
2016-ല്‍ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനൊരുങ്ങിയ റാഫേല്‍ നദാലിന് ടെന്നീസിലെ ഇതിഹാസ താരം ആന്ദ്രെ അഗാസി ഒരു കത്തെഴുതി. 'എന്റെ കരിയറില്‍ ഒരുപാട് കാലം ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടം വിജയിക്കാന്‍ വേണ്ടി ഞാന്‍ ചെലവഴിച്ചു. എന്നാല്‍ റൊളാണ്ട് ഗാരോസില്‍ പത്താമത്തെ കിരീടത്തിനായി കളിക്കുന്ന താങ്കളെ കാണുമ്പോള്‍ അത് എന്നില്‍ അത്ഭുതവും ആവേശവും ഉളവാക്കുന്നു. നമുക്ക് നേടാന്‍ പറ്റാത്തതായി ഒന്നുമില്ല എന്നും അസാധ്യമായി ഒന്നുമില്ല എന്നും താങ്കളിലൂടെ ഞാന്‍ തിരിച്ചറിയുന്നു.' നദാലിനോടുള്ള ആരാധന മുഴുവന്‍ സ്വന്തം കൈപ്പടയിലെഴുതിയ ആ കത്തിലൂടെ അഗാസി വെളിപ്പെടുത്തി.
ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം അഗാസിയെപ്പോലും ഫാന്‍ ബോയ് ആക്കിയ ആ നദാല്‍ ഒരു ചരിത്രം കൂടി തിരുത്തിയിരിക്കുന്നു. സിംഗിള്‍സില്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിനൊപ്പം ഇനി റാഫേല്‍ നദാല്‍ എന്ന പേര് മാത്രം! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം മെദ്‌വെദേവിന്റെ വെല്ലുവിളി മറികടന്ന് നദാല്‍ കിരീടമുയര്‍ത്തിയപ്പോള്‍ മുന്‍നിര താരങ്ങളായ റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചുമെല്ലാം പിന്നിലേക്ക് വഴിമാറി. അതു മാത്രമല്ല, 35-ാം വയസ്സിലും അഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന ഫൈനല്‍ നദാല്‍ അതിജീവിച്ചു എന്നതും ശ്രദ്ധേയമാണ്.
സ്പാനിഷ് ദ്വീപായ മയോര്‍ക്കയിലെ മാനക്കറില്‍ ജനിച്ച നദാലിന്റെ കരുത്തും പിന്തുണയുമെല്ലാം കുടുംബമാണ്. വ്യവസായിയായ അച്ഛന്‍ സെബാസ്റ്റ്യന്‍ നദാലും വീട്ടമ്മയായ അമ്മ അന മരിയ പെരേരേയും സഹോദരി മാരിബെല്ലും എന്നും എപ്പോഴും കൂടെയുണ്ട്. അച്ഛന്റെ അനുജന്‍മാരായ പ്രശസ്ത ഫുട്ബോള്‍ താരം മിഗ്വലും ടെന്നീസ് കോച്ചായ ടോണി നദാലും സ്പാനിഷ് താരത്തിന്റെ വളര്‍ച്ചക്കുള്ള വെള്ളവും വളവും നല്‍കി. ചെറുപ്പത്തില്‍ ഫുട്‌ബോളും ടെന്നീസും ഒരുപോലെ ഇഷ്ടപ്പെട്ടു കളിച്ച നദാല്‍ പിന്നീട് കോര്‍ട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 12-ാം വയസ്സില്‍ സ്പാനിഷ്, യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയ താരം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറി.
