തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കേ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്റുകളുമായി അവര്‍ ബഹുദൂരം മുന്നിലാണ്. സ്‌കൂള്‍ മേളയുടെ ചരിത്രത്തിലെ വന്‍ കുതിപ്പുമായി 110 പോയിന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത് ജില്ലയ്ക്ക് ആവേശമായി.

To advertise here,

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായിരുന്ന എറണാകുളം (58 പോയിന്റ്) ആറാം സ്ഥാനത്തേക്ക് പോയി. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത് (73). കോട്ടയം (68), തൃശ്ശൂര്‍ (65) എന്നീ ജില്ലകള്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.

മലപ്പുറത്തിന് കുതിപ്പിന് ചിറകേകിയ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശേരി സ്‌കൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 53 പോയിന്റുകള്‍. 41 പോയിന്റ് നേടിയ കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ് രണ്ടാമത്. കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ്, കോതമംഗലം മാര്‍ ബേസില്‍ എന്നിവ 31 പോയിന്റുകളുമായി മൂന്നാമതാണ്.

മൂന്നാംദിനം രണ്ട് റെക്കോഡുകള്‍കൂടി പിറന്നു. ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് കുട്ടമത്ത് സ്‌കൂളിലെ കെ.സി.സര്‍വന്‍ (50.09 മീറ്റര്‍), സീനിയര്‍ ജാവലിന്‍ ത്രോയില്‍ മലപ്പുറം ഐഡിയല്‍ സ്‌കൂളിന്റെ ഐശ്വര്യ സുരേഷ് (38.16) എന്നിവരാണ് റെക്കോഡ് സ്വന്തമാക്കിയത്. മീറ്റിലെ അവസാനദിനമായ ചൊവ്വാഴ്ച 24 ഇനങ്ങളില്‍ കൂടി വിജയികളെ തീരുമാനിക്കും.