംരക്ഷണം, പരാതികൾ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.

ഡോ. ശരത് ചന്ദ്ര യാദവ്, (റീജ്യണൽ ഡയറക്ടർ, സായ് റീജ്യണൽ സെന്റർ, തിരുവനന്തപുരം) സന്നിഹിതനായിരുന്ന പരിപാടിയിൽ കായികതാരങ്ങളുടെയും പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, കായികമികവിനൊപ്പം സുരക്ഷിതവും ക്ഷേമാധിഷ്ഠിതവുമായ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിൽ സായ് യുടെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറയുകയും ചെയ്തു.