കോലാലംപുര്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുരുഷ താരങ്ങളുടെ ഏറ്റവും പുതിയ ലോകറാങ്കിങ് പട്ടികയില്‍ ശ്രീകാന്ത് പത്താം സ്ഥാനത്തെത്തി. 

To advertise here,

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ശ്രീകാന്ത് ആദ്യ പത്തിലെത്തിയത്. 69158 പോയന്റാണ് താരത്തിനുള്ളത്. 116779 പോയന്റുമായി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെന്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജപ്പാന്റെ കെന്റോ മൊമോട്ട രണ്ടാമതും ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്റണ്‍സെന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീതിനെ മറികടന്നാണ് ലക്ഷ്യ മുന്നില്‍ കയറിയത്. സായ് പ്രണീത് 18-ാം സ്ഥാനത്താണ്. 

വനിതകളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഏഴാം സ്ഥാനത്ത് തുടരുന്നു. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് ഒന്നാമത്. ജപ്പാന്റെ അകാനെ യമഗുച്ചി രണ്ടാമതും ചൈനയുടെ ചെന്‍ യു ഫെയ് മൂന്നാം റാങ്കിലും നില്‍ക്കുന്നു. 

Content Highlights: Kidambi Srikanth re-enters top-10, Lakshya Sen moves to 17 in BWF Rankings