പുണെ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുംമുന്‍പ് താരത്തെ ട്രോളി പുണെ പോലീസ്. 

To advertise here,

വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഒടുവില്‍ നിരാശയോടെ ജോക്കോവിച്ച് നാട്ടിലേക്ക് മടങ്ങി. ജോക്കോവിച്ചിന്റെ അഭാവത്തില്‍ സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.  

നദാലിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിക്കാന്‍ ജോക്കോവിച്ച് മറന്നില്ല. ട്വീറ്ററിലൂടെ ജോക്കോവിച്ച് നദാലിന് അഭിനന്ദനവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പുണെ പോലീസ് ജോക്കോവിച്ചിനെ ട്രോളിയത്. 'ആദ്യം കോവിഡ് വാക്‌സിനെടുക്കൂ വാക്‌സിനില്ലെങ്കില്‍ ട്രോഫിയില്ല' എന്നാണ് പുണെ പോലീസ് ട്വീറ്ററില്‍ കുറിച്ചത്. 

പുണെ പോലീസിന്റെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. നിരവധി ആരാധകരാണ് പുണെ പോലീസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട താരമാണ് ജോക്കോവിച്ച്. കിരീടം നേടിയിരുന്നെങ്കില്‍ നദാല്‍ ഇപ്പോള്‍ നേടിയ 21 ഗ്രാന്‍ഡ്സ്ലാം എന്ന ചരിത്രനേട്ടം ജോക്കോവിച്ചിന് സ്വന്തമാകുമായിരുന്നു. 

Content Highlights: Pune Police's cheeky tweet about Djokovic encouraging citizens to get vaccinated goes viral