പാരീസ്: വെറ്ററന്‍ താരം മരിന്‍ സിലിച്ചും എട്ടാം സീഡ് കാസ്പര്‍ റൂഡും ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍. ക്രൊയേഷ്യന്‍ താരമായ സിലിച്ച് ഏഴാം സീഡായ റഷ്യയുടെ ആന്ദ്രെ റുബലേവിനെ
അട്ടിമറിച്ചപ്പോള്‍ എട്ടാം സീഡായ നോര്‍വീജിയയുടെ കാസ്പര്‍ റൂഡ് ഡാനിഷ് താരം ഹോള്‍ഗര്‍ റൂണിനെ കീഴടക്കി. 

To advertise here,

2014-ലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ സിലിച്ച് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിലിച്ച് റുബലേവിനെ കീഴടക്കിയത്. സ്‌കോര്‍: 5-7, 6-3, 6-4, 3-6, 7-6. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തുടര്‍ച്ചയായി രണ്ട് സെറ്റ് നേടിക്കൊണ്ട് സിലിച്ച് തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റില്‍ പിടിമുറുക്കി റുബലേവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. 

അഞ്ചാം സെറ്റില്‍ ഇരുവരും 6-6 എന്ന സ്‌കോറില്‍ ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ 10-2 ന് വിജയിച്ച് സിലിച്ച് കരിയറിലാദ്യമായി ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. ഇതിനുമുന്‍പ് അഞ്ച് തവണ സിലിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

നാലാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അട്ടിമറിച്ചുകൊണ്ട് ക്വാര്‍ട്ടറിലെത്തിയ 40-ാം റാങ്കിലുള്ള റൂണിന് ആ മികവ് ക്വാര്‍ട്ടറില്‍ പുറത്തെടുക്കാനായില്ല. മത്സരത്തില്‍ കാസ്പര്‍ റൂഡ് മികച്ച പ്രകടനം പുറത്തെടുത്തു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ റൂഡ് വിജയം നേടി. സ്‌കോര്‍: 6-1, 4-6, 7-6, 6-3. റൂഡിന്റെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്.

ഇതോടെ പുരുഷവിഭാഗം സെമിഫൈനല്‍ ലൈനപ്പായി. ജൂണ്‍ മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ സിലിച്ച് റൂഡിനെ നേരിടും. രണ്ടാം സെമിയില്‍ 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഇതിഹാസതാരം റാഫേല്‍ നദാല്‍ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും.