ദോഹ: ഖത്തർ ഗ്രാൻപ്രീ യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെഴ്‌സിഡീസിന്റെ ജോർജ് റസ്സലിന് പോൾ പൊസിഷൻ. ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന മത്സരത്തിൽ ഏറ്റവും വേഗമേറിയ ലാപ്പ് സമയം കുറിച്ചാണ് ബ്രിട്ടീഷ് ഡ്രൈവറായ റസ്സൽ ഒന്നാമതെത്തിയത്.

To advertise here,

കഴിഞ്ഞ ആഴ്ച നടന്ന ലാസ് വെഗാസ് ഗ്രാൻപ്രീ മത്സരത്തിനിടെ വാളിലിടിച്ച് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട 28-കാരനായ റസ്സലിന് ഈ വിജയം വലിയ തിരിച്ചുവരവായി. റസ്സലിന്റെ കരിയറിലെ 13-ാം പോൾ പൊസിഷനാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ അസർബൈജാനിൽ നടന്ന മത്സരത്തിന് ശേഷം സീസണിൽ റസ്സൽ നേടുന്ന ആദ്യ പോൾ പൊസിഷൻ കൂടിയാണിത്. ഈ സീസണിൽ താരത്തിന്റെ ആറാമത്തെ പോൾ പൊസിഷനും. യോഗ്യതാ മത്സരത്തിന്റെ മൂന്ന് ഘട്ടങ്ങളിലും റസ്സൽ തന്നെയായിരുന്നു ഏറ്റവും വേഗമേറിയ ഡ്രൈവർ.

മെഴ്‌സിഡീസിലെ സഹതാരവും ലോക ചാമ്പ്യനുമായ ഇറ്റലിയുടെ കിമി ആന്റൊണെല്ലി രണ്ടാമതെത്തിയതോടെ മെഴ്‌സിഡീസ്, ഗ്രിഡിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഉറപ്പിച്ചു. ഒരു മിനിറ്റ് 21.695 സെക്കൻഡിലാണ് റസ്സൽ ലാപ്പ് പൂർത്തിയാക്കിയത്. ആന്റൊണെല്ലിയേക്കാൾ 0.128 സെക്കൻഡ് വേഗതയിലായിരുന്നു ഇത്. കഴിഞ്ഞ സീസണിലെ ചാമ്പ്യനായ മക്‌ലാരന്റെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം നേടി.

റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓസ്‌കർ പിയാസ്ട്രി, സഹതാരം ഇസാക് ഹാജർ എന്നിവർക്ക് പിന്നിലായാണ് വെസ്റ്റാപ്പൻ എത്തിയത്. ഫെരാരി താരങ്ങളായ ചാൾസ് ലെക്ലെയർ ഏഴാം സ്ഥാനത്തും ലൂയിസ് ഹാമിൽട്ടൺ ഒമ്പതാം സ്ഥാനത്തും ഫിനിഷ് ചെയ്തു.