2005-ല്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടി ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് സ്വന്തമാക്കിയ സ്പാനിഷ് താരം പിന്നീട് കളിമണ്‍കോര്‍ട്ടിലെ രാജാവാകുന്ന കാഴ്ച്ചയാണ് കണ്ടത്. തൊട്ടടുത്ത മൂന്നു വര്‍ഷവും റോളണ്ട് ഗാരോസ് സ്പാനിഷുകാരനെ കൈവിട്ടില്ല. 2008-ല്‍ വിംബിള്‍ഡണും താരത്തിന്റെ ഷെല്‍ഫിലെത്തി. എന്നാല്‍ 2009-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തിന് പിന്നാലെ എല്ലാം പിഴച്ചു. മുപ്പതു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അച്ഛനും അമ്മയും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത 23-കാരനെ കീഴ്‌പ്പെടുത്തി. എതിരാളികളുടെ സെര്‍വുകളേക്കാള്‍ ശക്തിയുണ്ടായിരുന്നു ആ വാര്‍ത്തയ്ക്ക്. അത് ആ ഫ്രഞ്ച് ഓപ്പണിലും നിഴലിച്ചു. നാലാം റൗണ്ടില്‍ റോബിന്‍ സോഡര്‍ലിങിനു മുന്നില്‍ ആ യാത്ര അവസാനിച്ചു.
തന്റെ വ്യക്തി ജീവിതത്തിലെ ദു:ഖത്തെ മറികടന്ന ശക്തമായി തിരിച്ചു വന്ന നദാലിനെയാണ് പിന്നീട് ടെന്നീസ് ലോകം കണ്ടത്. 2010-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണൊഴികെയുള്ള മൂന്നു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി. പിന്നീട് തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി. 2013-ല്‍ യു.എസ് ഓപ്പണും നേടി. എന്നാല്‍ 2015-ല്‍ നദാല്‍ പെട്ടെന്ന് ഒന്നുമില്ലാത്തവനായി മാറി. 2015-ലെ ഫ്രഞ്ച് ഓപ്പണിനെത്തുമ്പോള്‍ തുടര്‍ച്ചയായ പരിക്കും മങ്ങിയ ഫോമും താരത്തെ തളര്‍ത്തിയിരുന്നു. മിന്നുന്ന ഫോമില്‍ കളിച്ചിരുന്ന നൊവാക് ജോക്കോവിച്ചാകട്ടെ ഒരു കംപ്ലീറ്റ് പ്ലെയര്‍ എന്ന നിലയിലേക്ക് വളരുകയും ചെയ്തിരുന്നു. അന്ന് ജോക്കോയ്ക്കു മുന്നില്‍ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ നിന്ന നദാല്‍ ടെന്നീസിലെ മാത്രമല്ല കായിക ലോകത്തെ തന്നെ സങ്കടകാഴ്ചകളിലൊന്നായിരുന്നു. 2016-ല്‍ കൈക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്ന് വേദന തിന്നേണ്ടി വന്നു. ഇതോടെ നദാലിന്റെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകളും അന്നുണ്ടായി.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. 2017-ലെ ഫ്രഞ്ച് ഓപ്പണും യു.എസ്.ഓപ്പണും നേടുകയും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തില്‍ ഫെഡററോട് പൊരുതി തോല്‍ക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്‌പെയ്‌നിലെത്തിച്ചു. 2019-ല്‍ യുഎസ് ഓപ്പണും സ്വന്തമാക്കി. ഇപ്പോഴിതാ, 2022-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും മെല്‍ബണ്‍ പാര്‍ക്കില്‍ ആകാശത്തേക്കുയര്‍ത്തിയിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും എക്കാലത്തേയും മികച്ച ടെന്നീസ് താരം എന്ന ചോദ്യം വന്നാല്‍ ഫെഡററും ജോക്കോയും നദാലിനൊപ്പം ഇപ്പോഴും മത്സരിക്കാനുണ്ടാകും. 21 കിരീടങ്ങളില്‍ 13 എണ്ണവും കളിമണ്‍ കോര്‍ട്ടിലാണ് എന്നതാണ് നദാലിന്റെ ചരിത്രനേട്ടത്തിന്റെ തിളക്കം കുറയ്ക്കുന്നത്. പക്ഷേ ആധുനിക ടെന്നീസില്‍ ഒരു പോരാളിയുണ്ടെങ്കില്‍ അത് നദാല്‍ മാത്രമായിരിക്കും. ജീവിതത്തിലെ പരീക്ഷണങ്ങളേയും പരിക്കിനേയും തന്റെ ബാക്ക്ഹാന്‍ഡ് ഷോട്ടിലൂടെ കോര്‍ട്ടിന് പുറത്തെത്തിച്ച റാഫ!
Content Highlights: Rafael Nadal 21 Grandslam titles life story
Published: 30 Jan 2022, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented