ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടി ഇന്ത്യയുടെ അഭിമാന കായിക താരമായി മാറിയ വ്യക്തിയാണ് ഹരിയാണയില്‍നിന്നുള്ള മനു ഭാക്കര്‍. ഒരു ഒളിമ്പിക്‌സില്‍ ഇരട്ട വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കായികതാരങ്ങളില്‍ ഒരാളായി മാറിയിരിക്കുന്നു താരം. എന്നാല്‍ ഇക്കാണുന്ന താരപദവിയിലെത്തിയതിന് പിന്നില്‍ മനുവിന്റെ കഠിനമായ പ്രയത്‌നമുണ്ട്. 

To advertise here,

മനു ഭാക്കര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഷൂട്ടിങ് താരമെന്ന നിലയിലുള്ള സ്‌കൂള്‍ കാലത്തെ ചിത്രവും, പാരീസിലെ ഇരട്ട മെഡല്‍ പിടിച്ചുനില്‍ക്കുന്ന ചിത്രവുമാണ് മനു പങ്കുവെച്ചത്. 'എങ്ങനെയാണ് തുടങ്ങിയത്, ഇപ്പോള്‍ എങ്ങനെ പോകുന്നു, അവയ്ക്കിടയിലുള്ള എല്ലാത്തിനും നന്ദി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. 

പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകളാണ് മനു നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമാണ്.